യന്ത്രപ്പാവ


അപ്പായെനിക്കിതു വേണമെന്നെപ്പൊഴും
ചുമ്മിച്ചുണുങ്ങിയോളപ്പനോടിങ്ങനെ..
അപ്പായെനിക്കിതേ പോരുമെന്നെപ്പോഴും
മുറ്റുംവയസ്സിലുമപ്പനോടിങ്ങനെ...

അപ്പായെനിക്കിവൻ വേണമെന്നിങ്ങനെ
കച്ചവടത്തിനു വന്നൊനെ വാങ്ങുവാൻ....
അപ്പേടെ മോളുടെയാഗ്രഹമല്ലിയോ
അപ്പനല്ലേയെന്നയോർമ്മവച്ചമ്മയും...

അപ്പാനിനക്കെന്തു വേണമെന്നോർക്കുവാ-
നപ്പേടെ മോളുടെനാവുവഴങ്ങീല,
കപ്പയും കഞ്ഞിയും പോരേ നമുക്കെന്ന്
നിത്യവുമമ്മയുമപ്പനോടിങ്ങനെ...

അപ്പനോടാവശ്യമേയുള്ളു നിത്യവും
അപ്പനോ ആവശ്യമില്ലാത്ത ജന്മവും
അപ്പനൊറ്റമരപ്പാലമാണതിലെത്രവട്ടം
മക്കളേറികടന്നുപോം...


അപ്പനൊരു പെരുംതച്ചന്റെപാവ,
ജലം തുപ്പുവാൻ മാത്രമറിഞ്ഞ വെറുംപാവ.
ജീവിതപ്പാലത്തിലാരോകുരുക്കിയ 
കേവലനല്ലോ, അപ്പനിന്നെപ്പൊഴും. 


25-02-23

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്