മകന്റെ കുപ്പായം
അച്ഛൻ മരിച്ചനാളിലാണ് "അച്ഛാ"എന്ന വിളി അപ്രസക്തമായത് മകന്റെ കുപ്പായവും..!! ഗതകാലസ്മരണകളിൽ ആ കുപ്പായമിടയ്ക്കിടെ ഉടലിൽ പറ്റിച്ചേരാറുണ്ട്.. വിളിയൊച്ചയില്ലാതൊരു പകലസ്തമിക്കുമ്പോൾ, തനിയെ ഊർന്നുവീഴാറുമുണ്ട്.. ഇന്നും..., മനസ്സിന്റെ നേരറകളിൽ സ്വർണ്ണക്കൊളുത്തുവച്ച് പൂട്ടിവച്ചിട്ടുണ്ട് "അച്ഛ..." എന്ന വിളിയൊച്ചയെന്തിനോ.. ഹൃദയഭിത്തിയിലെ കുറുംചുവരിൽ കെട്ടിയ നേരിയ അയയിൽ, തൂങ്ങിയാടുന്നുണ്ടിന്നും മകന്റെ മുഷിഞ്ഞ കുപ്പായം.. നനുവിരൽസ്പർശനം കാത്ത്, ഒരു പിൻവിളി കാതോർത്ത്... ഓർമ്മകളിലെ ഭൂതകാലം ഉള്ളിലെപ്പോഴും തീവിഴുങ്ങിപ്പക്ഷിയുടെ ഉദരംപോലെ കത്തുമ്പോൾ, എങ്ങനെയാണ് ജീവിതത്തിന്റ മേച്ചിൽപ്പുറങ്ങളിൽ ആർക്കുവേണ്ടിയാകിലും, നന്നായി പുഞ്ചിരിക്കുക..? @ശ്രീ. 20/07/21