poem - angirassaya nama
അംഗിരസ്സായ നമ :
×××××××××××××××××
ഒരായിരം വേദനകള്‍
നിനക്ക് സമ്മാനിച്ചുകൊണ്ടാണ്
ഞാനവതരിച്ചത്.
നിന്റെ വേദനയുടെ
പാരമ്യതയിൽ
മിഴി തുറന്ന ഞാന്‍
ഭയന്നു പോയിരുന്നു,
നിന്റെ നിലവിളി കേട്ടിട്ടോ..
അവതാര ലക്ഷ്യമറിയാഞ്ഞോ..
എന്തിനെന്നറിയില്ല..
നിന്റെ വേദനയ്കു കൂട്ടായി
ആദ്യമായി ( നിനക്കായി അവസാനമായും)
ഞാനും നിലവിളിച്ചു..
നിന്റെ നീണ്ട നിലവിളിക്ക്
അനുപൂരകമായി-
ഞാനും കരഞ്ഞു,
എനിക്കാകാവുന്ന ഉച്ചത്തിൽ.
ഞാനത്ഭുതപ്പെട്ടുപോയി
എന്റെ നിലവിളി നിനക്ക്
സോപാനസംഗീതമാണെന്നോ?.
പിന്നെന്തിനാണ് നീയപ്പോൾ
പുഞ്ചിരിച്ചത്
ഇടംകൈയ്യാലെന്നെ തിരഞ്ഞത്
നിന്റെ അമൃത കുംഭങ്ങൾ തുളുമ്പിയത്..? .
(അംഗിരസ്സായ നമ:
എന്റെ എല്ലാ അവയവങ്ങളിലും രസ രൂപത്തില്‍ വസിക്കുന്ന അവിടുത്തേയ്ക് നമസ്കാരം).
sreekumarsree. 16/08/2015
Comments