ഉല്പത്തി3:8-11

ഉല്പത്തി 3:8-11*
--------
മർത്യാ...നീ എവിടെയാണ്?
വെയിലാറിയ സന്ധ്യയിൽ
ദൈവം തോട്ടത്തിലൂടെ നടന്നു.

ഇലകൾ അനങ്ങിയില്ല;
പക്ഷേ
അവയുടെ ഉള്ളിൽ
എന്തോ വിറച്ചു.
ഇന്നലെവരെ
ദൈവത്തിന്റെ ശബ്ദം
അവർക്കൊരു വിളിയായിരുന്നു.

ഇന്ന്
അതേ ശബ്ദം ഒരു ഭയമായി.
അവർ മരങ്ങൾക്കിടയിൽ
ഒളിച്ചു.
അപ്പോൾ
തോട്ടത്തിന്റെ നിശ്ശബ്ദതയിൽ
ആ ചോദ്യം മാത്രം പ്രതിധ്വനിച്ചു

“മർത്യാ നീ എവിടെയാണ്?”

ദൈവത്തിന്
അവർ എവിടെയെന്ന്
അറിയാമായിരുന്നു
എന്നാൽ
അവരുടെ മനസ്സ് അറിയില്ലായിരുന്നു?

അവൻ പറഞ്ഞു,
“അങ്ങയുടെ ശബ്ദം കേട്ടു.
ഞങ്ങളിപ്പോൾ നഗ്നരാണ്;
അതുകൊണ്ട് ഞങ്ങൾ
ഒളിക്കുന്നു...”

അന്നാണ്
മനുഷ്യൻ ആദ്യമായി
ഒരു മരത്തിനുപിന്നിൽ
ഒളിക്കാൻ പഠിച്ചത്..
അവനന്ന്
സ്വന്തം സ്വത്വത്തിലേക്കാണ്
ഒളിച്ചോടിയത്.

നഗ്നമായ ശരീരത്തെക്കാൾ
ഭയപ്പെടുത്തിയത്
നഗ്നമായ മനസ്സായിരുന്നു.
പാപം വന്നപ്പോൾ
സ്വർഗ്ഗം നഷ്ടപ്പെട്ടോ
എന്നറിയില്ല;
പക്ഷേ
മനുഷ്യൻ
സ്വന്തം കണ്ണുകളിൽനിന്ന്
ഒളിച്ചുതുടങ്ങി.

അതുകൊണ്ടാവാം
കാലം ഇത്ര കഴിഞ്ഞിട്ടും
ദൈവത്തിന്റെ ചോദ്യം
മാറാത്തത്—

“മർത്യാ നീ എവിടെയാണ്?”

മനുഷ്യൻ ഇന്നും
മരങ്ങൾക്കിടയിൽ
ഒളിച്ചുനിൽക്കുന്നു.
ഒരിക്കൽ
ഭയത്തിന്റെ പിന്നിൽ,
ഒരിക്കൽ
അഭിമാനത്തിന്റെ പിന്നിൽ,
ഒരിക്കൽ
മതിലുകളുടെ പിന്നിൽ
പിന്നെ ചിലപ്പോഴെങ്കിലും
സ്നേഹമെന്ന പേരിൽ

ദൈവം മാത്രം
അന്നത്തെ സന്ധ്യയിലെന്നപോലെ
കാത്തുനിൽക്കുന്നു,
മനുഷ്യൻ
മരങ്ങൾക്കിടയിൽനിന്നല്ല,
സ്വന്തം ഉള്ളിൽനിന്ന്
പുറത്തുവരുന്ന നിമിഷത്തിനായി.
 Sreekumar Sree 
(മോശയുടെ പുസ്തകം ഉല്പത്തി 3:8-11ന്റെ വായനയാണ് കവിതയ്ക്കാധാരം)

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?