അന്തിക്കു പൂക്കുന്ന പെണ്ണിനോട്.
സന്ധ്യയെന്തിനോ തങ്ങിനിന്നല്പമായ്
രാവു കമ്പളം മൂടുന്ന നേരത്തും..
ഈറനേറും നിലാവിലായ് പൂക്കുന്ന
ശ്യാമസൂനങ്ങൾ കാണ്മതിനാവുമോ..?
വെൺ പനിമതി വിണ്ണിലുണരുമ്പോൾ
മണ്ണിൽ നെയ്യാമ്പൽ
നീർമിഴി കാണലോ.
മെല്ലെയെത്തും പനിമതി തൻസുഖ-
ചാമരക്കാറ്റുമേറ്റങ്ങിരുന്നതോ..
അന്തിമാനമിരുണ്ടുപോയ്
മാടത്തെ,
മൺചിരാതുമിഴിയടഞ്ഞീടവേ,
കണ്ടുചേലെഴും വെള്ളാമ്പൽ
മൊട്ടുപോൽ
രണ്ടിണമിഴി,
മേടക്കറുപ്പിലും
മോന്തിയോളമാ ചേറിൽ പുതഞ്ഞനീ-
അന്തിയിൽക്കുളിച്ചീറൻ കളഞ്ഞവൾ
ചന്തമേതുണ്ട് പെണ്ണേയിരുട്ടിലും
ചന്ദനഗന്ധമേറുന്ന നിന്നുടൽ
അന്തികത്തൊന്നിരിക്കുകീ ജീവിതം
ചന്തമേറ്റുന്ന പെണ്ണാളുനീയെടീ
മുന്തിനിൽക്കുന്ന ജീവദു:ഖങ്ങളിൽ
സാന്ത്വനത്തിന്നകിൽമണമല്ലേനീ...
നേരുചൊല്ലാത്തനാടിന്റെ വെട്ടത്തെ
പേടിയാണെടീ പെണ്ണേവരികനീ
രാവുരണ്ടാൾക്കുമൊന്നുചേർന്നീടുവാൻ
രാജ്യമൊന്നു പണിയുന്നു നിത്യവും.
പേടിയേറേണ്ട പോരു മമജീവ,
വായുവിൽ വന്നലിഞ്ഞുചേർന്നീടുക.
വേറെയില്ല അവനിയിൽ മറ്റൊരു
ജീവതാളമതോർക്കനീ കാതരേ...
Sree04072023©️
Comments