പറങ്ങാണ്ട്യേ...
#പറങ്ങാണ്ട്യേ...
(ഈ കുറിപ്പ് ശ്രീമതി. Aysha Kader ന്റെ ഓർമ്മക്കുറിപ്പുകൾക്കുള്ള സമർപ്പണമാണ്)
പ്രഭാതങ്ങൾക്കെല്ലാം ഒരുപോലെ ജന്മമല്ല…
ചില പ്രഭാതങ്ങൾ വെറും വെളിച്ചമത്രേ, ചിലത് ഓർമ്മകളുടെ ശബ്ദവുമാണ്.
എന്റെ ഗ്രാമത്തിലെ പ്രഭാതങ്ങൾ ശബ്ദങ്ങളാൽ തീർത്തവയായിരുന്നു, പാടത്തുനിന്നുയരുന്ന മണ്ണിന്റെ ഗന്ധവും മുണ്ടകൻ കതിരുകൾ കാറ്റിലുലയുന്ന കിലുകിലാരവും,
തോടിന്റെ നിസ്സീമമായ ഒഴുക്ക്,
കൈതോലപ്പായ നെയ്യുന്ന കൈകളുടെ താളം… മുകളിൽ പറങ്കിമാവിൻ തോട്ടം താണ്ടി മണം പേറിവരുന്ന കാറ്റ്...
അതെല്ലാം മറികടന്ന്, ആഴ്ചാവസാനം കേൾക്കുന്നൊരു വിളിയുണ്ട്..
“പറങ്ങാണ്ട്യേ...…”
ആ ശബ്ദം പ്രഭാതത്തെയല്ല ഉണർത്തുക.., ഗ്രാമ ജീവിതത്തയാകെ ഉണർത്തുന്നു..
കൈതക്കാടുകൾ അതിരാകുന്ന ഇടവഴികൾക്കുള്ളിൽ കുടുങ്ങിയിരുന്ന ഗ്രാമം
മഴ വന്നാൽ വെള്ളത്തിൽ മുങ്ങിപ്പോകുന്ന പാടവരമ്പുകൾ,
വഴികളേക്കാൾ ഓർമ്മകൾ കൂടുതലായിരുന്ന ഒരു ലോകം.
അങ്ങോട്ടാണ് അവൻ വന്നിരുന്നത്
കാലത്തിന്റെ പുറത്തു നിന്നൊരു മനുഷ്യനെപ്പോലെ,
അബ്ദുള്ള..!! ഞങ്ങളുടെ അബ്ദൂക്ക..
തോളിലൊരു കൊട്ട…
അത് വെറും പാത്രങ്ങളുടെയും ചട്ടികളുടെയും ഭാരമല്ല,
ഗ്രാമത്തിന്റെ ചെറു ആഗ്രഹങ്ങളുടെ സംഭാരമാണ്.
അലുമിനിയം പാത്രങ്ങൾ, ചീനച്ചട്ടികൾ, തവികൾ…
അതിന്റെ ഇടയിൽ പ്രത്യേകം സൂക്ഷിക്കുന്ന ഒരു ചെറിയ അലുമിനിയം ട്രങ്ക്പെട്ടിയിൽ നിറഞ്ഞുനിൽക്കുന്ന കുപ്പിവളകൾ, ചാന്ത്, കൺമഷി,
പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് നിറം കൊടുക്കുന്നു.. ആ പെട്ടി..!
സെയ്താക്ക നീട്ടിവിളിക്കും
“പറങ്ങാണ്ട്യേ...…”
അത് വെറും വിളിയല്ലായിരുന്നു
ഒരു ബന്ധത്തിന്റെ ഭാഷയാണ്..
ഞങ്ങൾ പെറുക്കികൂട്ടിയ കശുവണ്ടി കൈമാറി
ജീവിതം കുറച്ച് സൗകര്യങ്ങളാക്കി മാറ്റുന്ന
നിഷ്കളങ്കമായ ഒരു കൈമാറ്റം... കളിക്കൂട്ടുകാരിക്കായൊരു ചൊമന്ന കുപ്പിവള വാങ്ങി കരുതാനായത്.. കൈമാറാനവസരം കിട്ടുംമുമ്പ് അമ്മ കല്ലിലടിച്ചു നനച്ച ട്രൗസറിന്റെ പോക്കറ്റിൽ സമാധിപൂണ്ടത്..
ഓർമ്മകൾക്കു പഞ്ഞമില്ല.
പണം ഇല്ലാത്തിടത്ത്
വിശ്വാസം കറൻസിയായിരുന്ന കാലം. അന്നത്തെ ഭാഷക്കും ഒരു ബാല്യതയുണ്ടായിരുന്നു…
വസ്തുക്കളുടെ പേരിലെ അക്ഷരം വഴുതി മറ്റൊരു രൂപം പ്രാപിക്കുമ്പോൾ
വാക്കുകൾക്ക് ഒരു മൃദുലത കൂടിവരുന്നു.
“പറങ്കിയണ്ടി”
“പറങ്ങാണ്ടി...” ആയി,
അവിടെ നിന്നു വീണ്ടും ലജ്ജിച്ചു ചുരുങ്ങി “പറങ്ങാണ്ട്യേ...” ആയി.
ഞങ്ങൾ കുട്ടികൾ ആ വാക്കിനെ നേരെയാക്കാൻ ശ്രമിച്ചു. അക്ഷരങ്ങളെ ശരിയാക്കാൻ...
പക്ഷേ…
ജീവിതത്തെ അക്ഷരങ്ങളിൽ അടക്കാനാകുമോ അതിനാൽ ഞങ്ങൾ സമാധാനിച്ചു...
വീണ്ടും വീണ്ടും അബ്ദുള്ള നീട്ടിവിളിച്ചു
“പറങ്ങാ.....ണ്ട്യേ...…”
അപ്പോൾ ഞങ്ങൾക്ക് മനസ്സിലായി, ഭാഷ പഠിപ്പിക്കാനാകും, പക്ഷേ ശൈലി പഠിപ്പിക്കാനാകില്ല.
ഞങ്ങൾ ചിരിച്ചു… ആ വിളികേട്ട അമ്മമാരുടെ ചുണ്ടിൽ വിരിഞ്ഞ ചെറിയൊരു പുഞ്ചിരി കൂട്ടച്ചിരിയായി വളർന്നു...
പറങ്കിനാട്ടിൽനിന്ന് വന്ന മാവ് പറങ്കിമാവും അതിലെ കുരു പറങ്കിയണ്ടിയുമായ കഥ പിന്നീടാണ് ഞങ്ങൾ പഠിച്ചത്.. എന്നാൽ ഈ ആശാന് "കാഷ്യൂനട്ട്" എന്ന ഉഗ്രൻ ആംഗലേയം ഉണ്ടെന്ന് സ്കൂളിലാ പഠിച്ചത്.. ഒപ്പം രസകരമായ ഒരു നാടൻ തമാശക്കഥയുമുണ്ട്, cashnut ന് ആ പേരുവന്നകഥയാണ്..
ബ്രിട്ടീഷുകാരന്റെ ഇന്ത്യയിൽ അന്തിച്ചന്തയ്ക്ക് നാരായണിത്തള്ള കശുവണ്ടി ചുട്ട് തോടുകളഞ്ഞ് വില്കാൻ വച്ചിരുന്നത് സായ്പ് കാണാനിടയായി.. വെളുത്ത സുന്ദരൻ കശുവണ്ടി കണ്ടിട്ടുള്ള സായ്പിന് ഈ കരിഞ്ഞ സാധനം പിടികിട്ടിയില്ല..
"What is it..?" സായ്പിന്റെ ചോദ്യം മനസ്സിലായില്ലെങ്കിലും നാരായണിയേടത്തി മറുപടി നൽകി
"കാശിന് എട്ട്..." (ഒരുകാശിന് എട്ടെണ്ണമെന്ന്)
സായ്പ് ഉടനെ, oh.. cashnut cash nut എന്ന് പറഞ്ഞത്രേ.. കേട്ടുനിന്നവർ അന്നുമുതൽ കശുവണ്ടിയ്ക്ക് Cash nut എന്ന് പേരിട്ടു.... അതുപോലെ നമ്മുടെ കപ്പ/മരച്ചീനിക്കുമുണ്ടൊരു കഥ
പണ്ട് ദാരിദ്ര്യം എന്നത് നാട്ടിൽ ഒഴിയാബാധയായിരുന്നകാലത്ത് അന്യന്റെ പറമ്പിലെ കപ്പയുടെ മൂട്ടിലെ മണ്ണുമാന്തി കപ്പക്കിഴങ്ങ് അടർത്തിയെടുത്തിട്ട് തിരികെ മണ്ണിട്ടുമൂടുന്ന വിദ്യ വ്യാപകമായിരുന്നു.. അങ്ങനൊരു വിരുതൻശങ്കു ആ കലാപരിപാടി ചെയ്യവേ അതുവഴി വന്ന സായ്പ് ചോദിച്ചു..
"what is it..?
വിരുതൻ അല്പം പരുങ്ങിയെങ്കിലും സത്യം പറഞ്ഞു..
"തപ്പിനോക്കുവാ.."
"Ok oK tapioca..." അങ്ങനാണത്രെ മരച്ചീനിക്ക് ആംഗലേയം ഉണ്ടായത്
കാലം, വാക്കുകളേക്കാൾ വേഗത്തിൽ മാറുന്നു.
ഇപ്പോൾ… ഈ നഗരത്തിന്റെ ഉയർന്ന കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്നു
മഴയെ നോക്കുമ്പോൾ,
ആ പഴയ ശബ്ദം എവിടെയോ നിന്നു വീണ്ടും കേൾക്കുന്നപോലെ...
“പറങ്ങാണ്ട്യേ...…”
അത് ഒരു മനുഷ്യന്റെ വിളിയല്ല…
ഒരു കാലഘട്ടത്തിന്റെ പ്രതിധ്വനിയായിരുന്നു...
മനസ്സിലിന്നും എന്നും പഴയ ഒരു കുപ്പിവള ഉടയാതെ,
വിലകുറഞ്ഞതാണത്..,
പക്ഷേ ഓർമ്മയുടെ വെളിച്ചം അതിന്റെ ചില്ലിലാകെ നിറഞ്ഞിരിക്കുന്നു..
അതിനെ ചെവിയോട് ചേർത്താൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ ശബ്ദങ്ങളും കേൾക്കാം…
ചില ശബ്ദങ്ങൾ
കാലം കൊണ്ടുപോകില്ല…
അവ നമ്മളെ കൊണ്ടുപോകും
നമ്മൾ വിട്ടുപോയ ജീവിതത്തിലേക്ക്... എത്ര തിരക്കിനിടയിലും ഏതു ബഹളത്തിനുമപ്പുറവും മനസ്സിനെ ബാല്യമാക്കുന്ന ചില
വിളിയൊച്ചകളുണ്ട്... ആകാശത്തൊരു നക്ഷത്രം എന്നെനോക്കി മിന്നുന്നു.. അതിനെ തഴുകിവന്ന കാറ്റിലൊരു നീണ്ട വിളിയുണ്ടോ...“പറങ്ങാണ്ട്യേ...…”
Comments