നിഴൽപ്പാടുകൾ
നഗരത്തിലെ ആ ഫ്ലാറ്റിന്റെ പത്താംനിലയിലെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ താഴെ നിരനിരയായി പായുന്ന വാഹനങ്ങളുടെ ചുവന്ന വെളിച്ചം കാണാം. ഒരു യന്ത്രപ്പാവയെപ്പോലെ ലക്ഷ്മി അടുക്കളയിൽ പാത്രങ്ങൾ കഴുകി അടുക്കിവെക്കുകയായിരുന്നു. അമ്പതാം വയസ്സിലെത്തിയ ലക്ഷ്മിക്ക് നഗരജീവിതം ഒരുതരം ചിട്ടപ്പെടുത്തിയ വിരസതയാണ്.
എന്നാൽ മകൾ ആതിരയ്ക്ക് ഈ നഗരം അവളുടെ സ്വപ്നങ്ങളുടെ വലിയൊരു കാൻവാസാണ്.
പതിനാറ് വയസ്സിന്റെ കൗതുകത്തിൽ നിൽക്കുന്ന ആതിര, ഹൈസ്കൂളിലെ 'ഫാഷൻ ക്ലബ്' അംഗമാണ്. അവളുടെ മുറിയിൽ എപ്പോഴും ഇൻസ്റ്റാഗ്രാം റീൽസുകളുടെ സംഗീതവും, ഓൺലൈനായി ഓർഡർ ചെയ്ത വിചിത്രമായ വസ്ത്രങ്ങളും വസ്തുക്കളും ചിതറിക്കിടക്കും.
"ആതിരാ... ആ ഫോൺ ഒന്ന് അടച്ചു വെച്ച് ആഹാരം കഴിക്കാൻ വരുന്നുണ്ടോ നീ? ഈ പാതിരാത്രിയിലും ആ വിസ്മയയോടും രാഹുലിനോടും എന്താണാവോ ഇത്ര പറയാനുള്ളത്?"
ലക്ഷ്മിയുടെ ശബ്ദം നഗരത്തിലെ ട്രാഫിക് ബ്ലോക്ക് പോലെ ഒരു അസ്വസ്ഥതയാണ് ആതിരയിലുണ്ടാക്കിയിരുന്നത്..
മുറിക്കുള്ളിൽ നിന്ന് ഒരു ദീർഘനിശ്വാസം മാത്രം പുറത്തുവന്നു. ആതിര ഫോൺ കട്ടിലിലേക്ക് എറിഞ്ഞു.
അവൾക്ക് അമ്മയുടെ ഓരോ ചോദ്യവും ഒരു 'നോട്ടിഫിക്കേഷൻ' പോലെ അരോചകമായി തോന്നി.
ശാസ്ത്രീയമായി പറഞ്ഞാൽ, അവളുടെ പ്രായം ശരിക്കും 'കോഗ്നിറ്റീവ് ഡിസോണൻസ്' (Cognitive Dissonance) നിറഞ്ഞതാണ്. ആതിര തന്റെ കൂട്ടുകാർക്കിടയിൽ സ്വതന്ത്രയായ, സ്മാർട്ടായ പെൺകുട്ടിയാണ്. എന്നാൽ വീട്ടിലെത്തുമ്പോൾ അമ്മയുടെ കണ്ണിൽ അവൾ വെറും അറിവില്ലാത്ത ഒരു കൊച്ചുകുട്ടി മാത്രം. ഈ വൈരുദ്ധ്യം അവളെ അമ്മയിൽ നിന്ന് മാനസികമായി അകറ്റി.
"അമ്മയ്ക്ക് പഴയകാലത്തെ ചിന്താഗതിയാണ്, എന്നെ മനസ്സിലാക്കാൻ അമ്മയ്ക്ക് കഴിയില്ല" എന്ന നിഗമനത്തിൽ അവൾ ഉറച്ചുനിന്നു.
ഒരു ശനിയാഴ്ച വൈകുന്നേരം സംഗതികൾ കൈവിട്ടുപോയി. ആതിരയും കൂട്ടുകാരും ചേർന്ന് ഒരു ഷോർട്ട് ഫിലിം ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു. മോഡേൺ വസ്ത്രങ്ങൾ ധരിച്ച്, കടും നിറത്തിലുള്ള മേക്കപ്പുമായി നിൽക്കുന്ന ആതിരയെ കണ്ടപ്പോൾ ലക്ഷ്മിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു.
"ഇതാണോ നിന്റെ പഠനം? ഈ പ്രായത്തിന്റെ ചപലതയ്ക്ക് ഒരു അതിരില്ലേ ആതിരാ? നിന്റെ ഈ കൂട്ടുകാരാണോ നിന്നെ ചീത്തയാക്കുന്നത്."
ലക്ഷ്മി അവളുടെ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് കഠിനമായി വഴക്കുപറഞ്ഞു.
ആതിരയുടെ മുഖം വിളറി. അപമാനം കൊണ്ട് അവളുടെ കൈകൾ വിറച്ചു. കൂട്ടുകാർ പോയിക്കഴിഞ്ഞപ്പോൾ അവൾ അമ്മയുടെ നേരെ തിരിഞ്ഞു.
"അമ്മയ്ക്ക് എന്നെ ഇഷ്ടമല്ല... അതുകൊണ്ടല്ലേ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ ഇങ്ങനെ അപമാനിച്ചത്? അമ്മയുടെ ഈ അച്ചടക്കം എനിക്ക് ശ്വാസം മുട്ടലാണ്. എനിക്ക് ഈ വീട്ടിൽ നിൽക്കണ്ട, അച്ഛനുണ്ടായിരുന്നെങ്കിൽ....!"
ആ വാക്കുകൾ ലക്ഷ്മിയിൽ ഒരു മിന്നൽപ്പിണർ പോലെ പതിച്ചു. പതിമൂന്ന് വർഷം മുൻപ് തങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ചുപോയ ഒരാളുടെ നിഴൽ, തന്റെ ഇത്രയും കാലത്തെ അധ്വാനത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്നത് അവർ വേദനയോടെ നോക്കിനിന്നു. മകൾക്ക് വേണ്ടി മാറ്റിവെച്ച സ്വന്തം ജീവിതം ഒരു നിമിഷം കൊണ്ട് അപ്രസക്തമായതുപോലെ അവർക്ക് തോന്നി.. അതു ലക്ഷ്മിയിൽ ഒരാഘാതത്തിന് മതിയാവോളമായിരുന്നു...
കേവലം ആതിരയുടെ മൂന്നാംവയസ്സിലാണ് അയാളവരെ ഉപേക്ഷിച്ചുപോയത്.. പിന്നെ ഇതുവരെ ജീവിതത്തോട് മത്സരിക്കയായിരുന്നു... സമരസപ്പെടുകയായിരുന്നു മകൾക്കായി.. കഴിഞ്ഞ പതിമൂന്ന് വർഷവും അവൾ അച്ഛനെ തിരഞ്ഞില്ല.. ആ വാക്കുമിണ്ടാനവസരവും വന്നിട്ടില്ല.. ഒരു കുറവും അവളെ അറിയിക്കാതെ... എന്നിട്ടും ഇന്നവൾ... അല്പനേരം ലക്ഷ്മി സ്തബ്ദയായിപ്പോയി..
ആതിര മുറിയിൽ കയറി വാതിലടച്ചു. അന്ന് രാത്രി അവൾ ഭക്ഷണം കഴിച്ചില്ല. ലക്ഷ്മി ഫ്ലാറ്റിന്റെ നിശബ്ദതയിൽ തനിച്ചിരുന്നു. ആധുനിക മനഃശാസ്ത്രം പറയുന്ന 'ജനറേഷൻ ഗ്യാപ്പ്' വെറുമൊരു വാക്കല്ലെന്നും, അത് തങ്ങളുടെ ബന്ധത്തെ കാർന്നുതിന്നുന്ന ഒരു അർബുദമാണെന്നും അവർ തിരിച്ചറിഞ്ഞു. എന്നാലും മകളുടെ ചപലതകളെ തിരുത്താൻ ശ്രമിക്കുമ്പോൾ അവളുടെ വ്യക്തിത്വത്തെയാണ് താൻ മുറിപ്പെടുത്തിയതെന്ന് ആ അമ്മയുടെ മനസ്സ് മന്ത്രിച്ചു.
പിറ്റേന്ന് ആതിര പഠനത്തിനുപോയപ്പോഴാണ് , ലക്ഷ്മി ആതിരയുടെ ലാപ്ടോപ്പ് തുറന്നത്. അതിൽ അവൾ എഡിറ്റ് ചെയ്തുകൊണ്ടിരുന്ന ആ കൊച്ചു ചിത്രം കണ്ടു.
നഗരത്തിലെ ഏകാന്തത അനുഭവിക്കുന്ന ഒരമ്മയെക്കുറിച്ചായിരുന്നു ആ സിനിമ. അതിലെ വരികൾ ലക്ഷ്മിയെ കരയിപ്പിച്ചു:
"അമ്മയോട് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്... പക്ഷേ അമ്മ കേൾക്കുന്നത് എന്റെ വാക്കുകളല്ല, എന്റെ പിഴവുകൾ മാത്രമാണ്."
ലക്ഷ്മി ശബ്ദമില്ലാതെ കരഞ്ഞു ഏറെനേരം.. വൈകുന്നേരം ജോലികഴിഞ്ഞുവന്ന ലക്ഷ്മി, പതിവിനു വിപരീതമായി അടുക്കള ഒഴിവാക്കി മകളുടെ മുറിയിൽ ചെന്നു. അവൾ ഉറക്കത്തിലായിരുന്നു. ജനലിലൂടെ വന്ന നഗരവെളിച്ചം അവളുടെ മുഖത്ത് പതിക്കുന്നുണ്ട്. ലക്ഷ്മി അവളുടെ അരികിലിരുന്ന് പതുക്കെ തട്ടിവിളിച്ചു.
"ആതിരാ... എഴുന്നേൽക്കൂ മോളേ..."
ആതിര കണ്ണുതുറന്നു, പക്ഷേ അമ്മയെ നോക്കിയില്ല..
"മോളെ നീ ഇപ്പോഴും അമ്മയോട് പിണക്കമാണോ...."
" അല്ല.. എനിക്ക് പിണങ്ങാനും ഇണങ്ങാനും ഞാൻ മാത്രമേ ഉള്ളൂ.." അവളുടെ മറുപടി ലക്ഷ്മിയിൽ വേദനനിറച്ചു...
മോളേ ഈ അമ്മയ്ക്ക് പിണങ്ങാനും ഇണങ്ങാനും നീ മാത്രമേ ഉള്ളൂ.. അവിടെ എന്റെ സ്ഥാനം പോലും നിനക്കുശേഷമാണ്.." ലക്ഷ്മി കരയാതിരിക്കാൻ അവതു ശ്രമിച്ചെങ്കിലും അവളുടെ കണ്ഠമിടറിപ്പോയി..
ആതിരയുടെ മിഴിത്തുമ്പിലൊരു നീർമണി ഉരുണ്ടുകൂടി സന്ധ്യാമ്പരത്തിന്റെ കുങ്കുമച്ഛായയിൽ അത് ശോണിമയാർന്നു...
അവൾ മുഖമുയർത്താതെ ഇരുന്നു.. ലക്ഷ്മി അവളെ തന്നിലേക്ക് ചേർത്തടുപ്പിച്ചു..
"നീ ഇത്രയും ആഴത്തിൽ കാര്യങ്ങൾ ചിന്തിക്കുമെന്ന് ഞാൻ കരുതിയില്ല. നിന്റെ കുസൃതികൾ അറിവില്ലായ്മയാണെന്ന് കരുതിയത് എന്റെ തെറ്റാണ്. അത് നിന്റെ ക്രിയേറ്റിവിറ്റിയായിരുന്നു. നിന്റെ സുഹൃത്തുക്കളെ ഞാൻ കുറ്റപ്പെടുത്തിയത് അവരോടുള്ള ദേഷ്യം കൊണ്ടല്ല, നഗരത്തിലെ ഈ തിരക്കിൽ നീ എവിടെയെങ്കിലും വഴിതെറ്റിപ്പോകുമോ എന്ന പേടി കൊണ്ടാണ്." ലക്ഷ്മിയുടെ ശബ്ദം ഇടറി.
ആതിര അമ്മയെ അദ്ഭുതത്തോടെ നോക്കി. ലക്ഷ്മി തുടർന്നു:
"ഇനി ഞാൻ നിന്റെ പോലീസ് ആകില്ല, നിന്റെ സിനിമയിലെ ഒരു കഥാപാത്രമാകാം. നമുക്ക് ഒരുമിച്ച് മാറ്റങ്ങൾ കൊണ്ടുവരാം. അമ്മയോട് ക്ഷമിക്ക്."
ആതിരയുടെ കണ്ണുകളിൽ നിന്ന് നീർത്തുള്ളികൾ ഇറ്റുവീണു. അവൾ അമ്മയെ കെട്ടിപ്പിടിച്ചു. ഫ്ലാറ്റിലെ ആ ഇടുങ്ങിയ മുറിയിൽ സ്നേഹത്തിന്റെ വലിയൊരു ആകാശം വിരിഞ്ഞു.
"എനിക്കും അമ്മയെ ഇഷ്ടമാണ് അമ്മേ... പക്ഷേ അമ്മ എന്നെ വിശ്വസിക്കുന്നില്ല എന്ന് തോന്നിയപ്പോൾ എനിക്ക് സങ്കടം വന്നു ഞാനങ്ങനെ പറയരുതായിരുന്നു അല്ലേ അമ്മേ... അമ്മ എന്നോട് ക്ഷമിക്കൂ... ." ആതിരയുടെ തേങ്ങലുയർന്നു.. ലക്ഷ്മിയുടെ കണ്ണുനീർ ആതിരയുടെ നെറുക നനച്ചു.. ആ സ്നേഹധാരയിൽ ഒരാൾ സ്നാനപ്പെട്ടും ഒരാൾ പെയ്തൊഴിഞ്ഞും ശാന്തമായി..
പുറത്ത് നഗരം രാത്രിയിലേക്ക് ഉണരുകയായിരുന്നു.
വാഹനങ്ങളുടെ ശബ്ദവും ജനത്തിരക്കും പതിവുപോലെ ഒഴുകിക്കൊണ്ടിരുന്നു.
എന്നാൽ ആ ചെറിയ മുറിക്കുള്ളിൽ, ഒരു പുതിയ ലോകം ശാന്തമായി രൂപം കൊണ്ടിരുന്നു.
കൗമാരത്തിന്റെ ആഗ്രഹങ്ങളും
മധ്യവയസ്സിന്റെ കരുതലും
പരസ്പരം ഏറ്റുമുട്ടാതെ
ഒരുമിച്ച് ലയിക്കാൻ പഠിച്ച ഒരു നിമിഷം.
സ്നേഹം എന്നത് നിയന്ത്രണമല്ലെന്ന്,
മറിച്ച് മനസ്സിലാക്കലാണെന്നും,
അറിവില്ലായ്മയല്ല, മറിച്ച് അറിഞ്ഞുകൊണ്ട് നൽകുന്ന സ്നേഹമാണ് ബന്ധങ്ങളുടെ അടിത്തറയെന്നും അവർ തിരിച്ചറിഞ്ഞു.
നഗരവെളിച്ചം നിഴലുകളെ അകറ്റിയതുപോലെ ഇരുവരിലുമുറഞ്ഞിരുന്ന നിഴൾപ്പാടുകൾ അലിയുകയായിരുന്നപ്പോൾ.
Comments