ഒറ്റയ്ക്കൊരുയാത്ര.


[ജീവിതം പലപ്പോഴും ഒരു യാത്ര പറയലായിപ്പോകുന്നു.
പക്ഷേ, എല്ലാ യാത്രക്കും ഒരു ലക്ഷ്യം ഉണ്ടാവണമെന്നില്ല,
ചിലത് മടങ്ങിവരവുകൾ സാധ്യമാണ്, എന്നാൽ ജീവിതയാത്രയിൽ അത് അസാധ്യമായതും] 

മഴ പതിയെയല്ല വന്നത്.. പെട്ടെന്നൊരു ഓർമ്മ പൊട്ടിത്തെറിച്ചതുപോലെ
ആകാശം തുറന്നു വീണതാണന്ന്. . ആ മഴയിൽ വലിയ റെയിൽവേ സ്റ്റേഷൻ നനഞ്ഞു നിൽക്കുകയായിരുന്നു. ഇരുമ്പിന്റെ ഗന്ധവും, നനഞ്ഞ മണ്ണിന്റെ വാസനയും കാറ്റിൽ കലർന്നിരുന്നു. ഷെഡുകളുടെ ഓരത്തിലൂടെ വെള്ളം ഒന്നിച്ചൊഴുകി ഒരു കോലാഹലസംഗീതം പോലെ
തുടർന്നുകൊണ്ടേയിരുന്നു. ട്രെയിനുകൾ നീണ്ട ശരീരങ്ങളോടെ മഴയെ സഹിച്ചുകൊണ്ട് നിൽക്കുന്നുണ്ട്. ചിലത് അപ്പോൾ എത്തിയവ, ചിലത് പോകാനൊരുങ്ങുന്നവ, ചിലത് കാത്തുനിൽക്കുന്നവ. വിസിൽ മുഴങ്ങുമ്പോഴും മഴ ഒരു നിമിഷം കൂടി കനക്കുന്നതുപോലെ തോന്നി.

ആ തിരക്കിന്റെ നടുവിൽ പ്രായംചെന്ന ആ ദമ്പതികൾ പതുക്കെ നടക്കുകയായിരുന്നു.
മുപ്പത്തിയഞ്ച് വർഷം നീണ്ട ഒരു നഗരജീവിതം ഇപ്പോൾ ഒരു ചെറിയ ബാഗിലൊതുക്കി നാട്ടിലേക്ക് മടങ്ങുകയാണ്.

“ഇനി ഇവിടെ വരേണ്ടി വരില്ലല്ലോ അല്ലേ .…”
അവർ ചുറ്റും നോക്കി പതിയെ പറഞ്ഞു. ആ ശബ്ദത്തിൽ ആശ്വാസമില്ലായിരുന്നു.. മഴയെക്കാൾ നനഞ്ഞ ഓർമ്മകൾ മാത്രം.

“വരേണ്ടതെന്തിന്… ഇനി നമ്മുക്ക് ഗ്രാമമല്ലേ,”
അയാൾ ചിരിച്ചു.
അവൾ നിശ്ശബ്ദമായി നിന്നു.
“എനിക്ക്… എനിക്കുമത് ഉണ്ടോ…?”
അവളുടെ ശബ്ദം താഴ്ന്നു.
“ഞാനീ നഗരത്തിന്റെ രാത്രി പെറ്റവളല്ലേ…” അവൻ ഒരു നിമിഷം തല താഴ്ത്തി. 
മഴയുള്ള ഒരു രാത്രി, വർഷങ്ങൾക്കുമുമ്പ് ഇതുപോലൊരു തിരക്കിൽനിന്നാണ് അവളെ അയാൾ കണ്ടത്. സ്വൈരജീവിതം അവളിൽ അകലെയായിരുന്നു. നഗരം അവളെ ഉപയോഗിച്ചും പിന്നെ ഉപേക്ഷിച്ചും തുടങ്ങിയകാലം..
പക്ഷെ അവൾക്കായി അവനൊരു ജീവിതം മെനഞ്ഞു.
വാക്കുകളില്ലാതെ,മുൻവിധികളില്ലാതെ, ഉപാദികളില്ലാതെ..

ഒടുവിൽ അവൾ അവനോടൊപ്പം നടന്നു. ഇരുട്ടിൽ നിന്ന് ഒരു ചെറിയ വെളിച്ചത്തിലേക്ക്...
അവൾക്ക് പേരും ജീവിതവും അവൻ നൽകിയിരുന്നു...

“ഇനിയും നിനക്കത് മറന്നൂടെ…”
അവൻ മൃദുവായി പറഞ്ഞു.
“ഇനി നമുക്കീ നഗരവുമില്ല നഗര ജീവിതവുമില്ല… ഓർമ്മകളുമില്ല...എന്റെ ഗ്രാമം നിന്റേതുമാണ്…”
അവൾ മറുപടി പറഞ്ഞില്ല. പക്ഷേ കണ്ണുകളിൽ ചെറുതായി നനവുപടർന്നു... ഇന്നും പെട്ടെന്ന് പൊഴിയുന്ന മഴയെന്നപോലെ ഒരു പഴയ രാത്രി അവളിലെ സംഭ്രമത്തെ ഇടയ്ക്കിടെ ഉണർത്തിയിരുന്നു... ഇപ്പോൾ അതൊരു വിറയൽപോലെ ഹൃദയത്തെ കൂടുതൽ വിറപ്പിക്കാൻ തുടങ്ങി. 

ട്രെയിൻ പ്ലാറ്റ്ഫോമിനടുത്തെത്തി നിന്നു.
അവൻ ബാഗുകൾ എടുത്തു.
അപ്പോഴാണ്
അവളിലേക്ക് ഒരു നിശ്ചലത കുടിയേറാനാരംഭിച്ചത്..
കൈയിലെ ചെറിയ ബാഗ് താഴെ വീണു.
അവൾ അവന്റെ കൈ പിടിച്ചു.
“ഈ വണ്ടി ഇനി എത്രനേരം എനിക്കായി കാത്തുനിൽക്കും… സമയം.. കഴിഞ്ഞുപോയതുപോലെ”
അവൾ വളരെ പതിയെയാണത് പറഞ്ഞു.. ഒരുപക്ഷെ അവളുടെ നാവുപോലും ചലിക്കുന്നുണ്ടായിരുന്നില്ല.. ആത്മാവിൽനിന്നുയർകൊണ്ട ആ ശബ്ദം അയാളിലെത്തുകയായിരുന്നു..
“എന്ത്?”
അയാൾ മുഖമുയർത്തി ചോദിച്ചു.
“ജീവിതം…”
അവൾ ചിരിച്ചു... ആ ചിരിയിൽ
വേദനകൾ കടന്നുപോയ ഒരു ശാന്തിയുണ്ടായിരുന്നു.. 

അവൾ പതുക്കെ അവന്റെ ചുമലിൽ ചായ്ച്ചു.
ഒരു നിമിഷം ഒരു ദീർഘനിശ്വാസം വീണുടഞ്ഞു..
അതിനെ അസമയത്തെ വിശ്രമമെന്നു അയാൾ കരുതി... എന്നാൽ അവളുടെ പിടി അല്പം ദുർബലമായതുപോലെ....
“എഡോ...…”
അയാൾ വിളിച്ചു. മറുപടി ഇല്ല, 
അവൻ അവളെ കുലുക്കിവിളിച്ചു...
    “കേൾക്കുന്നില്ലേ…?”

പ്ലാറ്റ്ഫോമിൽ ആളുകൾ ഓടിക്കൊണ്ടിരുന്നു.
ആരിലും അവരുടെ നിശ്ശബ്ദത ശ്രദ്ധയിൽപ്പെട്ടില്ല. ഊർന്നുവീഴാനാഞ്ഞ അവളുമായി അയാളാ പ്ലാറ്റുഫോമിൽ വെറുംനിലത്തിരുന്നു... അവൾ ഇപ്പോൾ പൂർണ്ണമായും ശാന്തമായിരുന്നു.
മുപ്പത്തിയഞ്ച് വർഷം.. ഒരു ജീവിതം... ഒരു നിമിഷം കൊണ്ടത് ഓർമ്മയായി മാറി...

ആ ട്രെയിനും മുന്നോട്ട് നീങ്ങി. മഴ തുടരുകയായിരുന്നു. പ്ലാറ്റ്ഫോമിൽ ഒരു മനുഷ്യൻ മാത്രം നിശ്ചലമായി ഇരുന്നു, മറ്റൊരു നിശ്ചലതയ്ക്ക് കൂട്ടായി. അവന്റെ കൈകളിൽ ഇരുട്ടിൽ നിന്ന് വീണ്ടെടുത്ത ജീവിതം നിശ്ചലമായി കിടക്കുകയായിരുന്നു, അവളിപ്പോൾ മറ്റൊരു ഇരുണ്ട നിശ്ശബ്ദതയിലേക്ക് മടങ്ങിയിരിക്കുന്നു.. സ്റ്റേഷനിലെ വെളിച്ചം
മഴത്തുള്ളികളിലൂടെ മങ്ങിനിന്നു. അയാളുടെ മുന്നിൽ അനവധി ട്രാക്കുകളിൽ ട്രയിനുകൾ വന്നുനിന്നു. പക്ഷേ ഇനി യാത്രയില്ല.

അയാളുടെ ജീവിതത്തിന്റെ
അവസാന സ്റ്റേഷൻ
അവിടെ തന്നെയായിരുന്നു... തുടർച്ച വെറും യാന്ത്രികത മാത്രം.
Sreekumar Sree

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം