Posts

Showing posts from March, 2022

വിലയ്ക്കുവച്ച നങ്കൂരങ്ങൾ

Image
   ഇനിയെന്റെ നങ്കൂരവും വില്പനയ്ക്കു വയ്ക്കുകയാണ് ഞാൻ  തുടർയാത്രയിൽ  തീരങ്ങളില്ല.. അലകളും. നിലനിൽപ്പുകളെ പണയപ്പെടുത്തുവാൻ മടിയില്ലെനിക്കിനി. എന്റെ നങ്കൂരഭാരങ്ങൾ സ്വർണ്ണനിർമ്മിതിയല്ല ജീവിതസമരങ്ങളുടെ ഉപ്പുരസമേറ്റ് ദ്രവിച്ചതാണവ. വില നിശ്ചയിക്കാൻ,  ശ്മശാനകവാടത്തിലെ മധുരക്കച്ചവടക്കാരനെപ്പോലെ പ്രഗല്ഭനല്ലഞാൻ, വഴിവാണിഭത്തിൽ. വിലപറയുംമുമ്പോർക്കുക ഒരു കപ്പലോട്ടക്കാരന്റെ കിതപ്പാണതിൽ.. ഒരു ജന്മത്തിന്റെ ഭാരമേറ്റുതേഞ്ഞുപോയതാണ് അതിൽ വിളക്കിച്ചേർത്ത കൊളുത്തുകൾ.  .......sreekumarsree......

എന്റെ കവിത ( 10 )

Image
ആകാശസീമകളിൽ വിതകാത്തുസൂക്ഷിച്ച പൊൻവിത്തായിരുന്നെന്റെ കവിത.... വെയിൽപ്പൊയ്ത്തിന്റെ ഇടവേളകളിലൊന്നിൽ ഊർന്നുവീണതാണതെന്റെ മണ്ണിൽ.... വെയിലേറ്റാലുരുകാതെ മഴയേറ്റാൽ കുതിരാതെ കിളിർത്തുവന്നതാണതെന്റെ ഭൂവിൽ.... കുയിൽപ്പക്ഷിക്ക് കൂടുകൂട്ടാനും മഴപ്പക്ഷിക്ക് മണ്ടിയൊളിക്കാനും ബഹുപാർശ്വങ്ങളിലേക്ക് ശിഖരമിടുന്നുണ്ടത് നിശ്ചയം.... നറുപുഷ്പങ്ങൾ നന്മകളാണതിൽ, ചെറുഫലങ്ങൾ സ്നേഹമാണതിൻ വെറുപ്പുമണക്കാത്ത തണലുതിർക്കയാണതിന്റ ലതാഗൃഹം... പെരുമഴയിലും കൊടുംചൂടിലും മരംകോച്ചുന്ന തണുപ്പിലും നിനക്കതിന്റെ ചുവടുതേടാം കരുതലിന്റെ കമ്പളംനീർത്തി കാത്തിരിക്കുമതെന്നുമെന്നും നീതേടുംവരെ.... #sree... 6.11.21. 11.37pm

ടാറ്റൂ

Image
മൂടിവച്ചിടത്തിതാകെ കോറിയിട്ടു നീ നിറം, മൂടിടാത്തിടങ്ങളിൽ വരപ്പതെത്ര നിഷ്ഫലം. കാലമേ നമിക്കയാണ് കോലമേറെ കണ്ടുഞാൻ കോടിമാറ്റി നീവരച്ച ചിത്രമത്ര കാണുവാൻ കോടിചുറ്റിടാത്തകാല- മായി മാറുമോ ജനം. ആറുമീറ്ററിൽ പുതച്ച കോടിയെത്ര മോഹനം ആരുചുറ്റുവാനിതെങ്കിൽ ടാറ്റുവാരു കാണുവാൻ.