ഒറ്റമരം

#ഒറ്റമരം(ചെറുകഥ)
"നോക്കൂ... ആ ഒറ്റമരം! അതിന്റെ ചില്ലകളെല്ലാം ഉണങ്ങിപ്പോയിരിക്കുന്നു. കരിഞ്ഞ ഒരില പോലും അതിൽ ബാക്കിയില്ല. എനിക്കു തോന്നുന്നു, അതിന്റെ തായ്തടി പോലും ഉള്ളിൽ നിന്ന് മരിച്ചു കാണുമെന്ന്... അല്ലേ?"

ജനാലയ്ക്കപ്പുറത്തെ ശൂന്യതയിലേക്ക് പലപ്പോഴും അവളുടെ ശ്രദ്ധ ക്ഷണിച്ചിരുന്നെങ്കിലും അവൾ കണ്ണുനട്ടത് ഇപ്പോഴാണെന്നു തോന്നി. അയാൾ കിടന്നുകൊണ്ടുതന്നെ കണ്ണുകൾ വീണ്ടും അങ്ങോട്ട് പായിച്ചു... ആ വീട് വാങ്ങിയ കാലം മുതൽ അയാളുടെ പ്രഭാതങ്ങൾ വിരിഞ്ഞിരുന്നത് ആ വൃക്ഷത്തിന്റെ ചില്ലകളിലായിരുന്നു. വീടിനപ്പുറം ഏതാനും പറമ്പുകൾ പിന്നിട്ടാൽ കാണുന്ന ആ ചതുപ്പിന്റെ വിരിമാറിൽ, ഒരു തപസ്സിയെപ്പോലെ ഏകാകിയായി നിന്നിരുന്ന വന്മരം. ഈ കിടക്കമുറിയിൽ മാത്രമല്ല അടുക്കളജനാല തുറന്നാലും ശ്രദ്ധിക്കുക ആ ഒറ്റമരമാണ്...

"അന്നൊക്കെ വേനലാകുമ്പോൾ അതിൽ നിറയെ മഞ്ഞപ്പൂക്കൾ വിരിയുമായിരുന്നു," അയാൾ ഓർമ്മകളുടെ തടയണ തുറന്നു. "നിലാവുള്ള രാത്രികളിൽ വെള്ളപ്പട്ടുതൂവലുകളുള്ള വെളുത്ത കൊക്കുകൾ അതിൽ വന്നിരിക്കും. അകലെ നിന്ന് നോക്കുമ്പോൾ അതൊരു മരമല്ല, മാലാഖമാർ ചേക്കേറിയ ഒരു ഗോപുരമാണെന്നേ തോന്നൂ. ഏതു മരമാണതെന്ന് ഒരിക്കൽ അടുത്തുപോയി തൊട്ടു നോക്കണമെന്ന് കരുതിയതാ..."

ഒരുതരം നിസ്സംഗതയോടെ അവൾ തണുപ്പിച്ച ഓട്‌സ് കഞ്ഞി സ്പൂണിലെടുത്ത് അയാളുടെ വായ്ക്കരികിലേക്ക് നീട്ടി. 'എന്തിന്?' എന്ന ചോദ്യം അവളുടെ കണ്ഠത്തിൽ തടഞ്ഞുനിൽക്കുന്നതായി അയാൾക്ക് തോന്നി. തളർന്നു കിടക്കുന്ന ഒരാൾക്ക് എന്തിനാണ് മരങ്ങളുടെ ജാതകം? ശരിയാണ്, എന്തിന്?
 
പ്രായോഗികതയുടെയും അതിജീവനത്തിന്റെയും ലോകത്ത് ഇത്തരം കൗതുകങ്ങൾക്ക് എന്ത് പ്രസക്തി? എങ്കിലും, ഓരോ പുലരിയിലും ജനാല തുറക്കുമ്പോൾ അയാൾ ആദ്യം തിരഞ്ഞിരുന്നത് ആ വൃക്ഷത്തെയായിരുന്നു. സമൃദ്ധമായ പച്ചപ്പിന്റെ ധാരാളിത്തത്തിൽ നിന്ന് അതൊരു വെളുത്ത അസ്ഥികൂടമായി പരിണമിക്കുന്നത് അയാൾ വേദനയോടെ നോക്കിനിന്നു. പുറംതൊലി അടർന്നുമാറിയ അതിന്റെ ശിഖരങ്ങൾ നിലാവത്ത് അസ്ഥികളെപ്പോലെ തിളങ്ങുമായിരുന്നു. പണ്ട് കിളികളുടെ ശബ്ദഘോഷങ്ങളാൽ സജീവമായിരുന്ന ആ ചില്ലകളിൽ ഇന്നിപ്പോൾ മീൻവിഴുങ്ങിപ്പക്ഷികൾ മാത്രം വല്ലപ്പോഴും വിശ്രമിക്കും. അവയൊന്നു ചിറകടിച്ചുയരുമ്പോൾ തന്നെ ആ ദുർബലമായ ചില്ലകൾ ഒടിഞ്ഞു താഴെ വീഴുമായിരുന്നു. അത്രമേൽ തകർന്നുപോയിരിക്കുന്നു ആ വൃക്ഷം.

"എന്തുകൊണ്ടാവും അതിങ്ങനെ ഉണങ്ങിപ്പോയത്? ചതുപ്പിന്റെ ഓരത്തല്ലേ നിൽക്കുന്നത്... ജലലഭ്യതയ്ക്ക് കുറവൊന്നുമില്ലല്ലോ," അയാൾ സ്വയം എന്നോണം ചോദിച്ചു.
"അമിതമായതുകൊണ്ടാവാം," അവൾ മുറിഞ്ഞ വാക്കുകളിൽ മറുപടി നൽകി. "അധികമായാൽ അമൃതും വിഷമാണല്ലോ. അമിതമായ വെള്ളം അതിന്റെ വേരുകളെ അഴുകിച്ചിട്ടുണ്ടാകും."
അതു പറയുമ്പോൾ അവൾ വീണ്ടും കഞ്ഞി അയാളുടെ ചുണ്ടിലേക്കടുപ്പിച്ചു. തളർന്നുപോയ ശരീരത്തിൽ ആകെ ചെറിയ ചലനശേഷിയുള്ള തന്റെ ഇടതുകൈ മെല്ലെ ഉയർത്തി അയാൾ ആംഗ്യം കാട്ടി:
 "മതി..."
"ഇതുകൂടി..." അവൾ നിർബന്ധിച്ചു. അവളുടെ ശബ്ദത്തിൽ സ്നേഹത്തേക്കാൾ കടമയുടെ കാർക്കശ്യമായിരുന്നു.

"വേണ്ട... അധികമായി... അധികമായാൽ.." അയാളുടെ വാക്കുകളിൽ ഒരുതരം ആത്മനിന്ദ കലർന്നിരുന്നു. എന്തോ പിറുപിറുത്തുകൊണ്ട് അവൾ പാത്രവുമായി അടുക്കളയിലേക്ക് നടന്നു. അവളുടെ പിറുപിറുക്കൽ അകന്നുപോകുന്നത് അയാൾ കേട്ടു.
അയാളുടെ ശ്രദ്ധ വീണ്ടും ആ വൃക്ഷാവശിഷ്ടത്തിലുടക്കി.

ഈ കിടക്കയിൽ അയാളുടെ ഒരാശ്വാസമാണ് ആ ഒറ്റമരം.. അതിലേക്ക് നോക്കികിടക്കെ അയാളിലൊരുപാട് വികാരവിചാരങ്ങളാണ്... കൂട്ടമില്ലാതെ ഒറ്റയ്ക്ക് നിൽക്കുന്ന ആ മരം ഏകാന്തത എന്നത് ഒരു കുറവല്ലെന്നും, അതൊരു പൂർണ്ണതയാണെന്നും അയാളെ പഠിപ്പിക്കുന്നു. മനുഷ്യൻ ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്കാണ് എന്ന പരമമായ സത്യം അയാളിൽ തെളിയിച്ചത് ആ വൃക്ഷമാണ്..മരം ഒന്നിനോടും പ്രതികരിക്കുന്നില്ല, അത് വെറുതെ നോക്കി നിൽക്കുന്നു. ജീവിതത്തിലെ ലാഭനഷ്ടങ്ങളെയും രോഗാവസ്ഥയെയും അതേ സാക്ഷിഭാവത്തോടെ കാണാൻ ഇന്നയാൾ ശീലിച്ചത് ആ മരത്തിന്റെ നിശ്ചേതനയിൽ നിന്നാണ്. ശരീരം തളർന്നാലും മനസ്സിന് ആ മരത്തെപ്പോലെ ആകാശം തൊടാം എന്ന ചിന്ത അയാളിൽ നിറയുന്നു.. താൻ നട്ടുവളർത്തിയ കർമ്മങ്ങളുടെ തണലാണോ അതോ വെയിലാണോ ഇപ്പോൾ അനുഭവിക്കുന്നത് എന്ന സ്വയം പരിശോധനയിൽ അയാളുടെ മനസ്സുഴറിയെങ്കിലും, ഒന്നും ഇനി കീഴടക്കാനില്ല എന്ന ബോധം നൽകുന്ന ഒരു വലിയ സമാധാനം. ആ മരം കാറ്റിലാടുമ്പോൾ ഈ വക ചിന്തകൾ അയാളുടെ ആത്മാവിനോട് സംവദിക്കുന്നത് പോലെ തോന്നി...

ഒരു ചെറിയ പരുന്ത് അതിനു ചുറ്റും വട്ടമിട്ടു പറക്കുന്നു. ഇരിക്കാൻ ബലമുള്ള ഒരു ചില്ല പോലുമില്ലെന്ന് തിരിച്ചറിഞ്ഞാവാം, അത് അല്പമകലെ ഒരു തെങ്ങിലേക്ക് ചേക്കേറി. ഉണക്കമരത്തിന്റെ പൊത്തുകളിൽ ചില ചെറുകിളികൾ എന്തോ പരതുന്നുണ്ട്. തായ്തടിയെ ഉള്ളിൽ നിന്ന് തിന്നുതീർക്കുന്ന പുഴുക്കളോ ചിതലോ ആവാം അവയുടെ ഇര. ആ കാഴ്ചയിൽ മയങ്ങിപ്പോയ അയാൾ ഉണർന്നപ്പോൾ സന്ധ്യയായിരുന്നു.
കണ്ണു തുറന്നപ്പോൾ അയാൾ ആദ്യം കണ്ടത് ആ കാഴ്ചയാണ്—വൃക്ഷത്തിന്റെ വലതു പാർശ്വത്തിലെ ഒരു ചില്ല കൂടി നഷ്ടമായിരിക്കുന്നു. മഴയോ കാറ്റോ ഇല്ലാതെ തന്നെ അത് അടർന്നു വീണിരിക്കുന്നു. ഭാരം താങ്ങാനാവാത്ത കാലഹരണപ്പെട്ട അവയവങ്ങളെപ്പോലെ.

 രാത്രിയായതോടെ ലോകം കറുത്ത പുതപ്പിനുള്ളിലായി. കറുത്തവാവ് കഴിഞ്ഞതേയുള്ളൂ. ചന്ദ്രകിരണങ്ങളില്ലാത്ത രാത്രികളിൽ ആ വൃക്ഷത്തെ കാണാൻ കഴിയില്ലെന്നത് അയാളെ വല്ലാതെ നിരാശനാക്കി. മഴക്കാലത്ത് വെള്ളിടി വെട്ടുമ്പോൾ, ആ ക്ഷണിക പ്രകാശത്തിൽ മഴ നനഞ്ഞു നിൽക്കുന്ന ആ വൃക്ഷത്തിന്റെ അസ്ഥികൂടം കാണാൻ ഒരു ഭീകരസൗന്ദര്യമുണ്ട്.
"ആരുടെയെങ്കിലും സഹായത്തോടെ ആ വൃക്ഷത്തെ ഒന്ന് അടുത്തു പോയി കാണണം... ആ ചതുപ്പിലെ വെള്ളത്തിൽ കാലുനനച്ച് അതിന്റെ ഉണങ്ങിയ തായ്തടിയിൽ ഒന്ന് തലോടണം..." ആ മോഹവുമായാണ് അയാൾ നിദ്രയിലേക്ക് വഴുതി വീണത്.
അന്നു രാത്രി പ്രകൃതി അതിന്റെ സംഹാരതാണ്ഡവം ആരംഭിച്ചു. ആകാശത്ത് കരിമേഘങ്ങൾ പരസ്പരം പടവെട്ടി. പേമാരിക്കൊപ്പം ആകാശത്തുനിന്ന് താഴേക്കുകുതിച്ച ഒരു ഭീമൻ വെള്ളിടി ഭൂമിയിലേക്കിറങ്ങിവന്ന് ആ വൃക്ഷത്തിന് മോക്ഷമേകി. അതിന്റെ പൊത്തുകളിൽ അഭയം തേടിയ ഒരു പാവം പക്ഷിപോലും അവശേഷിക്കാത്തതിനാൽ ആ വൃക്ഷത്തിനുവേണ്ടി ഒരു നെടുവീർപ്പിടാൻ അവിടെ ആരുമുണ്ടായിരുന്നില്ല.
പുലരുമ്പോൾ ചതുപ്പിലെ ചെളിയിൽ തലകീഴായി മറിഞ്ഞു കിടക്കുന്ന ആ മരം കാണാൻ ജനാലയ്ക്കൽ അയാളുടെ കണ്ണുകളിലെ ആകാംക്ഷയും അവശേഷിച്ചിരുന്നില്ല. 

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം