നാം എന്ന വാക്ക്


ആ പട്ടണത്തിൽ മഴയ്ക്ക് ഒരു പഴയ സ്വഭാവമുണ്ടായിരുന്നു. സന്ധ്യയാകുമ്പോൾ രാത്രിക്കുമുമ്പേ പെട്ടെന്ന് ആകാശം ഇരുണ്ടുപോകും. പൈൻമരങ്ങളുടെ തലപ്പുകൾ കാറ്റിൽ വിറയ്ക്കും. പിന്നെ, ആരോ മുകളിൽ നിന്ന് ഒരു പഴയ ഓർമ്മ കീറിപ്പറിച്ചിടുന്നതുപോലെ, മഴ പതുക്കെ നഗരത്തിന്റെ മേൽ വീഴാൻ തുടങ്ങും.
അവരുടെ വീട്ടിലും അത്തരം സന്ധ്യകളായിരുന്നു അധികവും. എലീനയ്ക്ക് എന്നും അസുഖങ്ങളായിരുന്നു; അവർക്ക് ജീവിതത്തിന്റെ മറ്റൊരു പേരായിരുന്നു രോഗം.
ഒരു ദിവസം തലചുറ്റൽ, മറ്റൊരു ദിവസം നെഞ്ചുവേദന. സർജ്ജറികൾ, പിന്നെ സന്ധിവേദന, ഇടയ്ക്കിടെ ശ്വാസംമുട്ടൽ... ഡോക്ടർമാർ മാറി, ആശുപത്രികൾ മാറി, മരുന്നുകളുടെ നിറം മാറി; പക്ഷേ രോഗങ്ങൾ മാത്രം മാറിമാറി അവളുടെ കൂടെ നിന്നു.
തോമസ് ഒരിക്കലും പരാതിപ്പെട്ടില്ല. രാവിലെ ആറിന് ആശുപത്രിയിൽ പോകേണ്ട ദിവസം അഞ്ചരയ്ക്ക് എഴുന്നേറ്റ് അവൻ കാപ്പിയുണ്ടാക്കും. മരുന്നുകൾ ഒരു ചെറിയ പെട്ടിയിൽ ക്രമമായി വെക്കും. പരിശോധനാഫലങ്ങൾ കൃത്യമായി ഉണ്ടോ എന്ന് പരിശോധിക്കും.
“നീ വരണമെന്നില്ല, ഞാൻ പോയിവരാം. ഇങ്ങനെ ഓടേണ്ടതുണ്ടോ?” ഒരിക്കൽ എലീന ചോദിച്ചു.
തോമസ് ചിരിച്ചു. “നീ ഒറ്റയ്ക്ക് പോകുമ്പോൾ എനിക്ക് വീട്ടിൽ ഇരിക്കാൻ പറ്റുമോ?” അവൾ ഒന്നും പറഞ്ഞില്ല. അവൾക്ക് അന്ന് മുട്ടുവേദനയായിരുന്നു.
വർഷങ്ങൾ അങ്ങനെ കടന്നുപോയി. തോമസിനും ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ആദ്യമത് നെഞ്ചിന്റെ ഇടതുഭാഗത്ത് ഒരു ചെറിയ ഭാരമായിരുന്നു. അവൻ അതിനെ പ്രായത്തിന്റെ ക്ഷീണമെന്നു വിളിച്ചു. പിന്നെ പടികൾ കയറുമ്പോൾ ശ്വാസം മുട്ടാൻ തുടങ്ങി.
“ഡോക്ടറെ കാണണം,” എലീന പറഞ്ഞു.
“കാണാം.”
പക്ഷേ അടുത്ത ദിവസം എലീനയ്ക്ക് സ്കാനായിരുന്നു. അതിനടുത്ത ദിവസം രക്തപരിശോധന. അതിനുശേഷം ഒരു വിദഗ്ധനെ കാണണം. തോമസിന്റെ നെഞ്ചുവേദന സമയം കാത്തിരുന്നു.
ഒരു ഞായറാഴ്ച രാവിലെ അവൻ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ തന്റെ മുഖം ആദ്യമായി അന്യമായതായി തോന്നി. കവിളുകൾ കുഴിഞ്ഞിരുന്നു, കണ്ണുകൾക്ക് താഴെ ഇരുണ്ട വളയങ്ങൾ. അവൻ ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ടിരിക്കെ പെട്ടെന്ന് നെഞ്ചിൽ കടുത്ത വേദന വന്നു.
അവൻ കസേരയിലേക്ക് ഇരുന്നു. അഞ്ചു മിനിറ്റിനുശേഷം വേദന കുറഞ്ഞു. അവൻ എഴുന്നേറ്റു.
അടുക്കളയിൽ നിന്ന് എലീന വിളിച്ചു. “തോമസ്, എവിടെയാണ്? ഇവിടെ ഒന്ന് സഹായിക്കൂ... ഓഫീസിൽ പോകേണ്ടതല്ലേ?”
“ഇവിടെയുണ്ട്.” അവൻ അവളുടെ അടുത്തേക്ക് നടന്നു. അന്ന് സ്വന്തം വേദനയെക്കുറിച്ച് അവൻ ഒന്നും പറഞ്ഞില്ല. എന്നാൽ പലപ്പോഴും ആ കുഞ്ഞുവേദന അവനെ തൊട്ടോർമ്മിപ്പിച്ചുകൊണ്ടിരുന്നു.
അടുത്ത വർഷാവസാനമാണ് അവൻ ആശുപത്രിയിൽ എത്തിയത്. അതും സ്വന്തം ഇഷ്ടപ്രകാരമല്ല. ഒരു വൈകുന്നേരം കാറോടിക്കുമ്പോൾ സ്റ്റിയറിങ്ങിൽ കൈവെച്ചിരുന്ന വിരലുകൾ പെട്ടെന്ന് വിറച്ചു. റോഡിന്റെ അരികിൽ കാർ നിർത്തി അവൻ കുറച്ചുനേരം കണ്ണടച്ചിരുന്നു... സ്വയം ഉണരാനാകാതെ അവൻ തളർന്നുപോയി.
പിന്നെ ആരെൊക്കെയോ അവനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനകൾ നീണ്ടു. ഡോക്ടർമാർ വന്നു... അവസാനം പ്രായം കുറഞ്ഞ ഒരു ഡോക്ടർ ഫയൽ അടച്ച് അവനെ നോക്കി.
“ഇത് കുറച്ചുകൂടി നേരത്തെ കണ്ടെത്തിയിരുന്നെങ്കിൽ…” വാചകം അവിടെ അവസാനിച്ചു. ഡോക്ടർ പൂർത്തിയാക്കാത്ത വാക്കുകളുടെ അർത്ഥവ്യാപ്തി കഴിഞ്ഞ കുറച്ചുനാളുകൾക്കുമുമ്പേ അയാൾ അറിഞ്ഞിരുന്നു. ഭാര്യയുടെ അസുഖം, മക്കളുടെ വിദ്യാഭ്യാസം, കുടുംബചെലവുകൾ... എല്ലാം ആ സത്യത്തെ മൂടിവയ്ക്കാൻ കെല്പുള്ളവയായിരുന്നു. തോമസ് ജനലിലൂടെ പുറത്തേക്ക് നോക്കി, മഴ പെയ്യുകയായിരുന്നു.
“ഇപ്പോൾ?”
ഡോക്ടർ മിണ്ടിയില്ല.
ആ മൗനമാണ് ഉത്തരമെന്ന് തോമസിന് മനസ്സിലായി. വീട്ടിലെത്തിയപ്പോൾ എലീന കാത്തുനിൽക്കുകയായിരുന്നു.
“എന്താ പറഞ്ഞത്?”
തോമസ് ഷൂ ഊരിക്കൊണ്ട് പറഞ്ഞു, “ഒന്നുമില്ല.”
പക്ഷേ അടുത്ത പകൽ അവൾ അവന്റെ മേശപ്പുറത്ത് കിടന്നിരുന്ന ആശുപത്രി ഫയൽ കണ്ടു. അവൾ അത് വായിച്ചു.
ഒരിക്കൽ...
വീണ്ടും...
മൂന്നാമതും...
പിന്നെ അവൾ തോമസിന്റെ വരവിനായി കാത്തു, അസ്വസ്ഥതയോടെ.
“നിനക്ക് ഇത്രയും നാളായി ഇതുണ്ടായിരുന്നോ?”
തോമസ് കണ്ണുകളടച്ചു.
“കുറച്ചുനാളായി.”
“എന്നോട് പറഞ്ഞില്ലേ?”
“പറയാൻ സമയം കിട്ടിയില്ല.”
“സമയം കിട്ടിയില്ലെന്നോ?” അവളുടെ ശബ്ദം വിറച്ചു.
“നിനക്ക് ഇത്രയും വലിയ അസുഖമുണ്ടെന്ന് അറിഞ്ഞിട്ടും നീ എന്നോട് പറഞ്ഞില്ലേ? സമയത്ത് ചികിത്സിച്ചിരുന്നെങ്കിൽ…” അവൾ വാക്ക് പൂർത്തിയാക്കിയില്ല.
തോമസ് അവളെ നോക്കി. ആ നോട്ടത്തിൽ കുറ്റപ്പെടുത്തലില്ലായിരുന്നു. അതായിരുന്നു അവളെ കൂടുതൽ തകർത്തത്.
“നീ എന്നെ കുറ്റപ്പെടുത്തുകയാണോ?” അവൾ ചോദിച്ചു.
“ഇല്ല.”
“പിന്നെ?”
അവൻ കുറച്ചുനേരം മിണ്ടാതിരുന്നു.
“നീ എന്നെ നോക്കിയില്ല എന്നല്ല...” അവൻ കസേരയ്ക്കരികിലേക്ക് നടന്നു. “നിന്നെ നോക്കിക്കൊണ്ടിരിക്കുമ്പോൾ… എന്നെ നോക്കാൻ ഞാൻ മറന്നുപോയി.”
എലീന കൈകളാൽ മുഖം പൊത്തി കസേരയിലിരുന്നു. വർഷങ്ങളായി അവൾ തന്റെ ശരീരത്തിലെ ഓരോ വേദനയും ശ്രദ്ധിച്ചിരുന്നു; ഓരോ ചെറിയ മാറ്റവും, ഓരോ മരുന്നും, ഓരോ പരിശോധനയും. പക്ഷേ തന്റെ അരികിൽ നടന്നുകൊണ്ടിരുന്ന മനുഷ്യന്റെ ക്ഷീണം അവൾ കണ്ടിരുന്നില്ല. അവൾ ഓർത്തു—ആശുപത്രിയുടെ ഇടനാഴികളിൽ ഉറങ്ങാതെ കാത്തിരുന്ന രാത്രികൾ, തണുത്ത കാപ്പിയുടെ മണം, അവൾക്കുവേണ്ടി വാങ്ങിയ മരുന്നുകളുടെ നീണ്ട ലിസ്റ്റുകൾ, അവളുടെ വേദന മാറിയാൽ മതിയെന്ന് പറഞ്ഞ് സ്വന്തം വേദന ചിരിച്ചുതള്ളിയ മുഖം...
അവൾ പതുക്കെ എഴുന്നേറ്റു തോമസിന്റെ അടുത്തേക്ക് ചെന്നു.
“നീ എന്നോട് ദേഷ്യപ്പെടണം.”
“എന്തിന്?”
“ഞാൻ നിന്നെ കണ്ടില്ല.”
തോമസ് ചെറുതായി ചിരിച്ചു.
“നീ എന്നെ കണ്ടിരുന്നു, എലീന.”
“ഇല്ല.”
“കണ്ടിരുന്നു,” അവൻ അവളുടെ കൈ പിടിച്ചു. “പക്ഷേ ഞാൻ നിനക്ക് ഭർത്താവ് മാത്രമായിരുന്നു. മറ്റൊരു മനുഷ്യനായിരുന്നില്ല.”
അവൾ അവന്റെ കൈ കൂടുതൽ മുറുകെ പിടിച്ചു. പുറത്ത് മഴ ശക്തമായി. അന്ന് രാത്രി അവർ ആദ്യമായി ഒരുമിച്ച് ഒരു ആശുപത്രി റിപ്പോർട്ട് വായിച്ചു. അവൾ ഓരോ വരിയും വായിച്ചു, അവൻ ഓരോ വരിയും വിശദീകരിച്ചു. ഒടുവിൽ അവൾ ചോദിച്ചു:
“ഇനി...?”
തോമസ് ജനലിലൂടെ പുറത്തേക്ക് നോക്കി. മഴയുടെ മറുവശത്ത് നഗരം മങ്ങിപ്പോയിരുന്നു.
“അത് ആർക്കും അറിയില്ല.”
“എനിക്ക് പേടിയുണ്ട്.”
“എനിക്കും.”
അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവൻ തുടർന്നു... “ഞാനില്ലാത്ത കാലത്ത് നീ എങ്ങനെ...” അത് പറഞ്ഞപ്പോൾ തോമസിന്റെ കണ്ണുകൾ നിറഞ്ഞു.
എലീന അവന്റെ തല തന്റെ നെഞ്ചോട് ചേർത്തു. വർഷങ്ങളായി അവൾ തന്റെ വേദനകളിൽ അവന്റെ തോളിൽ തലചായ്ച്ചിരുന്നു. അന്ന് ആദ്യമായി തോമസ് അവളുടെ തോളിൽ തലചായ്ച്ചു.
ആ രാത്രി ഇരുവരും മനസ്സിലാക്കി—സ്നേഹത്തിന്റെ ഏറ്റവും വലിയ പരാജയം ചിലപ്പോൾ സ്നേഹിക്കാതിരിക്കലല്ല; മറ്റൊരാളെ സ്നേഹിക്കുന്നതിനിടെ, അയാളും ഒരു ശരീരവും ഹൃദയവും ഭയവുമുള്ള ഒരു മനുഷ്യനാണെന്ന് മറന്നുപോകുന്നതാണ്.
പിറ്റേന്ന് രാവിലെ മഴ നിന്നിരുന്നു. ജാലകത്തിലൂടെ വെളിച്ചം അകത്തേക്ക് വീണു. എലീന മരുന്നുകളുടെ പെട്ടി അടച്ചു. അവൾ അത് തോമസിന്റെ മുന്നിലേക്ക് നീക്കി.
“ഇനി ആദ്യം നിന്റെ മരുന്ന്.”
തോമസ് അവളെ നോക്കി ചിരിച്ചു. “പിന്നെ നിന്റേത്.”
“ഇല്ല,” അവൾ തലകുലുക്കി. “ഇനി രണ്ടുപേരുടെയും.”
അവരുടെ മേശപ്പുറത്ത് രണ്ട് മരുന്നുപെട്ടികൾ കിടന്നു. ഒരേ നിരയിൽ, ജാലകത്തിലൂടെ അകത്തുകടന്ന ഇളവെയിൽ രണ്ടിലും ഒന്നുപോലെ വീണു.. പക്ഷേ അതിനിടയിൽ, വർഷങ്ങളായി നഷ്ടപ്പെട്ടുപോയിരുന്ന ഒരു ചെറിയ വാക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു—
"നാം" എന്ന വാക്ക്.
©️ reserved 
Sreekumar Sree
--------------

Comments

Popular posts from this blog

എക്സിറ്റ് പോൾ

തൊഴിൽനികുതി, എന്ത് എന്തിന്

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?