കഥയമമ

കഥയമമ....

ഗ്രാമത്തിന്റെ അതിരിലൂടെ കഥകളുടെ മധുരം നുണയാനൊരു കാറ്റെത്തുമ്പോൾ പറമ്പിലെ വള്ളിച്ചെടികൾ വരെ കാറ്റിനെ അടക്കി,
വൈകുന്നേരത്തിന്റെ കഥകൾ കേൾക്കാനെന്നപോലെ ക്ഷമയോടെ ആ ഉമ്മറത്ത് ചുറ്റിനിൽക്കും.
"അനന്തി"യുടെ ബാല്യത്തിന് സന്ധ്യയ്ക്കു വിരിയുന്ന പാരിജാത സുഗന്ധത്തേക്കാൾ വലുതൊന്നുണ്ടായിരുന്നു,
മുത്തശ്ശി 'കാളിയമ്മ'യുടെ കഥകളുടെ ഭണ്ഡാരം...

“കുഞ്ഞീ...,” കുറുകിയ കണ്ണുകളിൽ തിരിവെട്ടം തെളിച്ച്, മുത്തശ്ശി പറഞ്ഞുതുടങ്ങും, “കാവിലെ ദേവിയെ കാണാൻ കണ്ണുപോര....കണ്ണിനുള്ളിലിരിക്കുന്ന ഭയം ആദ്യം ഒലിച്ചുപോകണം.. ഭയമുള്ള കണ്ണിന് ദേവിയെ കാണാനാകില്ല.. ഭക്തി ഭയമല്ല കുഞ്ഞീ.”

“എന്നാൽ മുത്തശ്ശീ,...” അനന്തി ചോദിക്കും,
“ദേവി സത്യമാണോ..? ഞാനെന്നാണ് അവരെ കാണുക അവർ എന്നാണ് എന്നെ കാണാൻ വരുന്നത്?. ഞാൻ ദീപം കൊളുത്തി പ്രാർത്ഥിച്ചിട്ടും ദേവി എന്താ വരാത്തെ?”

അവന്തി ദേവിയെക്കാണാൻ ഏറെ കൊതിക്കുകയാണ്.. അവളുടെ മുത്തശ്ശിക്കഥകളിൽ ദേവി തീക്കണ്ണുരട്ടി തീച്ചെമ്പകം പൂത്തപോലെ രുദിരമിറ്റുന്ന നാവുള്ളവളല്ല.. അവളുടെ കഥകളിലെ ദേവി ഇളയമ്മയെപ്പോലെ അതിവിലോലയാണ്.. ആൽത്തറയിലെ പവിഴമല്ലിച്ചോട്ടിലെ അതി സുന്ദരിയാണ്. അനന്തിയുടെ അമ്മയെപ്പോലെ കുട്ടികളെ താലോലിക്കുന്നവളാണ്... 

കാളിയമ്മ ചൂണ്ടുവിരലാൽ അനന്തിയുടെ നാസികതുമ്പിൽ സ്പർശിച്ചു:
“ ദേവിയെ കാണാൻ ഈ വെളിച്ചമൊന്നും ആവശ്യമില്ല, കുഞ്ഞീ… മനസിന്റെ വിളക്കാണ് ദേവിയെ കാട്ടുന്നത്. ദേവി തേടുന്നതും,.. ഉള്ളിൽ വെളിച്ചമുള്ളവരിൽ ദേവി പ്രീതിയേകും.” ആ വാക്കുകൾ അനന്തി മനസ്സിലാക്കിയില്ലെങ്കിലും അവൾ ഇരവുപകലുകളിൽ ദേവിയുടെ ദിവ്യരൂപം തനിക്കൊരിക്കൽ പ്രത്യക്ഷമാകും എന്ന്
കുറച്ചു ഭയത്തോടെയും, കൂടുതൽ ആകാംക്ഷയോടെയും വിശ്വസിച്ച് കാത്തിരിക്കാൻ തുടങ്ങി..

ഒരു നനുത്ത പ്രഭാതത്തിൽ
മുത്തശ്ശി വിടപറഞ്ഞു... മുത്തശ്ശിയില്ലാത്ത ഉമ്മറസന്ധ്യകൾ അനന്തി ദീപം തെളിച്ചിട്ടും ശൂന്യമായിക്കിടന്നു.. ഊരുതെണ്ടി കഥതേടിയെത്തുന്ന കാറ്റുകൾ ആ ഉമ്മറപ്പടി മറന്നു.. വല്ലപ്പോഴും വഴിതെറ്റിവരുന്ന മന്ദമാരുതൻ മുത്തശ്ശിയന്യമായ ശൂന്യതയിൽ തങ്ങാതെ മറ്റൊരുകാറ്റിന്റെ കൂട്ടുപിടിച്ച് പാഞ്ഞുപോയി.. 
അനന്തിയുടെ കഥാമൃതമായിരുന്നു അവസാനിച്ചത്. അവളുടെ ഓർമ്മകളിലെ മുത്തശ്ശിക്കഥകളിൽ മഞ്ഞുതുള്ളികൾ പോലെ മൌനം വീണു...
---
മുത്തശ്ശി വിടപറഞ്ഞശേഷമുള്ള ദിവസങ്ങൾ അനന്തിയെ ഒരു അപാരമായ ശൂന്യതയിലാക്കി..
അവൾ പലപ്പോഴും ഒറ്റയ്ക്ക് ആൽത്തറക്കാവുവരെ നടക്കും. മുത്തശ്ശി പറഞ്ഞിരുന്ന ദേവിയുടെ ആലയമായിരുന്നു ആ പഴയ ആൽത്തറക്കാവ്. ചൊവ്വയും വെള്ളിയും ദിനങ്ങളിൽ വലിയമ്മാവൻ അവിടെ വിളക്കുതെളിക്കുമ്പോൾ അമ്മയോടൊപ്പം തൊഴുകൈയോടെ അവൾ അവിടമാകെ പരതുമായിരുന്നു ദേവിയെ.. 

ഒരുനാൾ വേനലെരിയുന്നൊരു പകലിലാണ് അനന്തി ആൽത്തറക്കാവു തീണ്ടിയത്.. മുത്തശ്ശിയുടെ ഓർമ്മകളിൽ അവളവിടെ ചവിട്ടുപടിയിലിരുന്നു... ചൂടിന്റെ കാഠിന്യം തീണ്ടാത്ത കാവിലെ തണുപ്പിൽ മനസ്സാകെ ഒരു ഉന്മേഷമുണർന്നു... അനന്തിയുടെ മനമാകെ മുത്തശ്ശിക്കഥകളുടെ പെരുമ നിറഞ്ഞു... നിശബ്ദതയെ വകഞ്ഞുമാറ്റി കാവിലൊരു കാറ്റു വിരുന്നുവന്നപോലെ അവൾക്കു തോന്നി.. ഒപ്പം മരച്ചാർത്തുകൾക്കിടയിലൊരു ചിലമ്പിന്റെ സ്വരം..?!!

“മുത്തശ്ശീ…?" അവളറിയാതെ മുത്തശ്ശിയെയാണ് വിളിച്ചത്.. മറുപടിയായി ആ ചിലമ്പിന്റെ ശബ്ദം അടുത്തേയ്ക്ക്... അതിനു പിന്നാലെ കാവിലെ വള്ളിപ്പടർപ്പുകൾക്ക് പിന്നിലൊരു ചുവന്ന വെട്ടം തെളിഞ്ഞു വന്നു.. മുഖാവരണം പോലെ... ചുവന്ന അഗ്നിജ്വാല പോലെ...വലയങ്ങളും കിരീടവും പ്രകാശത്താൽ പുളകം.
"ഭഗവതി തെയ്യം"..!!. അനന്തിയുടെ ചെറുചുണ്ടുകൾ വിറച്ചുപോയി.. 

“ദേവീ... നീ… സത്യമാണോ?” അവളറിയാതെ പുലമ്പി...
ഒരു ശബ്ദത്തിനു പകരം
ഒരു സാന്നിധ്യം മറുപടി നൽകി:
“കാളിയമ്മയുടെ ഹൃദയത്തിൽ നിന്നാണ് നിന്റെ കണ്ണിലെ വെളിച്ചം പിറന്നത്. അതുകൊണ്ടാണ് നീ എന്നെ കാണുന്നത്, കുഞ്ഞേ.”

അവൾ വിതുമ്പിക്കൊണ്ടാണ് ചോദിച്ചത്..

“മുത്തശ്ശി.. മുത്തശ്ശിയെ കണ്ടിരുന്നോ?”

രൂപം ശാന്തമായി പറഞ്ഞു:
“അവൾ കഥപറഞ്ഞതല്ല…
അവൾ അനുഭവിച്ചതു നിന്നോട് പറഞ്ഞു. കാളിയമ്മയും എന്റെ പ്രിയപ്പെട്ട ബാലികയായിരുന്നു.
ഇപ്പോൾ, നീയും.”

അനന്തിയുടെ കണ്ണുകളിലൊരു പ്രകാശം നിറഞ്ഞു...:

“അപ്പോൾ മുത്തശ്ശി പറഞ്ഞത് സത്യമാണോ?”

“സത്യത്തിന് തെളിവ് ആവശ്യമില്ല, കുഞ്ഞേ.
അതിന് വിശ്വാസത്തിന്റെ സ്പർശം മാത്രം മതിയാകുന്നു.” അതുപറഞ്ഞ് ആ രൂപമാകെ ചുവന്നുതിളങ്ങി... കാവിലെ തീചെമ്പകത്തിലേക്ക് ആ ചുവപ്പുരാശി പടർന്ന് ചെമ്പകം തീപിടച്ചപോലെ ചുവന്ന പൂക്കളാൽ നിറഞ്ഞുനിന്നു... അനന്തിയുടെ കണ്ണുകൾ ആ പ്രകാശധാരയിൽ അടഞ്ഞുപോയി... ഏറെനേരം വേണ്ടിവന്നു അവൾക്ക് കണ്ണുകൾ തുറക്കാൻ.. മുത്തശ്ശിയുടെ തലോടൽപോലെ ഒരിളംകാറ്റ് അവളെ തഴുകിയുണർത്തി. മുന്നിലെ കാട്ടുവള്ളികൾ പച്ചയായി.. ഭഗവതി മറഞ്ഞുപോയിരിക്കുന്നു. ചെമ്പകം മാത്രം തീക്കണ്ണുരുട്ടിയപോലെ പൂത്തുലഞ്ഞുനിന്നു...

അനന്തിയുടെ കണ്ണുകൾ ആ ചെമ്പകപ്പൂക്കളിൽ തറഞ്ഞുനിന്നു. മുത്തശ്ശി പറഞ്ഞിരുന്ന 'തീക്കണ്ണുരുട്ടി തീച്ചെമ്പകം പൂത്ത' ആ പഴയ ദേവീരൂപമല്ല ഇപ്പോൾ അവളുടെ ഉള്ളിലുള്ളത്. പകരം, കാറ്റായി വന്നെന്നെ തലോടിയ, ചിലമ്പൊലിയായി കാതിൽ മന്ത്രിച്ച, മുത്തശ്ശിയുടെ സ്നേഹമുള്ള ആ വലിയ സുന്ദരി. . ​കണ്ണുകൾ തുടച്ച് അവൾ ആൽത്തറയിൽ നിന്നും എഴുന്നേറ്റു. കാവിലെ മണ്ണിൽ തങ്ങിനിന്ന കടുപ്പമേറിയ ഗന്ധം അവളിൽ ഒരു പുതിയ ഉണർവ് നിറച്ചു.
 മുത്തശ്ശി പറഞ്ഞതുപോലെ, ഭയം ഒഴിഞ്ഞപ്പോഴാണ് താൻ ദേവിയെ കണ്ടത്. ഇരുട്ടിനെയല്ല, വെളിച്ചത്തെയാണ് താൻ പ്രണയിക്കേണ്ടതെന്ന് അവൾ തിരിച്ചറിഞ്ഞു.
​ മുത്തശ്ശി മരിച്ചിട്ടില്ല. ഓരോ കാറ്റിലും, ഓരോ കഥയിലും, ഇപ്പോൾ ആൽത്തറയിലെ ഓരോ ചെമ്പകപ്പൂവിലും മുത്തശ്ശി ചിരിക്കുന്നുണ്ട്.
 കാണുന്നതല്ല സത്യം, അനുഭവിക്കുന്നതാണ് സത്യമെന്ന് ഭഗവതി അവൾക്ക് പഠിപ്പിച്ചു കൊടുത്തു.
​തിരികെ നടക്കുമ്പോൾ അവളുടെ കാലടികൾക്ക് ഒരു താളമുണ്ടായിരുന്നു. ഉമ്മറത്ത് എത്തുമ്പോൾ സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു. പതിവുപോലെ വിളക്കുകല്ലിൽ ദീപം തെളിയിക്കാൻ അവൾ തയ്യാറെടുത്തു. പക്ഷേ ഇത്തവണ അവളുടെ കൈകൾ വിറച്ചില്ല. ശൂന്യത അവളെ പേടിപ്പിച്ചതുമില്ല.​ തിരി തെളിക്കുമ്പോൾ അവൾ പതുക്കെ മന്ത്രിച്ചു, "മുത്തശ്ശീ... ദേവി വന്നു. മുത്തശ്ശിയെപ്പോലെ തന്നെ സുന്ദരിയാണ് ദേവിയും."

​മുറ്റത്തെ വള്ളിക്കുടിലുകൾക്കിടയിലൂടെ അപ്പോഴും ഒരു കാറ്റ് കടന്നുപോയി. അത് അനന്തിയുടെ കാതിൽ ഒരു പഴയ കഥയുടെ തുടക്കമെന്നോണം ഇങ്ങനെ മന്ത്രിച്ചു:
​"ഒരിക്കലൊരു കൊച്ചു പെൺകുട്ടി ഉണ്ടായിരുന്നു... അവൾക്ക് കാവൽ നിൽക്കാൻ ഒരായിരം തീച്ചെമ്പകപ്പൂക്കളുള്ള ഒരു കാവും ഒരായിരം കഥകളറിവുള്ള മുത്തശ്ശിയുമുണ്ടായിരുന്നു....."
​അനന്തിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. കഥകൾ അവസാനിക്കുന്നില്ല, അവൾ പുതിയൊരു കഥയുടെ തുടക്കമാവുകയായിരുന്നു....

Comments

Popular posts from this blog

എക്സിറ്റ് പോൾ

തൊഴിൽനികുതി, എന്ത് എന്തിന്

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?