കൊളുത്ത്
കൊളുത്ത്
അമ്പത്തിയഞ്ചാം വയസ്സിലാണ് കാശിഅയ്യപ്പൻ വാതിലുകളെ ഭയക്കാൻ തുടങ്ങിയത്.
അതിന് മുമ്പ് വാതിലുകൾ അയാൾക്ക് വാതിലുകൾ മാത്രമായിരുന്നു.
അടയ്ക്കാനുള്ളത്, തുറക്കാനുള്ളത്, കാറ്റിൽ ആടാതിരിക്കാൻ കുറ്റിയിടാനുള്ളത്.
പക്ഷേ അമ്പത്തിയഞ്ച് കഴിഞ്ഞപ്പോൾ ഒരു ചെറിയ ഇരുമ്പുകൊളുത്തിന് അയാളുടെ കണ്ണിൽ മറ്റൊരു അർത്ഥം വന്നു. അത് ഒരു കൊളുത്തല്ലാതായിരിക്കുന്നു. തിരികെ തുറക്കാൻ കഴിയാതെ പോയേക്കാവുന്ന ഒരു സാധ്യതയായി കാശിഅയ്യപ്പന് അത് മാറിയിരുന്നു.
രാത്രിയിൽ കിടപ്പുമുറിയുടെ വാതിൽ അടയ്ക്കുമ്പോൾ ഭാര്യ ചോദിക്കും:
“കുറ്റിയിടുന്നില്ലേ?”
“വേണ്ട.”
“കൊതുക് കയറും.”
“കയറട്ടെ.” അവൾ ഒന്നും പറയാതെ തിരിഞ്ഞുകിടക്കും.
കാശിഅയ്യപ്പൻ അപ്പോൾ വാതിലിലേക്കു നോക്കും. ചെറിയ കൊളുത്ത് കാറ്റിൽ അല്പം വിറയ്ക്കുന്നുണ്ടാകും.
അത്രയേ വേണ്ടൂ. അയാളുടെ നെഞ്ചിനുള്ളിൽ എവിടെയോ ഒരു പഴയ കിണറിന്റെ ആഴം തുറന്നുവരും..
ആ ഭയം തുടങ്ങിയ ദിവസം അയാൾക്ക് വ്യക്തമായി ഓർമ്മയില്ല. പക്ഷേ ഒരു ദിവസം വൈകീട്ട് ഓഫീസിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ, കുളിമുറിയിൽ കയറി വാതിൽ അടച്ചതിനു ശേഷം കൈ സ്വാഭാവികമായി കൊളുത്തിലേക്കു നീണ്ടു. വിരലുകൾ കൊളുത്തിൽ തൊട്ടു. പെട്ടെന്ന് അവ പിൻവലിച്ചു, വായിൽനിന്ന് ഒരു അപശപ്ദമുണർന്നു...
“എന്താണ്?” പുറത്ത് ഭാര്യ ചോദിച്ചു.
“ഒന്നുമില്ല.” വാതിൽ ചാരിയിട്ടു, കൊളുത്തിടാതെ. അന്ന് ആദ്യമായി കാശിഅയ്യപ്പൻ തിരിച്ചറിഞ്ഞു, തന്റെ ഭയത്തിന് ശബ്ദമില്ലെന്ന്.
അത് നിലവിളിക്കില്ല.
വിയർക്കുകയുമില്ല.
അലസമായത് തന്റെ ചെറിയ വിരലുകളിൽ വന്നു താമസിക്കും.. ഒരുതരം മടുപ്പുപോലെ,.
കാശിഅയ്യപ്പൻ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല. അച്ഛൻ മരിച്ചപ്പോൾ, ചിതയ്ക്ക് തീ കൊടുത്തത് അയാളായിരുന്നു.
അമ്മ പോയപ്പോൾ, അവസാനമായി അവരുടെ നെറ്റിയിൽ ചന്ദനം തൊട്ടതും അയാൾ തന്നെ. സുഹൃത്തുക്കൾ പലരും പോയി.
ഓഫീസിലെ കസേരകൾ ഒഴിഞ്ഞു. ഒഴിഞ്ഞ കസേരകൾ പുതിയ മനുഷ്യരെ സ്വീകരിച്ചു. വഴിയരികിലെ ചില മരങ്ങൾ പോലും അയാളുടെ ജീവിതത്തിൽ നിന്ന് പതുക്കെ അപ്രത്യക്ഷമായി. മരണം അപ്പോഴൊന്നും അയാൾക്ക് വലിയൊരു വാക്കായിരുന്നില്ല. അത് സംഭവിച്ചുപോകുന്ന ഒരു കാര്യം മാത്രമായിരുന്നു. അതു സമയാസമയം സംഭവിക്കേണ്ടതാണെന്നും അയാൾക്കറിയാമായിരുന്നു. ഓരോ മരണവും ഒരു തുടക്കമാണെന്ന് അയാൾ കരുതിയിരുന്നു.
പക്ഷേ ഇപ്പോൾ... മരണം എന്ന വാക്കിനേക്കാൾ അയാൾ ഭയപ്പെട്ടത് അതിനുമുമ്പുള്ള ഒരു ചെറിയ നിമിഷത്തെയായിരുന്നു.
ആരും അറിയാതെ ഒറ്റയ്ക്ക് കിടക്കുന്ന ഒരു നിമിഷം. വാതിൽ തുറക്കാൻ കഴിയാത്ത ഒരു നിമിഷം.
“ആരെങ്കിലും ഉണ്ടോ?” എന്ന് വിളിച്ചിട്ടും പുറത്ത് ആരും കേൾക്കാതാകുന്ന ഒരു നിമിഷം. അകത്തോ പുറത്തോ ആരോ ഒറ്റപ്പെട്ടുപോയേക്കാവുന്ന നിമിഷം. വാതിലുകൾ തുറക്കാനാകാതെ അതിന്റെ കൊളുത്തുകളിൽ എത്തിപ്പെടാനാകാതെ നിശ്ചലമായിപ്പോകുന്ന കൈകളുമായി അവസാനിച്ചുപോകുന്നതിന്റെ നിരാശ.. വിചിത്രവും അതേസമയം നിസ്സംഗവുമായ ആ ഒരവസ്ഥയെ ഇപ്പോൾ കാശിഅയ്യപ്പൻ ഭയന്നുതുടങ്ങി കൃത്യമായ ഒരു ഉത്തരമില്ലാതെ.
ഒരു ദിവസം മകൻ വീട്ടിലെത്തി.
“അച്ഛാ, നിങ്ങൾ ബാത്ത്റൂമിന്റെ വാതിൽ എന്താണ് എന്നും കുറ്റിയിടാത്തത്?” കാശിഅയ്യപ്പൻ ചിരിച്ചു.
“അങ്ങനെ തന്നെ സൗകര്യം.”
“എന്ത് സൗകര്യം?”
“എന്തെങ്കിലും പറ്റിയാൽ പെട്ടെന്ന് തുറക്കാമല്ലോ.” മകൻ ചിരിച്ചില്ല. അയാളെ കുറച്ചുനേരം നോക്കി നിന്നു.
“അച്ഛന് പേടിയാണോ?”
കാശി മറുപടി പറഞ്ഞില്ല.
അയാൾ ആദ്യമായി മനസ്സിലാക്കി വയസ്സാകുന്നത് ശരീരത്തിനു മാത്രമല്ല, മനസ്സിനും ഇപ്പോൾ ചില ഭയങ്ങൾക്കും വയസ്സാകുന്നുണ്ട്.
**************
ആ രാത്രി കനത്ത മഴയായിരുന്നു. വൈദ്യുതി പോയി. വീട്ടിൽ എല്ലാവരും ഉറങ്ങി. കാശിഅയ്യപ്പൻ മാത്രം ഉണർന്നുകിടന്നു. മഴയുടെ ശബ്ദത്തിനിടയിൽ എവിടെയോ ഒരു വാതിൽ പതുക്കെ ആടുന്ന ശബ്ദം.
ക്രീക്ക്... ക്രീക്ക്... അയാൾ എഴുന്നേറ്റു. വരാന്തയിലെ വാതിൽ പാതി തുറന്നുകിടക്കുന്നു. കാറ്റ് അതിനെ തള്ളിയടയ്ക്കുന്നു. വീണ്ടും തുറക്കുന്നു.
വീണ്ടും അടയുന്നു. അയാൾ അതിന്റെ അടുത്തേക്ക് നടന്നു.
കൈ നീട്ടി. കൊളുത്തിൽ വിരൽ വെച്ചു....ഒരു നിമിഷം.
അയാൾക്ക് തോന്നി
ഇത് അടച്ചാൽ?
ഇത് തുറക്കാതെ പോയാൽ?
ഇനി ഒരിക്കലും പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ?...അയാൾ കൈ പിൻവലിച്ചു., വാതിൽ അങ്ങനെ തന്നെ തുറന്നുകിടന്നു.
പുറത്ത് മഴ.
അകത്ത് ഇരുട്ട്.
അയാൾ തിരിച്ചുനടന്നു.
അടുത്ത ദിവസം രാവിലെ ഭാര്യ പറഞ്ഞു:
“രാത്രി വാതിൽ തുറന്നുകിടന്നല്ലോ.”
“അറിയാം.”
“കള്ളൻ കയറിയിരുന്നെങ്കിൽ?” കാശിഅയ്യപ്പൻ ചിരിച്ചു.
“കള്ളനെക്കാൾ എനിക്ക് വിശ്വാസക്കേട് എന്റെ വാതിലിനെയാണ്.” അവൾ അയാളെ നോക്കി. അത് തമാശയല്ലെന്ന് മനസ്സിലായപ്പോൾ ഒന്നും ചോദിച്ചില്ല.
***********
അഞ്ചാറു ദിവസങ്ങൾ കഴിഞ്ഞു. ഒരു ഉച്ചയ്ക്ക് ഭാര്യ ഉറങ്ങുകയായിരുന്നു. വീട്ടിൽ കാശിഅയ്യപ്പൻ മാത്രമായിരുന്നു. അയാൾ കുളിമുറിയിൽ കയറി, വാതിൽ ചാരി, കണ്ണാടിയിൽ സ്വന്തം മുഖം കണ്ടു.
"അമ്പത്തിയഞ്ച്". അത് തന്റെ മുഖമാണെന്ന് തിരിച്ചറിയാൻ അയാൾക്ക് ഒരു നിമിഷം വേണ്ടിവന്നു.
മുടിയിൽ വെള്ള, കണ്ണിന്റെ താഴെ ചെറിയ കുഴികൾ. താടിയിൽ മറക്കാനാവാത്ത കാലത്തിന്റെ ചുളിവ്... അയാൾ ചിരിച്ചു. പിന്നെ പതുക്കെ വാതിലിലേക്ക് നോക്കി.
കൊളുത്ത്..!. വർഷങ്ങളായി താൻ ഭയന്നിരുന്ന ആ ചെറിയ ഇരുമ്പ്. ഇന്ന് എന്തുകൊണ്ടോ അതിനെ തൊടണമെന്ന് തോന്നി. അയാൾ കൈ നീട്ടി.
ആ കൊളുത്തിട്ടു.
ടക്....ഒരു ചെറിയ ശബ്ദം. അത്ര മാത്രം. പക്ഷേ ആ ശബ്ദം അയാളുടെ ഉള്ളിൽ വലിയൊരു വാതിൽ അടച്ചു...
നെഞ്ച് കനത്തു.
ശ്വാസം വേഗത്തിലായി.
കൈകൾ വിറച്ചു.
“കാശീ....കാശിഅയ്യപ്പൻ...” അയാൾ സ്വയം വിളിച്ചു. “ഒന്നുമില്ല അല്ലേ....”
കാശിഅയ്യപ്പൻ വാതിലിന്റെ കൊളുത്തിൽ കൈവെച്ചു. വലിച്ചു.
തുറന്നില്ല.
വീണ്ടും വലിച്ചു.
ഇത്തവണയും കൊളുത്ത് നീങ്ങിയില്ല. അയാളുടെ നെഞ്ചിൽ ഒരു തണുപ്പ് പടർന്നു.
“കാശിഅയ്യപ്പൻ...” സ്വന്തം ശബ്ദം തന്നെ അയാൾക്ക് അന്യമായി തോന്നി.
വീണ്ടും കൊളുത്തു വലിച്ചു. കൊളുത്ത് ഇളകിയില്ല.
പുറത്തിപ്പോൾ മഴയില്ല.
കാറ്റില്ല.
വീട്ടിൽ ആരുമില്ല. അയാൾ വാതിലിൽ കൈകൊണ്ട് മുട്ടി.
“സുമേ...”
ശബ്ദം പുറത്തേക്ക് പോയില്ല. അയാൾ വീണ്ടും മുട്ടി.
“സുമേ...!” ഇത്തവണ ശബ്ദം വാതിലിന്റെ വിടവിലൂടെ പുറത്തേയ്ക്ക് പോയെന്ന് തോന്നി. പുറത്ത് നിന്ന് ഒരു ശബ്ദവും വന്നില്ല. അയാൾ വാതിലിനോട് ചേർന്ന് ഇരുന്നു.
വർഷങ്ങളായി ഭയന്നിരുന്ന നിമിഷം ഒടുവിൽ തന്റെ മുന്നിൽ വന്നു നിന്നിരുന്നു.
അകത്ത്.
ഒറ്റയ്ക്ക്... അകപ്പെട്ട്.. വിരലുകൾ അന്യമായി, കൈകൾ കൊളുത്തിലെത്തിപ്പെടാനാകാതെ....
അൽപ്പസമയം കഴിഞ്ഞപ്പോൾ അയാൾക്ക് വിചിത്രമായി തോന്നി. ഭയം പതുക്കെ കുറഞ്ഞു. അതിന്റെ സ്ഥാനത്ത് ഒരു ശൂന്യത വന്നു. അയാൾ വാതിലിൽ ചാരി ഇരുന്നു. കണ്ണുകൾ അടച്ചു.
അപ്പോൾ വളരെ വർഷങ്ങൾക്ക് മുമ്പുള്ള ഒരു ശബ്ദം ഓർമ്മയിൽ വന്നു.
അമ്മയുടെ ശബ്ദം. “വാതിൽ കുറ്റിയിടണ്ട മോനേ... അച്ഛൻ വന്നിട്ടില്ല.”
അന്ന് താൻ ചെറുപ്പമായിരുന്നു. രാത്രിയായിരുന്നു. അച്ഛൻ വരാൻ വൈകിയിരുന്നു. അമ്മ വാതിൽ തുറന്നുവെച്ച് കാത്തിരുന്നു. അന്ന് താൻ ചോദിച്ചിരുന്നു:
“അമ്മേ, അച്ഛൻ വരാതിരുന്നാലോ?” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു:
“വാതിൽ തുറന്നിട്ടാൽ വരും.” അയാൾ കണ്ണുതുറന്നു. അകത്ത് ഇപ്പോഴും അതേ ഇരുട്ട്. പക്ഷേ ഭയം അല്പം മാറിയിരുന്നു. അയാൾ കൊളുത്തിലേക്ക് വീണ്ടും നോക്കി. പെട്ടെന്ന് മനസ്സിലായി,
ഇത്രയും കാലം താൻ ഭയന്നിരുന്നത് അടഞ്ഞ വാതിലിനെ അല്ല. തന്നെ ആരെങ്കിലും പുറത്തുനിന്ന് ഓർക്കാതെ പോകുമെന്ന ഭയമായിരുന്നു. തന്റെ ശബ്ദം ആരും കേൾക്കാതെ പോകുമെന്ന ഭയം. താൻ ഇല്ലാതായാൽ വീട്ടിലെ ഒരു മുറി മാത്രം ശൂന്യമാകുമെന്ന ഭയം.
അയാൾ വാതിലിൽ തലചായ്ച്ചു. പിന്നെ പതുക്കെ ചിരിച്ചു.
“ഇത്രയൊക്കെയായിരുന്നോ നീ?” കൊളുത്തിനോടാണ് ചോദിച്ചത്. അന്നേരം പുറത്തുനിന്ന് ഭാര്യയുടെ ശബ്ദം കേട്ടു.
“അയ്യപ്പേട്ടാ...?” അയാൾ മറുപടി പറഞ്ഞില്ല.
“അയ്യപ്പേട്ടാ, എന്താണ് അകത്ത്?” പതിവിലലാതെ കൊളുത്തിട്ടിരിക്കുന്നത് അവളിൽ നേരിയ അങ്കലാപ്പുണ്ടാക്കി... അയാൾ കൊളുത്ത് വീണ്ടും വലിച്ചു. ഇത്തവണ അത് ഇളകി. വാതിൽ തുറന്നു. വെളിച്ചം അകത്തേക്ക് വന്നു.
ഭാര്യ വാതിൽക്കൽതന്നെ നിന്നു.
“എന്തുപറ്റി?” അയ്യപ്പൻ അവളെ നോക്കി. ഒന്നും പറഞ്ഞില്ല, പതിയെ പുറത്തേക്ക് നടന്നു.
വാതിലിനരികിൽ എത്തിയപ്പോൾ തിരിഞ്ഞുനിന്നു. വർഷങ്ങളായി താൻ കുറ്റിയിടാതെ വിട്ടിരുന്ന ആ വാതിൽ... ഇന്ന് ആദ്യമായി അയാൾ പതുക്കെ അടച്ചു, കൊളുത്തിട്ടു.
ടക്....ഭാര്യ അമ്പരന്നു.
“എന്താ ഇത്?” കാശിഅയ്യപ്പൻ ചിരിച്ചു.
“ഒന്നുമില്ല.”
“പേടിയില്ലേ?” അയാൾ അവളെ നോക്കി.
“ഇല്ല.” ഒരു നിമിഷം നിശ്ശബ്ദനായി നിന്ന ശേഷം പറഞ്ഞു:
“വാതിൽ അടച്ചാൽ മാത്രമേ
തുറക്കാൻ ആരെങ്കിലും ഉണ്ടാകൂ എന്ന്
ഇന്ന് മനസ്സിലായി.” ഭാര്യക്ക് ആ വാക്കിന്റെ അർത്ഥം മുഴുവൻ മനസ്സിലായില്ല. അവൾ അകത്തേക്ക് നടന്നു. കാശിഅയ്യപ്പൻ മാത്രം കൊളുത്തിൽ കൈവെച്ചു വാതിലിനരികിൽ നിന്നു. പുറത്ത് സന്ധ്യ പതുക്കെ ഇറങ്ങുകയായിരുന്നു. അയാൾക്ക് ആദ്യമായി തോന്നി
"ചില വാതിലുകൾ നമ്മെ പൂട്ടാനല്ല അടയുന്നത്.
അവയുടെ മറുവശത്ത്
നമ്മെ കാത്തുനിൽക്കുന്ന ഒരാൾ തീർച്ചയായും ഉണ്ടെന്ന്
Comments