വ്യാകുലമാതാവ്
വിനോദയാത്രയവസാനിച്ച,
സായാഹ്നത്തിൽ
വീട്ടിലേക്കുള്ളമടക്കം...
അച്ഛൻ;
പോക്കറ്റ് കാലിയായതിന്റെ
മനക്കണക്കിൽ
കണ്ണടച്ച് ഉറക്കംനടിച്ചു
മകൾ;
സുന്ദരനിമിഷങ്ങള
പകർത്തിയിട്ട 'നിലപാടു'കൾ
എത്രപേർ കണ്ടുവെന്ന്
മൊബൈലിലെണ്ണിനോക്കിയിരുന്നു...
മകൻ;
അടുത്തയാത്രയ്ക്ക്
ഇനിയുമെവിടെന്ന്
"ഗൂഗിള"മ്മാവനുമായി
ചർച്ചയിലിരുന്നു,
പശ്ചാത്തല സംഗീതം
ബ്ലൂടൂത്ത് ഹെഡ്സെറ്റ്നൽകി.
അമ്മ;
അത്താഴത്തിനിന്നിനി
പുട്ടുംകടലേം വേണോ
ദോശയും ചമ്മന്തിയും
മതിയോന്ന് ആകുലപ്പെട്ടു...
ചപ്പാത്തി പരത്തേണ്ടിവരുമോന്നോർത്ത്
ചിന്താവ്യാകുലയായി.
Sreekumarsree. 11.2.23
Comments