അമ്മയ്ക്കെത്രവയസ്സായീ...
അമ്മയ്ക്കെത്ര വയസ്സായീ
പൊന്നുണ്ണിക്കൊരു സന്ദേഹം
ഉണ്ണിജനിക്കുമുന്പേയെങ്ങാൻ
അമ്മജനിച്ചതുമെന്നാണോ..?
ഉണ്ണിജനിച്ചൊരുനാളിൽ ജനിച്ചു
അമ്മയുമെന്നതുമറിയുക നീ
ഉണ്ണിവളർന്നിടുമെന്നാലെന്നും
അമ്മ ജനിച്ചതുപോൽ തുടരും
അമ്മയ്ക്കാവില്ലൊരുനാളും
നിന്നെ മറന്നുവളർന്നീടാൻ..
ഉണ്ണീയറിയുകയമ്മയ്ക്കില്ലൊരു
നാളിലുമേറില്ലാ പ്രായം
എന്നായാലും എപ്പോഴാലും
അമ്മയ്ക്കൊരുമനമൊരുവയസ്സ്.
അച്ഛനൊരാൽമരമായീടും
അമ്മയതിൻ നറുതണലാകും
അമ്മയുമച്ഛനുമൊത്തുചമയ്ക്കും
കുഞ്ഞൊരു കൂട്ടിൽ നീ വളരും
വാനം നിറയെ വളർന്നച്ഛൻമര-
മാവോളം നിൻ തണലാകും
താഴെ മരത്തിൻ ചില്ലയിലമ്മ
ച്ചിറകുകളിൽ നീ കളിയാടും.
നാളെ വളർന്നൊരു തരുവാകും നീ
കൂടുചമയ്ക്കും പുതുതായി
അരുമക്കിളിയും അവളുടെയോമൽ
നറുനാമ്പുകളും നിൻസ്വന്തം..
എങ്കിലുമോർക്കുക നിൻതണലായി
നിന്നുടെ പിമ്പേയൊരുജന്മം
നീന്തിനടന്നു തളർന്നുമടങ്ങിയ
അമ്മയുമച്ഛനുമൊരു പുണ്യം
Comments