പനിമതിക്കുളിരൊഴുകുന്ന രാത്രിതൻ മടിയിലേറെക്കിനാക്കണ്ടു സുഗദമായ് ഒരുമയക്കത്തിനാലസ്യലഹരിയിൽ മധുസ്മിതംപേറി ഞാൻ കിടന്നീടവേ പെരുകുമീ മഴയ്ക്കഴകുതിരും സ്വരം ഒരുതലോടലായ് വന്നൂ നിറയവേ പ്രിയദെ, ഞാൻ മനനംചെയ്തചിത്തത്തി- ലരുമയാം നിന്റെ അതിമോഹനംമുഖം.. ഹൃദയമേറെ തുടിക്കുമീയോർമ്മതൻ പ്രിയദഭാവങ്ങളിൽ ഞാൻ മുഴുകവേ, പൂത്തിലഞ്ഞികൾ കാറ്റിൽ പരത്തുന്ന രാഗഗന്ധമൊന്നെന്നെ പുണരുന്നൂ... രാവുസംഗമ വേദിതീർത്തീടുന്നൂ.. ഓട്ടുരുളിയിൽ വീഴും ജലകണം തീർത്തെടുക്കും ഝണനാദമന്ത്രണം ഓർത്തുപോയിഞാനനഘേ പദസ്വനം, നേർത്തടക്കീനീയെത്തുന്നപോലെയും.... ലാസ്യനടനത്തിനുണരുന്നപോലെയും... ഒരുമഴക്കുളിർ നെറുകയിൽ പതിയവേ, തരളാമാ കരം ചേർത്തണച്ചൂ നീയീ - നെറുകയിൽ ചുണ്ടണച്ചുപുണർന്നപോ- ലമലേഞാൻ കണ്ണടച്ചുപോയപ്പൊഴോ.... കനവുകൾ കൂട്ടുവന്നൂനിറയുന്നൂ.. തനുവുറങ്ങിലുമറിയുനീ മനസ്സിനീ, ഹൃദയതന്ത്രികളെന്തിനായുച്ചത്തിൽ അരുമയാം നിന്റെ പദമുച്ചരിക്കുന്നൂ അതിവിശുദ്ധമായ് നിന്നെത്തിരയുന്നൂ..... അതിലുമേറെ നിൻസാമീപ്യമറിയുന്നൂ... ശ്രീ. 4/9/19