വീൺവാക്ക്


വാക്കുവാസനിച്ചീടുവാൻ തക്കതായ്,
വാസനതൈലമല്ലെന്റെ പാനകം.
കൂർത്തചിന്തകൾ ചിന്തേരുതീർത്തിട്ടു
പ്രാർത്ഥനയ്ക്കായ് വിരിഞ്ഞതുമല്ലവ.

കാരിരുമ്പുപോൽ കാഠിന്യമേറിയ
കാരണങ്ങളിൽ വെന്തുപുളഞ്ഞതിൻ
കാര്യമാകാമൊരിക്കലുമായവ
സ്നേഹഭാഷണത്തിന്നുമനർത്ഥമായ്.

നൽഗതിക്കു പിറക്കുവാൻ വാവിട്ട്
ചില്ലുകൂട്ടിപ്പറഞ്ഞവീൺവാക്കുകൾ
ഒന്നുപാഞ്ഞതുപിന്നെത്തിരിഞ്ഞെന്നെ
കൊന്നുവീഴ്ത്തുവാനായി ഫണംകാട്ടേ
ചുണ്ടടർത്തിപ്പുലമ്പിയതൊക്കെയും
വൻവിഷക്കാറ്റുതീർത്തതറിഞ്ഞു ഞാൻ..
ചുണ്ടടയ്ക്കണം നാവിൻ തടങ്കലാം
ദന്തവൻമതിൽ കെട്ടിലൊതുക്കണം
ഭൂവിണ്ഡലം കെട്ടടങ്ങും വിഷജ്വര
വാക്കുകൾ പുറന്തള്ളാതിരിക്കുവാൻ.
.....#ശ്രീ....




Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം