പരലോകത്തില രണ്ട്എഴുത്തുകാർഭാഗം 2


പരലോകത്ത് ഒരു പഴയ മരത്തിന്റെ ചുവട്ടിലിരുന്ന് വൈക്കം മുഹമ്മദ് ബഷീർ ഒരു മുഖപുസ്തകം വായിക്കുകയായിരുന്നു.
ഒ.വി. വിജയൻ എതിർവശത്തിരുന്നു.

“എന്താ വായിക്കുന്നത്?”

വിജയൻ ചോദിച്ചു.

ബഷീർ ഒരു മുഖപുസ്തകം ഉയർത്തിക്കാട്ടി, വിജയൻ കണ്ണട താഴ്ത്തി നോക്കി. "ഓ പുതിയ സംവിധാനം.. ആരുടെ പേജാ.."
"ശ്രീകുമാർ ശ്രീ" ബഷീർ നിസ്സംഗതയോടെ പറഞ്ഞു,
“അവനോ?”
“അതെ.”
“ഇവൻ ഇപ്പോഴും എഴുതുന്നുണ്ടോ?”
“എഴുതുന്നുണ്ട്.”
“എന്തൊക്കെ?” 
ബഷീർ പുസ്തകം അടച്ചു. “അതാണല്ലോ പ്രശ്നം. എന്തൊക്കെയോ!”

വിജയൻ ചിരിച്ചു. “ഒരു എഴുത്തുകാരൻ എല്ലാം എഴുതുന്നത് മോശമാണോ?”
“അല്ല. പക്ഷേ എല്ലാം എഴുതുന്നവൻ ചിലപ്പോൾ ഒന്നും പറയാതെ പോകും.”

വിജയൻ പുസ്തകം വാങ്ങി. ആദ്യ കവിത വായിച്ചു. രണ്ടാമത്തേത് വായിച്ചു. മൂന്നാമത്തേത് വായിക്കാൻ തുടങ്ങിയപ്പോൾ ബഷീർ ചോദിച്ചു:
“എന്താ?”
“ഒരു സംശയം.”
“എന്ത്?”
“ഇവൻ ഓരോ കവിതയിലും ആരെയെങ്കിലും നഷ്ടപ്പെടുന്നുണ്ടോ?”

“എന്തുകൊണ്ട്?”
“എല്ലാ കവിതയിലും വിരഹം.” ബഷീർ പൊട്ടിച്ചിരിച്ചു.

“അത് മാത്രമല്ല. ചില കവിതയിൽ മഴ. ചിലതിൽ നിലാവ്. ചിലതിൽ അമ്മ. ചിലതിൽ മകൾ. ചിലതിൽ ഓർമ്മ. എല്ലാത്തിന്റെയും അവസാനം ജീവിതത്തെക്കുറിച്ചൊരു ഇല്ലാത്ത സത്യം.”

വിജയൻ തലകുലുക്കി. “അത് വലിയ അപകടമാണ്.”

“എന്ത്?”
“ജീവിതം ഇത്രയും എളുപ്പത്തിൽ വലിയ സത്യങ്ങൾ പറയുന്നില്ല.”

അവർ വീണ്ടും വായിച്ചു.
ഒരു വരി.
വിജയൻ നിർത്തി.

“ നല്ലതാണ്.” ബഷീർ ഉടൻ പറഞ്ഞു:

“അടുത്ത വരി നോക്ക്.” അടുത്ത വരി വായിച്ചു.
“ഇത് കളഞ്ഞിരുന്നെങ്കിൽ ആദ്യത്തെ വരി കൂടുതൽ നല്ലതായേനേ.” വിജയൻ ചിരിച്ചു.

“അതാണ് ശ്രീകുമാർ ശ്രീയുടെ പ്രശ്നം.”
“എന്ത്?”
“നല്ലൊരു വരി കിട്ടിയാൽ അതിനെ ഒറ്റയ്ക്ക് നിർത്താൻ അവനറിയില്ല.”
“അതെ!”

ബഷീർ കൈകൊട്ടി. “നല്ല വരിയുടെ കഴുത്തിൽ കയറി ഇരുന്ന് അതിനെ വിശദീകരിച്ചുകൊണ്ടിരിക്കും.”

വിജയൻ ചിരിച്ചു. “വായനക്കാരന് മനസ്സിലാകുമോ എന്ന് പേടിയാണ്.”
“വായനക്കാരനെ അവൻ കുറച്ചെങ്കിലും വിശ്വസിക്കണം.”

“അതാണല്ലോ എഴുത്തുകാരന്റെ ആദ്യ ഉത്തരവാദിത്വം.”

ബഷീർ പുസ്തകം മറിച്ചു. “ഇവിടെ നോക്ക്.”
“എന്ത്?”
“ഇവൻ സ്വന്തം എഴുത്തിനെക്കുറിച്ച് ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്.”

വിജയൻ വായിച്ചു. കുറച്ചുനേരം മിണ്ടാതിരുന്നു.

“ഇതും എഴുതണമായിരുന്നോ?”
“എന്തുകൊണ്ട്?”
“അവന്റെ എഴുത്ത് വായിച്ചിട്ട് നമ്മൾക്ക് അഭിപ്രായം പറയാൻ അവസരം തരേണ്ടതല്ലേ അവൻ തന്നെ മുൻകൂട്ടി അഭിപ്രായം പറഞ്ഞാൽ നമ്മൾ എന്തു ചെയ്യും?”

ബഷീർ ചിരിച്ചു. “ഇവന് മറ്റൊരു വലിയ പ്രശ്നമുണ്ട്.”

“എന്ത്?”
“സ്വന്തം എഴുത്തിന്റെ പ്രൂഫ് റീഡറും എഡിറ്ററും നിരൂപകനും ആരാധകനും എല്ലാം ഒരാൾ തന്നെയാണ്.”

വിജയൻ: “അപ്പോൾ വിമർശകൻ?”
ബഷീർ: “അത് വായനക്കാരന്റെ ഭാഗ്യം.” ഇരുവരും ചിരിച്ചു. പിന്നെ വിജയൻ ഗൗരവമായി.
“പക്ഷേ, അവനിൽ ഒരു കാര്യമുണ്ട്.”
“എന്ത്?”
“അവൻ എഴുതാൻ ശ്രമിക്കുന്നു.”
“അത് എല്ലാവരും ചെയ്യുമല്ലോ.”
“അല്ല. അവൻ പറയാൻ കഴിയാത്തതിനെ വാക്കുകളാക്കാൻ ശ്രമിക്കുന്നു.”
ബഷീർ ഒന്നും പറഞ്ഞില്ല.
വിജയൻ തുടർന്നു: “എപ്പോഴും പരാജയപ്പെടുന്നു. പക്ഷേ ആ പരാജയത്തിനുള്ളിൽ പോലും സത്യസന്ധതയുണ്ട്.”

ബഷീർ പതുക്കെ പറഞ്ഞു: “അതുകൊണ്ടാണ് നമ്മൾ അവനെ ഇത്രയും വിമർശിക്കുന്നത്.”
“എന്തുകൊണ്ട്?” ബഷീർ പുസ്തകം അടച്ചുകൊണ്ട് പറഞ്ഞു: “പ്രതീക്ഷയുള്ളവനെയാണ് ശകാരിക്കാൻ തോന്നുക.”


“ഇവൻ ഇപ്പോൾ സ്വയം ദാർശനികനായിട്ടുണ്ട്.” വിജയൻ ചിരിച്ചു.
“എപ്പോഴായിരുന്നു അല്ലാത്തത്?”
“അതല്ല. ഇപ്പോൾ ഒരു സാധാരണ ചായ കുടിച്ചാലും അതിൽ നിന്ന് ജീവിതത്തിന്റെ അർത്ഥം കണ്ടുപിടിക്കുന്നു.”
വിജയൻ: “ചായ?”
“അതെ.”
“എന്ത് അർത്ഥം?” ബഷീർ പുസ്തകം തുറന്നു.
“ചായ തണുത്തുപോയതിനെക്കുറിച്ച് ഒരു കുറിപ്പ്.” വിജയൻ പൊട്ടിച്ചിരിച്ചു.
“ചായ തണുത്തതല്ല. വായനക്കാരന്റെ ക്ഷമയാണ് ചൂട് വിട്ടത്.”
“അത് നീ എഴുതരുത്. അവൻ അടുത്ത കവിതയിൽ ഉപയോഗിക്കും.”
“ശരിയാ.” അവർ വീണ്ടും ചിരിച്ചു.

പിന്നെ ബഷീർ ഒരു കവിത വായിച്ചു.
“ഇവിടെ നോക്ക്. ‘കാലം നമ്മെ പഠിപ്പിക്കുന്നത്…’ എന്ന് തുടങ്ങുന്നു.” വിജയൻ ഉടൻ പുസ്തകം അടച്ചു.
“നിർത്തൂ എന്റെ ക്ഷമ അവസാനിച്ചു....”
“എന്ത്?”
“‘കാലം നമ്മെ പഠിപ്പിക്കുന്നത്’ എന്ന് തുടങ്ങുന്നിടത്ത് ഞാൻ പേടിക്കും.”
“എന്തിന്?”
“കാരണം അടുത്ത വരിയിൽ സാധാരണയായി ഒരു വലിയ ഉപദേശം വരും.”

ബഷീർ:
“ശരി. വായിക്കാം.”
വായിച്ചു. ഇരുവരും പരസ്പരം നോക്കി.
വിജയൻ:
“പറഞ്ഞില്ലേ?”
ബഷീർ: “പക്ഷേ അവസാന വരി മോശമല്ല.”

“അതെ.”
“അപ്പോൾ?”
“ആദ്യത്തെ അഞ്ച് വരി ഒഴിവാക്കിയാൽ അവസാന ഒരു വരി ഒരു നല്ല കവിതയാകും.” ബഷീർ പുസ്തകത്തിൽ ചുവന്ന പേനകൊണ്ട് ഒരു വട്ടമിട്ടു.

“ഇവൻ നമ്മളെ കേട്ടിരുന്നെങ്കിൽ…”
വിജയൻ:
“എന്ത്?”
“നമ്മൾ പറഞ്ഞതിന്റെ പകുതി മുറിച്ചുകളയുമായിരുന്നു.”
“അതുകൊണ്ടുതന്നെ അവൻ നമ്മളെ കേൾക്കില്ല.”

 ബഷീർ പെട്ടെന്ന് ചോദിച്ചു:
“നമ്മൾ അവനെ കാണുമോ?”
വിജയൻ:
“ആരെയാണ്?”
“ശ്രീകുമാർ ശ്രീയെ.” വിജയൻ ചിരിച്ചു.
“അവൻ ഇവിടെ വന്നാൽ ആദ്യം എന്തു ചെയ്യും?”
“തന്റെ പുസ്തകങ്ങൾ അന്വേഷിക്കും.”
“തീർച്ച.”
“പിന്നെ ചോദിക്കും—‘എന്റെ എഴുത്ത് വായിച്ചോ?’”
വിജയൻ: “അപ്പോൾ?”
ബഷീർ: “വായിച്ചെന്ന് പറയും.”
“പിന്നെ?”
“‘എങ്ങനെയുണ്ട്?’ എന്ന് ചോദിക്കും.” വിജയൻ ചിരിച്ചു.
“അപ്പോൾ?” ബഷീർ എഴുന്നേറ്റു.
“അപ്പോൾ ഞാൻ അവനോട് പറയും—
‘മോനേ ശ്രീകുമാർ,
നിന്റെ എഴുത്ത് മോശമല്ല.
പക്ഷേ നീ എഴുതിയത് മുഴുവൻ നല്ലതാണെന്ന് നീ കരുതുന്ന നിമിഷം മുതൽ അത് മോശമാകാൻ തുടങ്ങും.’”

വിജയൻ കൈയടിച്ചു. “അത് ഞാൻ കൂടി പറയും.”
“നീ എന്ത് പറയും?”
വിജയൻ കുറച്ചുനേരം ആലോചിച്ചു.
“ഞാൻ പറയും— ‘നിന്റെ എഴുത്തിൽ വികാരമുണ്ട്.
പക്ഷേ വികാരത്തെക്കാൾ വലുതായി അതിനെ എഴുതരുത്. വായനക്കാരന്റെ ഹൃദയത്തിന് നീ വഴികാട്ടിയാകേണ്ടതില്ല; ഒരു വാതിൽ തുറന്നുകൊടുത്താൽ മതി.’”
ബഷീർ: “നല്ലത്.”
“പിന്നെ?”
“പിന്നെ?”
“അവന്റെ പ്രണയകവിതകൾ?”
ബഷീർ ചിരിച്ചു. “അതൊക്കെ ഞാൻ നോക്കും.”

അങ്ങനെ ദിവസങ്ങൾ കടന്നു.

ശ്രീകുമാർ ശ്രീ ഭൂമിയിൽ എഴുതി. അവന്റെ ഓരോ പുതിയ എഴുത്തും പരലോകത്തിലെ ആ മരത്തിന്റെ ചുവട്ടിലെത്തി. അവർ വായിച്ചു. ചിലത് കീറി എറിഞ്ഞു. ചിലത് മടക്കി വച്ചു. ചിലത് വീണ്ടും വീണ്ടും വായിച്ചു. ഒരിക്കൽ വിജയൻ ഒരു കവിത വായിച്ച് ഏറെ നേരം ഒന്നും പറഞ്ഞില്ല.
ബഷീർ ചോദിച്ചു:
“എന്താ?”
വിജയൻ പറഞ്ഞു:
“ഇത് അവൻ അറിയാതെ നന്നായി എഴുതിപ്പോയി.പക്ഷെ ഒരേയൊരു വരി...”
“അതാണ് യഥാർത്ഥ എഴുത്ത്.”
“എങ്ങനെ?”
“എഴുത്തുകാരൻ എഴുതിയത് എന്താണെന്ന് അറിയുന്നതിന് മുമ്പേ വായനക്കാരന് അത് മനസ്സിലാകുമ്പോൾ.”
വിജയൻ പുഞ്ചിരിച്ചു.
“അപ്പോൾ ശ്രീകുമാർ ശ്രീയെ നമുക്ക് ഇനിയും കുറച്ച് പ്രതീക്ഷിക്കാമോ.”

ബഷീർ പുസ്തകം അടച്ചു.

“പ്രതീക്ഷിക്കറായില്ല.” കുറച്ചുനേരം ഇരുവരും മിണ്ടാതിരുന്നു.
പിന്നെ വിജയൻ ചോദിച്ചു:
“അവൻ എപ്പോൾ വരും?”
ബഷീർ ദൂരെയുള്ള വഴിയിലേക്ക് നോക്കി.
“ആർക്കറിയാം?”
“വന്നാൽ?” ബഷീർ ചിരിച്ചു.

“അവന്റെ മുഖപുസ്തകം ഒളിപ്പിക്കും.”
“എന്തിന്?”
“അവൻ വീണ്ടും എഴുതാൻ തുടങ്ങാതിരിക്കട്ടെ.”
വിജയൻ പൊട്ടിച്ചിരിച്ചു.
“അവൻ എഴുതും.”
“എങ്ങനെ?”
“ഇവിടെയും കടലാസ് ഉണ്ടല്ലോ.” 

ബഷീർ നെറ്റിയിൽ കൈവച്ചു. “അയ്യോ!”

അവർ രണ്ടുപേരും വീണ്ടും ചിരിച്ചു. പിന്നെ ബഷീർ മേശപ്പുറത്തിരുന്ന ശ്രീകുമാർ ശ്രീയുടെ പുസ്തകങ്ങൾ ഒന്നൊന്നായി എടുത്ത് ഒരു പെട്ടിയിൽ വെച്ചു.
വിജയൻ ചോദിച്ചു: “ഇതെന്തിനാ?”
“അവൻ വരുമ്പോൾ കൊടുക്കാൻ.”
“അപ്പോൾ നീ പുസ്തകങ്ങൾ ഒളിപ്പിക്കില്ലേ?”
“ഇല്ല.”
“എന്തുകൊണ്ട്?” ബഷീർ ഒരു കള്ളച്ചിരിയോടെ പറഞ്ഞു:

“അവന്റെ പുസ്തകങ്ങൾ ഒളിപ്പിച്ചാൽ അവൻ പുതിയ പുസ്തകം എഴുതും.
പഴയ പുസ്തകങ്ങൾ തന്നെ കൊടുത്താൽ
അവൻ അതിലെ തെറ്റുകൾ തിരുത്താൻ ഇരിക്കും.”

വിജയൻ പൊട്ടിച്ചിരിച്ചു. “നീ വലിയ ക്രൂരനാണ്.”

ബഷീർ: “അവൻ വലിയ എഴുത്തുകാരനെന്ന് നടിക്കുന്നവനല്ലേ?
അവനെക്കാൾ ക്രൂരനായിരിക്കണം വിമർശകൻ.”

വിജയൻ പെട്ടെന്ന് ഗൗരവമായി.
“പക്ഷേ, ഒരു കാര്യം.”
“എന്ത്?”
“അവൻ ഇവിടെ വരുമ്പോൾ നമ്മൾ അധികം ചിരിക്കരുത്.”
“എന്തുകൊണ്ട്?”
“അവൻ നമ്മളെ സ്നേഹിച്ചാണ് എഴുതിയത്.” ബഷീർ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ പുഞ്ചിരിച്ചു.
“അറിയാം.”
“അപ്പോൾ?” ബഷീർ പതുക്കെ പറഞ്ഞു:
“അതുകൊണ്ടുതന്നെ പണി കൊടുക്കണം.”
“എന്തിന്?”

“സ്നേഹത്തോടെ കൊടുക്കുന്ന വിമർശനത്തിനാണ്
എഴുത്തുകാരൻ ഏറ്റവും കൂടുതൽ വില കൊടുക്കുക.” വിജയൻ തലകുലുക്കി.

അവർ വീണ്ടും പുസ്തകം തുറന്നു. അടുത്ത കവിത വായിക്കാൻ. ഇടയ്ക്കിടെ ചിരിക്കാൻ. ചില വരികൾക്ക് അടിവരയിടാൻ. ചിലത് വെട്ടിക്കളയാൻ. ഒരിക്കൽ ഞാൻ അവിടെ എത്തുന്നതും കാത്ത്.

ആ പഴയ മരത്തിന്റെ ചുവട്ടിൽ
രണ്ട് കസേരകൾക്കരികിൽ
മൂന്നാമത് ഒരല്പം ഇടം അവർ ഒഴിച്ചിട്ടിരുന്നു. അതിന്റെ മുകളിൽ ഒരു ചെറിയ കടലാസ്:

“ശ്രീകുമാർ ശ്രീക്കായി —
ഇവിടെ ഇരുന്നാൽ ആദ്യം കേൾക്കുക. പിന്നെ മറുപടി പറയുക. സ്വന്തം എഴുത്തിനെക്കുറിച്ച്
അഭിപ്രായം പറയാൻ പാടില്ല.”

താഴെ ബഷീറിന്റെ കൈയക്ഷരത്തിൽ ഒരു വരി കൂടി:
“അത് ഞങ്ങൾ പറഞ്ഞുതരാം.”

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?