Posts

നെയ്യാമ്പൽ ചേലൊത്തൊരാത്തോല്

Image
നെയ്യാമ്പപ്പൂവൊത്തൊരാത്തോല്.. കൽപ്പടവിൻചാരെയോരത്ത് തൂവെള്ളക്കാലുകൾ നീട്ടിജലത്തിലൊ- രോമനക്കുഞ്ഞല തീർത്തിടുമ്പോൾ.. വെള്ളിക്കൊലുസ്സലവെട്ടം തിളങ്ങണ ചന്തത്തിലയ്യയ്യാ ചേർന്നിട്ട് കുഞ്ഞലനീന്തിയാ തുള്ളിത്തുടിക്കണ പൊന്മീനും പൂമീനുമെത്തിടുന്നു ആ പൊൻപാദമയ്യയ്യാ മുത്തിടുന്നൂ.. ഇക്കിളിപൂണ്ടവളന്നേരമോമന കൈകളാവെള്ളത്തിലാഴ്ത്തുമ്പോൾ നെയ്നിറകൈകളിലെന്തോ പരതിയ കുഞ്ഞുമീൻകൂട്ടങ്ങൾ തുള്ളുന്നൂ പിന്നെ ഓട്ടുകരിവള മുത്തുന്നു മാനംനോക്കുമാ മീനുകൾ ചുറ്റുന്നു.. കള്ളിക്കരമുണ്ടു ചുറ്റിയെന്നാത്തോല് മെല്ലജലാശയം പൂകുമ്പോൾ കുഞ്ഞരഞ്ഞാണത്തിൻ വെള്ളിക്കുണുക്കിലാ വെള്ളിവാലൻ മീനുമുത്തുന്നു അരക്കിങ്ങിണിമുത്തുകളാടുന്നു. കുഞ്ഞുപരൽമീൻ വിളിക്കവെയാത്തോല് കൈകൾ വിടർത്തിത്തുഴയുന്നു കാലുകളന്നോരമോമനവാലായി മെയ്യാകെസ്വർണ്ണശല്ക്കങ്ങളായീ.. കൂടെനീന്തും സ്വർണ്ണമീനുകളാത്തോലിൻ പീതവർണ്ണംകണ്ടു കൺമിഴിക്കേ നീളെനീന്തിയെന്റെകണ്ണുവെട്ടത്തിന്റെ ദൂരെമാഞ്ഞെങ്ങോമറഞ്ഞുനീന്തി..  പിന്നെയിതേവരെ വന്നില്ലയാത്തോല് പുള്ളിവാൽമെല്ലെയിളക്കിനീന്തി പിന്നൊയൊരിക്കലും കേട്ടില്ലയാത്തോലിൻ ചന്തംവഴിയും മൊഴിയൊന്നുമേ ©️sree11022025.
Image
"അച്ഛൻ ചത്തുമണക്കുന്നൂ.. അമ്മ കരഞ്ഞു മയങ്ങുന്നൂ.. പൂച്ച വിശന്നുമയങ്ങുന്നു പട്ടി പതുക്കെ മോങ്ങുന്നു... " .... കാലം കുറച്ചപ്പുറത്തെ കവിതയാണ്.. ഏകദേശം 30 വർഷം പഴക്കമുള്ള കവിത...!! അച്ഛന്റെ മരണമണമെഴുതിയ കവി ഇപ്പോൾ അച്ഛനായിക്കഴിഞ്ഞിരിക്കുന്നു.. അപ്പൂപ്പനാകാൻ നിൽക്കുന്നു... കൗമാരകാലത്താണ്.... കൂട്ടുകാരന്റെ അച്ഛൻ, നാട്ടിലെ ഗവൺമെന്റാശുപത്രിയിൽ കിടപ്പാണ്.. വാറ്റുചാരായസേവയിൽ post graduate ആയ അപ്പന് ആശുപത്രിയിൽ കൂട്ടിരിപ്പുകാരൻ കൂട്ടുകാരനാണ്...   'കൂട്ടാരനോടുള്ള കൂട്ടിന്റെ തോതു കുറയാതിരിക്കാനാണ് ഞങ്ങൾ മറ്റുകൂട്ടാരന്മാർ ആശുപത്രിയിലെത്തിയത് രോഗിയെ (അവന്റെ അച്ഛനെ) സന്ദര്‍ശിക്കലാണ് സദുദ്ദേശം. ' രാത്രി അപ്പന് കലശലായ പ്രയാസമനുഭപ്പെടുന്നതിനാലും മറ്റു രോഗികളുടെ പ്രശ്നങ്ങളാലും മകൻ കൂട്ടാരനും ഉറങ്ങാൻ പറ്റുന്നില്ലത്രെ.. പീഡീസീ (pre-degree) ക്കാരനായ മകൻ പഠിക്കാനുള്ള സദുദ്ദേശാർത്ഥം... ഒന്നുരണ്ടു പൊത്തോം ബുക്കുംകൂടി ആശുത്രീലേക്കെടുത്തിട്ടുണ്ട് എന്തിനോ ആവോ..?  എന്നാലും ഒരു വലിയ വിശേഷമുണ്ടായി... പഠിക്കാനെടുത്ത ബുക്കിന്റെ നടുപേജിൽ ഒരു നെടുനീളൻ കവിത എഴുതി നമ്മുടെ കൂട്ടാരൻ... കവിതയക്ക് പേരിടൽ ച...

ബാക്കി

Image
#.... ബാക്കിതരാമെന്ന വാക്കിന്റെ നടുചില്ലയിലാണ് എന്റെ ചിന്തകൾ തൂങ്ങിമരിച്ചത്... യാത്രയുടെ ആദ്യംതന്നെ യാത്രപ്പടി നൽകണമെന്ന നിയമാവലി പകർത്തിയ സൂചിക കണ്ടാണ് എന്റെ സ്വസ്ഥതയ്ക്ക് മറവിരോഗം ബാധിച്ചത്... കൈയുംതലയും പുറത്തിടരുതെന്ന് ഉദ്ബോധനത്തിലാണ് എന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കൂച്ചുവിലങ്ങു ഞാനറിഞ്ഞത് നിറയെ യാത്രക്കാരിൽ ഓരോരുത്തരുമൊറ്റയെന്ന ബോധമുണ്ടായപ്പോഴാണ് യാത്രയൊരു ഭയമാണെന്ന് ഞാനറിഞ്ഞത്... എനിക്കിപ്പോൾ  ബാക്കിയേക്കാളാവശ്യം യാത്രയുടെ സമാപനമാണ്. ©️reserved sreekumarsree26012025

മൗനത്തിന്റെ മുറിവുകൾ

Image
അമ്മ മരണപ്പെടുംവരെ അയാളൊരു രോഗിയായിരുന്നു... വിവാഹശേഷമാണ് അയാളുടെ രോഗങ്ങൾ അമ്മയുടെ നാവുവിട്ടൊഴിഞ്ഞത് പതിയെ പതിയെ... അവളുടെ രോഗങ്ങളിലാണ് അയാളുടെ രോഗം മുക്തിനേടിയത്.. മക്കളുടെ രോഗങ്ങൾ കണ്ട് അയാളിലെ അസുഖങ്ങളെല്ലാം മണ്ടിയൊളിച്ചു... എവിടേക്കോ...... വൃദ്ധമാതാവിന്റെ രോഗങ്ങൾ വാർദ്ധക്യസഹജമെന്നയാൾ ആശ്വാസിച്ചു... ഏകനായപ്പോഴാണ് അയാളുടെ രോഗങ്ങൾ മടങ്ങിവന്നത്...കൂട്ടിന്. നല്ലപ്രായത്തിലെ  കള്ളുകുടിയെന്ന് കൺമണിമകളോതുന്നു, നല്ലപാതിയോട്...!! അനവസരത്തിലിനിയെന്ത് മരുന്നുസേവയെന്നാണ് മകൻ അപ്പോത്തിക്കിരി..! മുറിഞ്ഞുപോകുന്നൊരു നിശ്വാസം  കാത്തുകാത്താണ് അവളുണരുന്നത്.. ശിഷ്ടജീവിതം മക്കളോടാക്കുവാൻ..! തളർച്ചയില്ലാതെ തഴമ്പിച്ച മനസ്സാണയാൾക്ക് താങ്ങിനും തണലിനുമിന്ന് ഒരുപിടി രോഗങ്ങളുടെ  കൂട്ടുണ്ടയാൾക്ക്.. അതിനാലയാൾക്കെന്നും  മൗനമാണിപ്പോൾ... സ്വയം മുറിവേല്പിക്കുന്ന മൗനം. ©️reserved.sreekumarsree24012025

ഗ്രേസമ്മാ വർഗ്ഗീസ്

Image
വയറു നിറയ്ക്കാനുള്ള വഴിതേടി കവലയിലെ ആൽമരച്ചുവട്ടിൽ ഇരിക്കുന്നവരുടെ മുന്നിലൂടെയാണ് വയറു കുറയ്ക്കാനുള്ള വഴിതേടി ഗ്രേസമ്മ വർഗീസ് നിത്യവും പ്രഭാത സവാരി ചെയ്യാറുള്ളത്... ആലിലവയർ അല്ലെങ്കിലും ഗ്രേസ്സമ്മയുടെ വയറിന് അത്യാവശ്യം ഭംഗിയുണ്ടെന്നാണ് നാട്ടുകാർക്ക് പൊതുവേ അഭിപ്രായം. എന്നാലും കഷ്ടിച്ച് മുട്ടോളം എത്തുന്ന ചെറിയ നിക്കറും ഇംഗ്ലീഷ് അക്ഷരങ്ങൾ തലകീഴായി തുന്നിപ്പിടിപ്പിച്ച ഇറുകിയ ടീഷർട്ടും ധരിച്ച് ഗ്രേസ്സമ്മാ വർഗ്ഗീസ് വരുന്നത് കാണാൻ തന്നെ ചേലുണ്ട്...  ഗ്രേസ്സമ്മാ വർഗ്ഗീസ് വന്നു പോകുന്നതുവരെ അവരെല്ലാം ആ മുൻകാഴ്ചയും പിൻകാഴ്ചയും കണ്ടങ്ങനെ ഇരിക്കും അത്രയും സമയം അവിടം നിശ്ശബ്ദമായിരിക്കും. നിത്യവും കുറച്ച് കാഴ്ചാദാഹികളും അക്കൂട്ടത്തിലുണ്ടെന്നത് സത്യം.  പലപ്പോഴും ഗ്രേസമ്മാ വർഗ്ഗീസിനൊപ്പം ഒരു വലിയ നായയുമുണ്ടാകും നടത്തത്തിനിടയിൽ വഴിയോരത്തെ ആറാംമൈൽ കുറ്റിയ്ക്കു ചുവട്ടിൽ ആ വലിയനായയ്ക്ക് അപ്പിയിടാനുള്ള സമയം ഗ്രേസമ്മ കൊടുക്കും.. വഴിയോരത്തെ നായമഹിളകളെ കാണുമ്പോൾ ആ നായശ്രേഷ്ടന്റെ ലിംഗാഗ്രം പുറത്തേയ്ക്കുന്തിനിൽക്കുന്നതു കാണുമ്പോൾമാത്രമാണ് ആൽമരച്ചുവട്ടിൽ ഒരു ചിരി ഉണരുക... അതൊന്നും കാര്യമാക്കാതെ തന്റെ ചുമല...

ഉഷ്ണരാശിയിലെ മരീചികകൾ

Image
ഉദയാസ്തമയങ്ങൾ അന്യമായതിനാൽ ദിക്കുകെട്ടുപോയ മരുഭൂമിയിലെ യാത്രികരുണ്ട് പുരികക്കൊടികൾക്കുമേലെ വിരൽമറയൊരുക്കാൻ പോലും ശേഷിയില്ലാത്തവർ... വാ തുറന്നാൽ മണൽക്കാറ്റുകൾ വറുതിയുരുക്കുന്ന നാവുകളാൽ അപസ്വരം പോലുമുതിരാത്തവർ യാത്രയിലാണവർ ഉദയമില്ലെങ്കിലൊരു അസ്തമയമെങ്കിലും സ്വപ്നം കാണുന്നവർ താണ്ടിയ ദൂരമറിയില്ല വേഗവുമളന്നില്ല... കണ്ട നീർത്തടങ്ങളെല്ലാം മരീചികകൾ... തൊണ്ട നനയാത്ത പദയാത്രകൾ... [കരളിലിപ്പൊഴുമൊരുകിനാ- കതിരുപൂക്കുന്നു പിന്നെയും,] "കാരപ്പഴത്തിന്റെ നാടാണപ്പുറം സൂഫിക്കിനാവിന്റെ രാവാണപ്പുറം മരുഭൂവുതാണ്ടുന്ന മുതുകുന്തിയ കപ്പലുകൾ മരുക്കുന്നിന്റെ നെറുകതാണ്ടി കിനാത്തീരത്തു കൊണ്ടുപോകും..." [കനവുകെട്ടുപോകുന്നു കനലുകത്തുന്നനെഞ്ചകം ഇടറിവീണിടാമെങ്കിലും പ്രാണനോ  എണ്ണക്കനികളുതിരുന്ന പനമരത്തണൽ  തേടുകയാണിന്നും] ഒരുമരീചിക തേടിത്തളരുന്നോർ ഇടറിയുഴറുന്ന ക്രിയയാണ് ജീവിതം ഇടയിലണയുന്ന  സാന്ത്വന ഗന്ധങ്ങൾ നറുനിലാക്കിനാവാണതു നിശ്ചയം.  ©️sree.02012025

സമാഗമവൃത്താന്തം (വഞ്ചിപ്പാട്ട്)

Image
സമാഗമവൃത്താന്തം (വഞ്ചിപ്പാട്ട്) പാതിയർത്ഥം സതീർഥ്യനിൽ പാരിതോഷമായി ചൊന്നു, മതിയിനിയവലുണ്ണലരുതു കണ്ണാ.. ഇനിയവൽ ഭുജിച്ചെന്നാൽ ഇവളുമീ പാദംവിട്ടു സതീർത്ഥ്യനിൽ ദാസ്യവേല- യ്ക്കിടയായിടും... അലങ്കാരദീപം വേണ്ട അതിമോഹനങ്ങൾ വേണ്ട അവസാനംവരെയുമീ തൃപ്പാദം മതീ... തിരുമുന്നിൽ പതിയായി ട്ടിരിക്കണമിഹലോക പരമതയിൽ ചൊന്നൊന്നു ലയിക്കുവോളം... ഒരുപിടിയവലുണ്ടീ പ്രിയമാനസ തോഴനെ പ്രഭുവാക്കും ദേവാനിന്റെ മായ മതിയാം.. വിപ്രപത്നി സതീർഥ്യനിൽ മുക്തമനുരാഗം ചേർക്കി ലത്രതന്നെയിവളുമീ ചൊല്പടിയിലമരട്ടെ... ഇത്ഥം ചൊല്ലി മേഘവർണ്ണ- പത്നി തന്റെ പാണികളാൽ കൃഷ്ണഹസ്തമവൽപാത്രം കവർന്നെടുത്തൂ... മുദ്ഗസ്നേഹഭാവത്തോടെ പതിയുടെ സതീർഥ്യന്റെ ക്ഷീണമുക്തിക്കുതകുന്ന വൃത്തികൾ ചെയ്തു.. സത്വമെത്ര മനോഹരം പതിവൃത്തി കാംക്ഷിക്കുന്ന ഉത്തമമാം നാരീജനമെത്രയായാലും ചിത്തമതിൽ ചേക്കേറ്റിയ ഭർതൃരൂപമുപേക്ഷിപ്പാൻ എത്രതന്നെവന്നെന്നാലു- മവൾക്കാകുമോ..? ©️sree. *കുചേലൻ നൽകിയ അവൽഭുജിച്ചനേരം കൃഷ്ണസൗഭാഗ്യങ്ങളുടെ പകുതി കുചേലഭവനത്തിലെത്തിയെന്നാണ് ഐതിഹ്യം. വീണ്ടും അവൽ ഭുജിച്ചാൽ തന്റെ ഭാര്യാസ്ഥാനവും നഷ്ടപ്പെട്ട് കുചേലന്റെ ദാസ്യവേല വേണ്ടിവരുമെന്ന് ഭയന്ന് കൃഷ്ണപത്നി കൃഷ്ണനെ വിലക്...