വർഷചക്രം
'കർക്കിടക'രാവുകളിൽ മരക്കൂട്ടം മുടിയഴിച്ചുലയണം. 'ചിങ്ങ'നിലാവിൽ കദളിവാഴത്തടങ്ങളിൽ നിഴലുകൾ നിലാവിനൊത്തു കളംവരച്ചാടണം. കറുകവിളയുന്ന വരമ്പുകളിൽ 'കന്നി'കൊയ്ത്താടണം. 'തുലാ'മഴയിൽ കരകവിഞ്ഞൊഴുകണം നീ. 'വൃശ്ചിക'ക്കുളിരിൽ തിരുനെറ്റിഭസ്മം ചൂടണം, ഉടലാകെയൊരു ചൂട്, 'ധനു'ത്തിരുവാതിരയാടി വിയർപ്പാറ്റുന്ന തണുത്തരാവിൽ. മാമ്പൂമണമുയരണം 'മകര'മഞ്ഞിനൊപ്പമരികിൽ. തീചെമ്പകം കുറിക്കണംകാവിൽ 'കുംഭ'മാസക്കുരുതികൾ. നിറതെയ്യങ്ങളാടണം 'മീന'സന്ധ്യാതടങ്ങളിൽ.. 'മേട'രാശിക്കുതിർക്കണം രാക്കുയിൽപ്പാട്ടിടയ്ക്കിടെ, ഇടയിലിടവേളയില്ലാതെ പെയ്യണം 'ഇടവ'മാസപ്പെരുമഴ.. ഇവിടെയെത്തുകെൻ പൂമുഖം അതിവിശാലമാണോമനേ വരികചേർന്നൊന്നിരിക്കുക 'മിഥുന'മാണിനി മാസവും. sree.