story - turtle and rabbit
മുയലും ആമയും
```````````````````````````
ജയിച്ചവന്റെ പേര് ആദ്യം ചേര്‍ത്ത് കഥ പറയുന്ന ഈസോപ്പിനെ മാറ്റിനിർത്തി കഥ നോക്കാം..
ആമയും മുയലും എന്നത് ആദ്യമേ മുയലും ആമയുമെന്നാക്കാം അല്ലെങ്കിലും ജയപരാജയങ്ങളെക്കാൽ ശക്തിക്കും സമ്പത്തിനും സ്ഥാനമാനങ്ങൾക്കുമാണല്ലോ പ്രാധാന്യം. സത്യത്തിനും ന്യായത്തിനുമൊക്കെ മുകളിൽ കരുത്തു കൂടിയവന്റെ മഹിതമാണ് സ്തുതി പാഠകർക്ക് പാടാനുളളത്.. വംശനാശം വന്ന പുള്ളുവന്റെ വീണക്കുടുക്ക സ്വിച്ചിട്ടാൽ പാടുന്ന വിദൂഷകനായി. ഉളളിലിരിക്കുന്ന പാണന് പാടാനുളള വരികൾ പഞ്ചനക്ഷത്ര പുംഗവന്മാർ അടിവരയിട്ടെഴുതി നൽകിയിരിക്കുന്നു. അല്ലെങ്കിലും കണ്ണിനാൽ കണ്ടതും കാതാലെ കേട്ടതും മാത്രം പാടിനടക്കാറുളള പാണന്റെ ഓർമ്മ ഞരമ്പുകളിൽ പണ്ടേ അൽഷിമെഴ്സ് പിടിപെട്ടിരിക്കുന്നു.
" സ്വാഗതം ഒരു ആമയും മുയലും ഓടാനൊരുങ്ങി നിൽക്കുന്ന പ്രസിദ്ധമായ സ്റ്റേഡിയത്തിലേക്കാണ് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഭൂലോകാരംഭം മുതല്‍ കേട്ടു പഴകിയ ഒരു ഓട്ടപ്പന്തയ കഥയുടെ പൊരുളറിയാനുളള ഈ മനോഹര മത്സരത്തിന്റെ നേരിട്ടുളള സംപ്രേഷണത്തിനൊപ്പം ഈ പരിപാടിയെക്കുറിച്ചുളള ചർച്ചയ്ക് നമ്മോടൊപ്പം ചേരുന്നത്............ "
നവയുഗ പാണന് കൂട്ടിന് നാട്ടില്‍ കിട്ടാവുന്ന ഏറ്റവും മികച്ച മൂന്ന് വിഡ്ഢ്യാസുരന്മാരെത്തന്നെ അണിയറക്കാൽ വിവിധ സ്റ്റുഡിയോകളിൽ നിരത്തിയിരിക്കുന്നു. ഇനി പൂരപ്പാട്ട് തുടങ്ങുകയേ വേണ്ടൂ.
മത്സരത്തിന് മുന്പേ തന്നെ മുയല്‍ വിജയീഭാവം കൈകൊണ്ടിരുന്നു. കുഞ്ഞുരോമങ്ങളുടെ ലോലമായ അഗ്രഭാഗം സ്വർണ്ണ വർണ്ണം തേച്ച് ഇരു കർണ്ണങ്ങൾ നിറയെ സുഷിരമിട്ട് പലവിധ അലങ്കാരം ചെയ്തിട്ടുണ്ട്.. മൂക്കിന് കീഴെയുളള നീണ്ട എട്ട് മീശരോമങ്ങളെയും വടിച്ചെടുത്ത് താടിക്കുതാഴെ ഒട്ടിച്ചു ചേർത്തിരിക്കുന്നു.. വെളുത്തു സുന്ദരമായ വാലിൽ പതിനേഴ് വർണ്ണങ്ങളാലും ടാറ്റൂ ചെയ്തിട്ടുണ്ട്. ക്യാമറകണ്ണുകൾ ആ വർണ്ണങ്ങൾക്കിടയിലെ ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യങ്ങളെ നക്കിയെടുത്ത് പാണക്കുടുക്കകളിലൂടെ പ്രദർശിപ്പിച്ചുകൊണ്ടിരുന്നു..
തൂങ്ങികിടന്ന എട്ടുമുടിചേർത്ത ഊശാൻ താടിയിലൂടെ ഒലിച്ചിറങ്ങിയ മുയലിന്റെ തുപ്പലിന്റെയും മുന്തിയ കോളയുടെയും തുളളികൾ 'മന്ദഗതി'യിൽ കാണിച്ചുകൊണ്ട് പുതിയ "പാണക്കുടുക്ക"കമ്പനി തങ്ങളുടെ ഡിജിറ്റല്‍ വരവറിയിച്ചുകൊണ്ടിരിക്കുന്നു.
"മത്സരം ഏത് നിമിഷവും ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് സ്റ്റേഡിയം. അതി നൂതനമായ ക്യാമറ കണ്ണുകളുമായി സ്റ്റേഡിയത്തിന് മുകളില്‍ പത്തിലധികം ഡ്രോണുകൾ വൃത്തം വരച്ച് പറക്കാന്‍ തുടങ്ങി കഴിഞ്ഞു... ഈ മത്സരത്തിന്റെ യുക്തിയെക്കുറിച്ച് സംസാരിക്കുവാൻ പ്രശസ്ത പരിശീലകനും പണ്ടെങ്ങാണ്ടോ പഞ്ചായത്ത് തലത്തിൽ വെങ്കലമെഡൽ നേടിയ കുഞ്ഞുണ്ണി ഇപ്പോള്‍ നമ്മുടെ മേലെക്കടവ് സ്റ്റുഡിയോയിലുണ്ട്.. ഇനി മേലേക്കടവ് സ്റ്റുഡിയോയിലേക്ക്.... "
അഭിനവ പാണൻ ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി തുപ്പലിറക്കി.. അപ്പോള്‍ പാണക്കുടുക്കയിൽ മേലെക്കടവിലെ കുഞ്ഞുണ്ണിയുടെ ശിക്കാരി ശംഭുവിനേപ്പോലുളള മീശ തെളിഞ്ഞു... തലേന്ന് നൂറു വട്ടം ഇമ്പോസിഷനെഴുതിപ്പടിച്ച കോതപ്പാട്ട് ആരംഭിച്ചപ്പോഴേക്കും... " ക്ഷമിക്കണം ഇരിടവേളയ്ക് ശേഷം നമുക്ക് ശ്രീ. കുഞ്ഞുണ്ണിയിലേക്ക് വരാം..." പാണൻ പറഞ്ഞുതീരുന്നതിന് മുന്നേ തന്നെ ആറുരൂപ അമ്പത് പൈസാക്ക് കിട്ടുന്ന കറിയുപ്പിന് അറുന്നൂറ് കോടി രൂപയ്ക് തയ്യാറാക്കിയ വർണ്ണവിസ്മയ താരപരസ്യം പാണക്കുടുക്കയിൽ നിറഞ്ഞു തുളുമ്പി.....
ഫ്ലഡ് ലൈറ്റുകളുടെ താപം തന്റെ പുറന്തോടിനെ ഉരുക്കികളയുമോയെന്ന് ആമ ഭയന്നു. ആഭിജാത്യ രാഹിത്യം തന്നെ അടിമുടി ഇല്ലാതാക്കുന്നുവെന്ന് തോന്നിയ ആമ തന്റെ തലയും കൈകാലുകളും തോടിനുളളിലേക്ക് വലിച്ചു.... കുണ്ടു കുഴിയിലെ ചെളിയില്‍ കുത്തിതിരഞ്ഞു നടക്കുമ്പോഴായിരുന്നു അയാള്‍, ആ കുറുനരി വന്നത്, ആമ ഓർമ്മിക്കാൻ ശ്രമിച്ചു. ഇത്ര നിസ്സാര ജീവിയായ തന്നെ ഇത്രയും നല്ല വാക്കുകള്‍ കൊണ്ട് അതുവരെ ആരും തന്നെ അഭിസംബോധന ചെയ്തിട്ടില്ലായിരുന്നു. അവന്റെ വാക്കുകള്‍ അത്രയും ആകർഷകം തന്നെയാണ്.. തന്റെ പ്രപിതാവ് പണ്ട് മുയലിനെ തോൽപിച്ച കഥ അവന്റെ നാവില്‍ നിന്നും എത്ര പുളകത്തോടെയാണ് കേട്ടിരുന്നത്.. പ്രതിസന്ധികളെ തരണം ചെയ്യുന്നവനാണ് ലോക വിജയിയെന്നവനാണ് പഠിപ്പിച്ചത്. അവന്റെ ശബ്ദമാരിയിൽ ഉളളിലെ ജന്തു സഹജമായ ആശകൾ പുറത്തു വന്നു. അല്ലെങ്കിൽ അവന്‍ തുറന്ന സാദ്ധ്യതകളുടെ വാതായനത്തിലുടെ സഞ്ചരിക്കാൻ തന്നെ തീരമാനിച്ചു. വേണ്ടിയിരുന്നില്ല .. പക്ഷെ മുയലിനെ തോല്പിച്ചതിനെക്കാൾ പ്രചോദനമായത് അവൻ പറഞ്ഞ കൂർമ്മാവതാര കഥ തന്നെയാണ്. കേവലനായ തന്റെ ആദ്യാവതാരം അവനിയെ രക്ഷിച്ചുപോൽ..! പക്ഷെ ഈ ശബ്ദ വർണ്ണ വിസ്മയങ്ങൾ തന്റെ കുഞ്ഞു ചിന്താമണ്ഠലങ്ങളുടെ സീമകൾക്കൊരുപാട് അകലെയാണ്. വേണ്ടിയിരുന്നില്ല, പുറത്തേയ്കുളള കവാടവും ഓടിയെത്തേണ്ട ഭാഗത്ത് തന്നെയാണ്.... ഇന്നലെ എത്രവട്ടം ട്രയല്‍ ചെയ്തതാണ്. ഒരുവട്ടം പോലും തനിക്ക് കൃത്യമായി ഓടിയെത്താനായില്ല... പ്രപിതാവിന്റെ കഥയുടെ വിശ്വസനീയത ആമയുടെ മുന്നില്‍ ചോദ്യ ചിഹ്നം പോലെ തെളിഞ്ഞു..
" ഈ മത്സരത്തിന്റെ സംഘാടക കമ്മിറ്റി ചെയർമാൻ ശ്രീ.നരിമാടശർമ്മ കോഴികേറാമട സ്റ്റുഡിയോയിൽ നമ്മോടൊപ്പമുണ്ട് ഈ മത്സരം സംഘടിപ്പിക്കാനുണ്ടായ ചോതോവികാരം നമുക്ക് അദ്ദേഹത്തിനോട് ചോദിക്കാം... തുപ്പലു വിഴുങ്ങി പാണൻ വീണ്ടും പ്രത്യക്ഷനായി.."
ർർർർർർ......ശ്ശ്ശ്ശ്ശ്ശ് .....
ചില ചീറ്റലുകൾക്ക് ശേഷം കോളകുടിച്ച് വാ ചിറിതുടയ്കാത്ത നരിമാടന്റെ കോളമ്പി വായ തുറക്കപ്പെട്ടു... ഒരു മത്സര സംഘാടനത്തിനത്യാവശ്യം മത്സരാർത്ഥികളാണെന്നും അവരെ സംഘടിപ്പിക്കാനുണ്ടായ വൈഷമ്യങ്ങളെ പറ്റിയും ആമയെ മത്സര വേദിയിലേക്കെത്തിക്കാനുണ്ടായ ബുദ്ധിമുട്ടുകളെ പറ്റിയുമൊക്കെ പറയാനാഞ്ഞ ശർമ്മയിൽ നിന്നും ഒരു കൊമേർഴ്സ്യൽ ബ്രേക്കിനായ മൈക്ക് കവർന്നെടുത്തു പാണൻ.! വീണ്ടും മുന്നിലെ ക്യാമറ തെളിയുമ്പോൾ പറയാമെന്നാശിച്ചു ശ്രീമാന്‍ നരിമാടശർമ്മ ബാക്കിവന്ന കോളയും കൂടി നക്കികുടിച്ചു.
പിന്നെ ഒരുമിനിട്ടിൽ പുഴുങ്ങി തിന്നാനാകുന്ന പുതിയ എബോളയുടെ പരസ്യംപബ്ലിക് കണ്ടിരുന്നു.
" പ്രയാസമുണ്ട്.... ഒരു നിസ്സാരജീവിയോടെതിരിടുന്നതിനേക്കാൾ പ്രധാനം ഈ മത്സരത്തിന്റെ സമകാലിക പ്രസക്തിയാണ്. ഞാന്‍ തികച്ചും ജീവകാരുണ്യപ്രവർത്തനത്തിനായാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.. അതായത് ഈ മത്സരത്തിന്റെ സാറ്റലൈറ്റ് സംപ്രേഷണത്തിന്റെ പേറ്റന്റ് വരുമാനത്തിൽ നിന്നും 0.000001 ശതമാനവും ഇന്ന് തന്നെ ഇവിടുത്തെ പ്രമുഖ മൽട്ടിലെവൽ മാർക്കറ്റിംഗ് കമ്പനിയിൽ നിക്ഷേപിക്കും അടുത്ത മുപ്പതു വര്‍ഷം കഴിയുമ്പോൾ ആ തുകയുടെ ലാഭവിഹിതം കൊണ്ട് ഇവിടുത്തെ തേയിത്തോട്ടങ്ങാൽ ദുരന്തബാധിതരായ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കും. അതിനാല്‍ മാത്രമാണ് ഞാനീ മത്സരത്തിൽ പങ്കെടുക്കുന്നത്..." മുയല്‍ അഭിമാനപൂർവ്വം പറഞ്ഞുനിർത്തി, ഒപ്പം തലേന്ന് പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് പ്രമുഖ കമ്പനിയുടെ തേയില പരസ്യത്തിന്റെ കരാര്‍ ഒപ്പിട്ട വകയിൽ സ്വന്തം അക്കൗണ്ടിലേക്ക് വന്നു ചേർന്ന തുകയുടെ പൂജ്യങ്ങളുടെ എണ്ണത്തെക്കുറിച്ചോർത്ത് ദീർഘനിശ്വാസം ചെയ്തു..
അപ്പോഴേക്കും ഹെലികോപ്ടറിൽ ഇരുന്നു ചായ കുടിച്ചാൽ രുചികൂടുമെന്ന മഹത് കണ്ടുപിടിത്തത്തിന്റെ പരസ്യാവതരണം പാണക്കുടുക്കയിൽ നിറഞ്ഞാടാൻ തുടങ്ങി....
" ഏതാനും ഏതാനും നിമിഷങ്ങൾ മാത്രം... നമ്മുടെ ആകാംക്ഷയ്ക് വിരാമമിട്ടുകൊണ്ട് മത്സരമാരംഭിക്കുന്നതാണ്. അതിന് മുന്പ് ക്യാമറ വീണ്ടും കോഴികേറാമട സ്റ്റുഡിയോയിലേക്ക്"...
" തീർച്ചയായും ഈ മത്സരം അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു... പ്രപിതാവിന്റെ പാരമ്പര്യം കാലാകാലങ്ങളിൽ നിലിർത്തേണ്ടതിന്റെ ആവശ്യകത ആമയെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു... അക്കാര്യം ബോധ്യപ്പെട്ട ശേഷം മാത്രമാണ് ആമ ഈ മത്സരത്തിന്റെ കരാര്‍ ഒപ്പിട്ടത്..... നരിമാടശർമ്മ പറഞ്ഞുനിർത്തിയനേരം ആമയെ യുക്തിയില്ലാത്ത ഈ മത്സരത്തിലേക്ക് വലിച്ചിഴച്ച് കരാറൊപ്പിട്ട രാത്രിതന്നെ ഈ ലോകത്തിലെ കടുക് മുതല്‍ സാറ്റലൈറ്റ് വരെ വിപണനം ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനിയുമായി ദശലക്ഷം കോടി ഡോളറുകൾക്ക് കരാറുകളായിരം മുദ്ര വച്ച കഥയോർത്ത് ശർമ്മ പുഞ്ചിരിച്ചു.....
............................................................
പരസ്യ മാമാങ്കങ്ങളുടെ സമയക്രമവും പൂരപ്പാട്ടുകളും പാണപ്പാട്ടുകൾക്കുമിടയിൽ അസ്തിത്വം പണയമായവനും പുറം പച്ചപ്പുകളുടെ പൊളളത്തരവും തമ്മിലുളള മത്സരത്തിന് ആരംഭ വെടി മുഴങ്ങി... കരഘോഷങ്ങൾക്കും അല്പ വസ്ത്ര തരുണികളുടെ ചടുല തുളളലുകൾക്കുമിടയിലൂടെ മുയല്‍ കുതിച്ചുനീങ്ങി... ഒഴിഞ്ഞ ഷാംപെയിൻ ടിൻ ആദ്യഗതി മുടക്കിയെങ്കിലും ആമ സർവ്വശക്തിയുമെടുത്ത് ഓടാന്‍ തുടങ്ങി.. ആദ്യ പകുതിയിലെത്തിയ മുയല്‍ ഒന്നു നിന്ന് തിരിഞ്ഞു നോക്കി... ആരംഭരേഖയ്ക് സമീപത്തുനിന്നും ആമ ഇഴഞ്ഞോടുന്നത് കണ്ട് ഉളളിലെ പരിഹാസമൊതുക്കി... മുഖത്ത് ദീനാനുകമ്പ വരുത്തി ആമയ്കായി അല്പം നിന്നു... ക്യാമറകണ്ണുകളായിരം നല്ലവനായ മുയലിന്റെ മുഖഭാവമൊപ്പിയെടുത്ത് ലോകമെങ്ങും ഒരു ഗാലറിയിലൊതുക്കി പ്രദർശിപ്പിച്ചു.... നിലയ്കാത്ത കരഘോഷങ്ങളുതിർത്ത ഗാലറിയിലേക്ക് മുയല്‍ കൈവീശി... പിന്നെ പിന്നിലെ വഹുവർണ്ണവാൽ ആട്ടി കാണിച്ചു. പാണക്കുടുക്കകൾ ആ ദൃശ്യം ആഘോഷമാക്കി വീണ്ടും വീണ്ടും സംപ്രേഷിച്ചു....
...... നോക്കൂ ശ്രീമാന്‍ മുയല്‍ ഈ മത്സരത്തിന്റെ പകുതി താങ്കള്‍ താണ്ടി കഴിഞ്ഞു . താങ്കളുടെ എതിരാളി ഇപ്പോഴും സ്റ്റാർട്ടിംഗ് പോയിന്റ് കഴിഞ്ഞിട്ടില്ല.. ആയതിനാല്‍ തന്നെ സുനിശ്ചിതമായ ഈ വിജയത്തെ താങ്കള്‍ എങ്ങിനെയാണ് നോക്കി കാണുന്നത്.....
...... താങ്കളിപ്പോൾ മത്സരരംഗത്താണ്... ഒരു ഓട്ടമത്സത്തിനിടയിൽ തന്നെ ടിവി ചാനലിന് ഇന്റർവ്യൂ നൽകുന്ന താങ്കളുടെ ഈ ശുഭാപ്തി വിശ്വാസം അനുകരണീയമാണ്.. സാർ....
മറ്റൊരു സുന്ദരി 'പാണത്തി' പുരികം തുളമ്പികൊണ്ട് മുയലിനു മുന്നിലേക്ക് മൈക്ക് നീട്ടി...
ചാനല്‍ പരുന്തുകൾ തലങ്ങുംവിലങ്ങും പാഞ്ഞുനടന്ന് ശ്രീമാന്‍ മുയലിന്റെ ശബ്ദ ചിത്രങ്ങൾ വൈറലാക്കി...
മിസ്റ്റര്‍ മുയൽകുമാർ ചാനലുകളിൽ സ്വയംമറന്നാടി... പാണക്കുടുക്കകൾ അപ്രതീക്ഷിതമായി കിട്ടിയ ആ അസുലഭ സന്ദർഭത്തെ പരമാവധി പരസ്യതോരണങ്ങളാൽ സമ്പന്നമാക്കി.. മിനുട്ടുകളിൽ പ്രോഗ്രാം റേറ്റിങ് മാറിമറിഞ്ഞു.. ഭൂലോക ചാനല്‍ പരസ്യ മൊത്തവിതരണ ദല്ലാളന്മാർ ഈ പ്രവണതയിലൂടെ പുതിയ ബിസിനസ് തന്ത്രങ്ങൾ മെനഞ്ഞു... വരുന്ന മത്സര ഇനങ്ങൾക്കിടയിൽ ബ്രേക്കുകൾ സൃഷ്ടിച്ച് പാണക്കുടുക്കകളുടെ റേറ്റിംഗ് ഉയർത്താമെന്ന് ഈ വിശ്വപ്രസിദ്ധ മത്സരം തെളിയിച്ചു....
സ്റ്റേഡിയം നിറഞ്ഞ തിരക്കുകളിലും ബഹളത്തിനുമിടയിൽ മറ്റൊരത്ഭുതം സംഭവിച്ചു... പ്രേത്സാഹനങ്ങളോ ഉത്തേജക മരുന്നോ ഇല്ലാതെ തന്നെ ആമ ഇഴഞ്ഞിഴഞ്ഞ് ഫിനിഷിങ് പോയിന്റിലെത്തി.......!!!!!.
...." മിസ്റ്റര്‍ മുയൽകുമാർ.. താങ്കളുടെ എതിരാളി ഇപ്പോള്‍ ഫിനിഷിങ് പോയിന്റ് താണ്ടിക്കഴിഞ്ഞു.. താങ്കളിപ്പോഴും മിഡില്‍ പോയിന്റിലാണ്... ആമ വിജയം നേടിയ സാഹചര്യത്തിൽ താങ്കൾക്കെന്താണ് പറയാനുളളത്....?"
ചാനല്‍ കിളിയുടെ മംഗ്ലീഷ് കൊഞ്ചല്‍ കേട്ട് മുയല്‍ പകൽ സ്വപ്നം വിട്ട് ഫിനിഷിങ് പോയിന്റിലേക്ക് നോക്കി... പിന്നെ ഗാലറിയിലെ പടുകൂറ്റൻ സ്ക്രീനിൽ, ആമ ഫിനിഷിങ് ലൈന്‍ താണ്ടുന്നത് മന്ദഗതിയിൽ വീണ്ടും വീണ്ടും പ്രദർശിപ്പിക്കുന്നത് ഇരുട്ടു കയറുന്ന കണ്ണുകളാൽ കണ്ടു... പിന്നെ പിന്നിലേക്ക് മൂർച്ഛിച്ചു വീണു..
സ്തബ്ധനായി ഒരു നിമിഷം നരിമാടശർമ്മ ഇരുന്നുപോയി... നിമിഷങ്ങൾ കൊണ്ട് ആറുമാസത്തെ അദ്ധ്വാനം നിഷ്ഫലമാകുന്നു... ബാങ്കുബാലൻസുകൾ പൂജ്യമാകാൻ ഇനി മണിക്കൂറുകൾ മതിയാകും.... മുയലിനെ വച്ചുളള കരാറുകളായിരവും ഇനി കടലാസുകള്‍.. സ്വപ്നങ്ങൾ കടലാസു വഞ്ചികൾ.....
വിജയിയുടെ സ്വർണ്ണകപ്പ് ആമ ഏറ്റുവാങ്ങി വിശപ്പും ദാഹവും ക്ഷീണവും കാരണം ആ കപ്പ് കൈയ്യിലേന്താൻ ആമയ്ക് ത്രാണിയില്ലായിരുന്നു.. രണ്ടുമൂന്ന് ക്യാമറ ഫ്ളാഷുകൾ കണ്ണുചിമ്മിയടഞ്ഞു.. വരണ്ട ചുണ്ടിലേക്ക് ആരോ പൊട്ടിച്ച ഷാംപെയിൻ തുളളികൾ വീണത് നക്കിയെടുത്ത് രുചിച്ച ആമയ്ക് ഓക്കാനം വന്നു....
"ക്ഷമിക്കണം സാർ ഇത് എവറോളിംഗ് ട്രോഫിയാണ് തുടരെ രണ്ടു പ്രാവശ്യം കൂടി നേടിയാൽ മാത്രമേ താങ്കള്‍ക്കിത് സ്വന്തമാക്കാനാകൂ " താങ്ങാനാകാത്ത ആ വിജയിക്കുളള കപ്പ് രണ്ടു തരുണികൾ വന്ന് ഏറ്റുവാങ്ങിക്കൊണ്ട് മൊഴിഞ്ഞു.. ആശ്വാസം.. ആമ മനസ്സില്‍ കരുതി പിന്നെ പതിയെ സ്റ്റേഡിയത്തിന് പുറത്തെ ഇരുട്ടിലേക്ക് ഇഴഞ്ഞു...
............................................................
അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയ മെഡിക്കല്‍ ബെഡ്ഡിൽ മുയല്‍ കിടന്നു. ബോധം കെട്ടപ്പോൾ തന്നെ തിരികെ വന്നെങ്കിലും നാണക്കേടിന്റെ പരമോന്നത പീഠത്തിലേറിയ മുയല്‍ കണ്ണുകള്‍ തുറക്കാതെ കിടന്നു... ഈ സമയം അവിടെയെത്തിയ നരിമാടശർമ്മ, മുയലിന്റെ ചെവിയില്‍ ചാണക്യ തന്ത്രമോതി...... മുയല്‍ കണ്ണുതുറന്നു നരിമാടശർമ്മയെ നോക്കി ശർമ്മ മുയലിന്റെ കണ്ണുകള്‍ ഇടതുകൈയ്യാൽ ചേര്‍ത്തടച്ചു ചെറുചിരിയോടെ ഡോക്ടറുടെ കാബിനിലേക്ക് കയറിപ്പോയി....
............................................................
പാണക്കുടുക്കകൾ മറ്റൊരു വിഷയത്തിനുഴറി. " അതുവരെയും മത്സരത്തെക്കുറിച്ച് മീഡിയാ ചർച്ച പുനരാരംഭിച്ചു. ഇടയില്‍ പ്രക്ഷകർക്കും ഫോണിലൂടെ പങ്കെടുക്കാമെന്ന പ്രലോഭനത്തോടെ വിളിക്കേണ്ട നമ്പര്‍ കാണിച്ചുകൊണ്ടിരിക്കെയാണ് അത് സംഭവിച്ചത്... ലോകത്തിലെ മുഴുവന്‍ പാണക്കുടുക്കയിലും മുയലിനെ പരിചരിക്കുന്ന ഡോക്ടര്‍ ലൈവായി വന്നു...
"...മിസ്റ്റര്‍ മുയലിന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ ഭേദപ്പെട്ടിട്ടുണ്ട് അദ്ദേഹത്തിന് കണ്ണില്‍ കൂടുതല്‍ തീവ്രമായ പ്രകാശം ഏൽക്കേണ്ടി വന്നതിനാൽ ബ്രയിനിലേക്കുളള നെർവ്വുകളിൽ........" ആരുടെയും ചോദ്യമില്ലാതെ ഡോക്ടര്‍ മുയലിന് സംഭവിച്ച ബോധക്കേടിന് കാരണം വിശദീകരിച്ചു...
വീണ്ടും മാധ്യമ പരിഷകൾ സജീവമായി. ശക്തനായ സിംഹരാജൻ വേട്ടയാടി ഭുജിച്ച ഭക്ഷണാവശിഷ്ടം തിന്നാന്‍ കടിപിടി കൂടുന്ന കഴുതപ്പുലികളെപ്പോലെ പാണൻസ് വീണ്ടും തുപ്പലു വിഴുങ്ങി...
നിരൂപണ നിരീക്ഷക വിശാരദന്മാർ സ്റ്റുഡിയോകളിൽ സജീവമായി....
" എന്റെ ഓർമ്മ ശരിയാണെങ്കിൽ എന്റെ ഏഴാം വയസ്സിലാണ്... ഇതു പോലെ സംഭവിച്ചത്. ഞാനന്ന് ഹോംവര്‍ക്ക് ചെയ്യുവാരുന്നു.. എന്റെ ഡാഡി എനിക്കൊരു പുതിയ സ്റ്റഡിലാംമ്പ് ഇംപോർട്ട് ചെയ്തു. അതിന്റെ പ്രകാശം കണ്ണിലടിച്ചപ്പോഴാണ് ആദ്യമായി ഞാന്‍ തലചുറ്റി വീണത്..." മുയല്‍ മാധ്യമപ്പടയ്ക് മുന്നില്‍ മനസ്സു തുറന്നു... ( ഒപ്പം ഏഴാം വയസ്സില്‍ വിശന്നൊട്ടിയ അരവയറിലെ തീയണയാൻ മലർന്നുകിടന്നപ്പോൾ.... ഇലകളില്ലാത്ത വൃക്ഷത്തലപ്പിന് തടയാനാകാത്ത വെയിൽ നാളമേറ്റുണ്ടായ തലചുറ്റൽ മുയല്‍ മറക്കാന്‍ ശ്രമിച്ചു ).
...."മിസ്റ്റര്‍ മുയൽകുമാർ താങ്കളീ മത്സരം പരാജയപ്പെട്ടതേവരും സാക്ഷി.... എന്നിട്ടും താങ്കള്‍ പരാജിതനായിട്ടില്ലാ എന്ന് താങ്കളുടെ സ്പോൺസർ ശ്രീ. നരിമാടശർമ്മ അല്പം മുമ്പ് പറയുകയുണ്ടായി... എന്താണ് ഇതേപ്പറ്റി താങ്കൾക്ക് പറയാനുളളത്... ."
..... മംഗ്ലീഷ് പാണത്തിയുടെ ചോദ്യത്തിന് മറുപടി പറയാന്‍ മുയലൊരു നിമിഷമെടുത്തു... ആ നിമിഷാർദ്ധം ഒരു മണിക്കൂര്‍ പോലെ പാണക്കുടുക്ക കാഴ്ചക്കാർക്ക് അനുഭവപ്പെട്ടു... ആ ഇടവേളയിൽ "അമ്പത്-അമ്പത്" വീതം കഴിക്കാവുന്ന ബിസ്കറ്റ് പരസ്യം സംപ്രേഷണം ചെയ്യാന്‍ കുടുക്ക ടെക്നീഷ്യൻ കരുതിയെങ്കിലും മുയല്‍ അതിനവസരം നൽകാതെ തുടര്‍ന്നു....
ശ്രീ നരിമാടശർമ്മ എന്റെ സെക്രട്ടറി എന്നതിലുപരി എന്റെ ഗുരുസ്ഥാനീയനുമാണ്.. അദ്ദേഹമാണാവശ്യപ്പെട്ടത്... ഒരു സാധുജീവിയായ ആമയെ തോല്പിക്കരുതെന്ന്... എന്നിലെ ദീനാനുകമ്പ അദ്ദേഹം കണ്ടെത്തി. ഈ സമൂഹത്തിലെ പാവപ്പെട്ടവരും വിജയം വരിക്കണം അതവരുടെ അവകാശമാണ്.. ഇതേവരും മാതൃകയാക്കണം.. ഇതാണെന്റെ സന്ദേശം.... " നിറഞ്ഞ കരഘോഷങ്ങളുടെ അകമ്പടിയിൽ മുയല്‍ വേദിവിട്ടു....!!!
" പാണക്കുടുക്കകളിൽ ഇരവു പകലായി... മുയലിന്റെ വീരചരിതം തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടു... മുയലിനെ വാഴ്ത്തി ലോക പ്രശസ്ത കലാകാരന്മാൽ ആ രാവിൽ തന്നെ വീരചരിതസൃഷ്ടികൾ ആരംഭിച്ചു.. സാഹിത്യ നായകർ തങ്ങളുടെ പുതിയ സൃഷ്ടികള്‍ മുയലിന് സമർപ്പിച്ചു.. അടിയന്തിരമായി രാത്രി കൂടിയ കാബിനറ്റ് ഗവണ്മെന്റിന്റെ പുതിയൊരു നിർദ്ദന സഹായ പദ്ധതിക്ക് ശ്രീ മുയലിന്റെ നാമകരണം നടത്തി... വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നാലുനാൾ അവധി നൽകി. ദേശീയ പതാകയിൽ മുയലിന്റെ ചിത്രം കൂടി ആലേഖനം ചെയ്തു..... മുയല്‍ വേദികളില്‍ നിന്നു വേദികളിലേക്ക് മാധ്യമ പടയുമായി പടയണി തുടങ്ങി. ആഘോഷപൂരം കണ്ട് ആകാശത്തെ പൂർണ്ണചന്ദ്രൻ മഴമേഘങ്ങളിലേക്ക് ഊളിയിട്ടു.
വിശപ്പും ദാഹവും കലശലായ ആമ സ്റ്റേഡിയത്തിന് പുറത്തെ ഇരുട്ടിൽ തപ്പിത്തടഞ്ഞു... തുളളി വെളളത്തിന് അഴുക്ക് ചാൽ പോലും കാണാനാകാതെ... പാത തെളിയാൻ നിലാവുവെട്ടത്തിനായി അവൻ ആകാശത്തിലേക്ക് നോക്കി...
പെട്ടെന്ന് ഒരു വെളളിടി വെട്ടി... ഒപ്പം തുളളിക്കൊരുകുടം പോലെ ഇരുണ്ട മേഘങ്ങള്‍ പെയ്തറങ്ങി... ആമ വായ തുറന്ന് മതിയാവോളം മഴവെള്ളം കുടിച്ചു... പാതകാണാതുഴറിയ ആമയെ ആ പേമാരി തീർത്ത കുത്തൊഴുക്ക് വാരിപ്പുണർന്ന് കൊണ്ടുപോയി......
നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നരിമാടശർമ്മമാരൊരുക്കിയ വിരുന്നു സേവിച്ച്.. തീൻ മേശകളിൽ തന്നെ ബൗദ്ധികാവശിഷ്ടങ്ങൾ ശർദ്ദിച്ച് മയങ്ങിയ അഭിനവ പാണന്മാരും അവരുടെ പുംഗവോത്തവന്മാരും ആകാശം ആമയ്കായി പെയ്തൊഴിഞ്ഞതറിഞ്ഞതേയില്ല..
Sreekumar sree.27/09/2015 20:38
Comments