സ്ഫോടനം മറന്നുപോയ അഗ്നിപർവ്വതങ്ങൾ
"ഗോപീ.. നീയെന്നിൽനിന്നും സെക്സും ആഗ്രഹിക്കുന്നുണ്ടോ..?"
അപ്രതീക്ഷിതമായ ചോദ്യത്തിനുമുന്നിൽ ഗോപീദാസൊന്നു പിടഞ്ഞു.. സുനന്ദാദേവിയുടെ വെട്ടിത്തുറന്നുള്ള ചോദ്യത്തിനെ എതിരിടാനുള്ള വാക്കുകൾകിട്ടാനായി അവന്റെ കണ്ണുകൾ പന്ത്രണ്ടാംനിലയിലെ ആ അപ്പാർട്ട്മെന്റിന്റെ ഓപ്പൺ സ്പേയ്സിൽനിന്ന് അകലെയുള്ള കാഴ്ചകളുടെ ദൂരമളന്നു...
സ്വപ്നം കാണൽ പതിവില്ലാത്ത തന്റെ സ്വപ്നത്തിൽ അവരുണ്ടായിരുന്നു ഇന്നലെയും... ഇടിഞ്ഞുതൂങ്ങാൻതുടങ്ങിയ വലിയ മുലകളും മേദസ്സുമുറ്റിയ തുടകളും താഴേക്കുന്തിയ വയറുമായി അവർ കഴിഞ്ഞരാത്രിയിലെ സ്വപ്നത്തിൽ നിറഞ്ഞുനിന്നു. അതിനാലാണ് രാവിലെ പതിവു ശുഭാശംസയ്ക്കുപകരം " Please do not be afraid if I feel my lips resting on the back of your neck .. I do not intend to kiss. It's just helpless love. എന്ന്
France Kafka യുടെ പ്രശസ്ത വരികൾ അയച്ചത്.. മറുപടിയ്ക്കുപകരം ഉച്ചയ്ക്കാണ് അപ്പാർട്ട്മെന്റിലേക്ക് വിളിച്ചത്.. രണ്ടുവർഷമായി ഈ സൗഹൃദം തുടങ്ങിയിട്ട്.. സത്യസന്ധമായി മുഖപുസ്തകത്തിലൂടെയുള്ള തുറന്നുപറച്ചിലുകൾ കൂടുതൽ അടുപ്പത്തിലാക്കി.. എന്നിട്ടും പത്തുവയസ്സ് കൂടുതലുള്ള സുനന്ദദേവിയിലേക്ക് ആദ്യപ്രണയമാരംഭിച്ചത് എങ്ങനെയാണ്.... അറിയുന്നവർക്ക് ഒരുപക്ഷെ ചിരിക്കാനൊരു കഥ. അതിനപ്പുറം ചിന്തിക്കാനാർക്കാണ് നേരം.
"ഗോപീ...." സുനന്ദ മറുപടിയ്ക്കായാണ് മുഖത്തുനോക്കിയിരിക്കുന്നത്... വിദൂരങ്ങളിൽ നിന്ന് കണ്ണുകളെ മടക്കിയെടുത്ത് സുനന്ദയിലേക്കുനട്ടു.. പതിവു പുഞ്ചിരിയുണ്ട് മുഖത്ത്.. മറുപടിയ്ക്കായി കാക്കുന്നു.
നോക്കൂ ഗോപീ എനിക്ക് അൻപതുകഴിഞ്ഞു.. വിധവയും.. നാട്ടുനടപ്പനുസരിച്ച് നാമജപവും അമ്പലവാസവുമൊക്കെ ഇനി ആരംഭിക്കാം.. ഗോപി ചെറുപ്പമാണ്.. ഇന്നും അവിവാഹിതൻ.. ഈ സൗഹൃദം ഒരു പ്രണയവർണ്ണമണിയാൻ തുടങ്ങിയനാൾമുതൽ ഞാനീചോദ്യം ഗോപിയോട് ചോദിക്കാൻ ശ്രമിക്കയാണ്.
ഗോപിയുടെ പ്രായം, സെക്സ് ആഗ്രഹിക്കാതിരിക്കില്ല.. അതിന് എനിക്ക് എത്രമാത്രം ഗോപിയോട് നീതിപുലർത്താനാകുമെന്ന് അറിയില്ല.. ഒരുപക്ഷെ എനിക്കതിനു കഴിയില്ലതന്നെ..
19 വർഷമായി ഊഷരമാണ് ഞാൻ... ഇനിയും എനിക്കതിനൊന്നുമാകില്ല ഗോപീ.. ആകാൻ കഴിയുമെന്ന് തോന്നുന്നില്ല.
നീണ്ടമൗനം ഇരുവരിലും പടർന്നുപന്തലിച്ച ഒരുവടവൃഷമായി നിലകൊണ്ടു.. അതിന്റെ തണലുകൊണ്ട് ഇരുവരുടെയും ചിന്തകൾ മേഞ്ഞുനടന്നു.
ആര് ഈ മൗനത്തിൽ നിന്ന് ആദ്യമൊരു ഇലപൊഴിക്കുമെന്നറിയാതെ... അകലങ്ങളിലെ അവ്യക്തചിത്രങ്ങളിൽനിന്നും ഇരുവരും ഒരുമിച്ചാണ് കണ്ണുകൾ പിൻവലിച്ചതും പരസ്പരം നോക്കിയതും..
"ഞാനത് ആഗ്രഹിക്കുന്നുവെങ്കിൽ അതു തെറ്റായിപ്പോയി എന്നാണോ...?"
ഗോപീദാസിന്റെ വാക്കുകൾ ഇടമുറിഞ്ഞുപോയി. എന്നാലും അപ്പോഴവന് സുനന്ദയുടെ മുഖത്തുനോക്കി അതുപറയാനായി.
"തീർച്ചയായും തെറ്റല്ല ഗോപീ.. പക്ഷേ എനിക്കതിനായില്ല എങ്കിൽ.. ഒരുപക്ഷെ എന്നിലതിനുള്ള ഒരുക്കങ്ങളായില്ലെങ്കിൽ ഗോപി നിരാശനാകും..."
"മുൻവിധിയാണോ...?" അവന് ഇപ്പോൾ എന്തും എത്രവേണമെങ്കിലും അവരുടെ മുഖത്തുനോക്കി ചോദിക്കാമെന്ന് തോന്നി..
"അല്ല കുട്ടീ... മുൻവിധിയല്ല.. അനുഭവം. ഒരാവേശം അതിന്റെ താപം സമോവറിന്റെ ചൂടുപോലെയാണ് അടിയിലിടുന്ന കനൽക്കട്ടകളിൽ കാറ്റേറ്റുപഴുക്കണം സമോവറിന് ചൂടുനിലനിർത്താൻ.. ആ കാറ്റിന്റെ ശേഷിയവസാനിക്കുമ്പോഴോ. അതാറിത്തണുത്ത്... പിന്നെ കനൽക്കട്ടകൾ ചാരംമൂടിക്കിടക്കും ചൂടുപകരാനാളില്ലാതെ.. പരാജയപ്പെടുന്ന പ്രണയങ്ങളെല്ലാം ഒടുവിൽ കനൽക്കട്ടകളിൽ കാറ്റുപിടിക്കാത്ത സമോവറുകളായി അവശേഷിക്കും.. "
"നോക്കൂ ഞാനതാഗ്രഹിക്കുന്നു നിങ്ങളുടെ പ്രായം നിങ്ങളുടെ ശരീരവടിവുകളിൽ ചമച്ച ഭൂപടരേഖകളറിഞ്ഞുതന്നെ.. നിങ്ങളൊരു വിധവയെന്നും അറിഞ്ഞുതന്നെ.. നിങ്ങൾക്കാവുന്നതേ ഞാനാഗ്രഹിക്കുന്നുള്ളൂ..."
എവിടെനിന്നോ പകർന്നുകിട്ടിയൊരൂർജ്ജത്താൽ അത്രയും പറഞ്ഞുതീർന്നപ്പോഴേക്കും ഗോപീദാസ് കിതയ്ക്കുകയുണ്ടായി.. സുനന്ദ കസേരയിൽനിന്നെണീറ്റ് അവനരികിലണഞ്ഞു.. അവരരികിലെത്തിയതും അറിയാതെ അവനെണീറ്റുപോയി ഒരുനിമിഷം കണ്ണുകൾ ഇടഞ്ഞു അവളുടെ കണ്ണുകളിലെ കാന്തികവലയത്തിൽനിന്ന് വഴുതിയകലാനാകാതെ അവന്റെ കണ്ണുകൾ ഉഴറി..
"ഗോപീ.. നോക്ക്... നീയാഗ്രഹിക്കുന്നുവെങ്കിൽ നമുക്കതാകാം എന്നിലെ കുറവുകൾ ഞാനറിയുമ്പോഴും ഒരു വാക്ക് വെറുതേ... വെറുതേ ഞാൻ ചോദിക്കുന്നു... വെറുതേ..."
അവന്റെ കണ്ണുകളിൽനിന്ന് കണ്ണുമാറ്റാതെ അവർ തുടർന്നു... "ഞാൻ തയ്യാറാണ്.. എന്റെ പുതുമയില്ലാത്ത ശരീരം നീയറിയുന്ന നിമിഷംമുതൽ പിന്നെ നീ എന്നെമാത്രമേ അറിയാവൂ... ഈ കുറവുകളെല്ലാം മതിവരണം നിനക്ക്.. നീയൊരു വിവാഹിതനാകുംവരെ മറ്റൊന്നിനായി നീ ശ്രമിക്കരുത്... അതൊരു പിടിവാശിയല്ല ഒരു വെറും പെണ്ണിന്റെ ആശയാണ്...."
ഇപ്പോൾ കിതയ്ക്കുന്നത് അവരാണ് ഇടയിലെപ്പോഴോ അവരവന്റെ കൈ കവർന്നിരിക്കുന്നു... അതിൽ മുറുകെ പിടിച്ചിരിക്കുന്നു...
ശരിയാണ് അവരിപ്പോൾ ഒരു പ്രൗഡാംഗനയല്ല.. പെണ്ണാണ്.. വെണ്ണക്കനംമാത്രമുള്ള വെറുമൊരു പെണ്ണ്... അലിയാൻ തുളുമ്പി നിൽക്കുന്നപെണ്ണ്.
ഒരാലിംഗനം ആശ്ലേഷം.. ഒരു മധുരചുംബനം അവരാഗ്രഹിച്ചുണ്ടാകും തീർച്ച... കഴിഞ്ഞില്ല.. കഴിയില്ല അപ്പോഴവന്റെ മനസ്സ് ഭൂഖണ്ഡാന്തരങ്ങൾ താണ്ടുകയായിരുന്നു... നാഭിച്ചുഴിയിൽ അകിൽ ഗന്ധമൂറുന്ന അറബിപ്പെൺകൊടിമുതൽ മാറിൽ ഹിമാലയങ്ങൾ പേറുന്ന കാപ്പിരിവരെയുള്ള പെണ്ണുടലിന്റെ ചൂടും ചൂരുമറിഞ്ഞവൻ, ഗ്രൗണ്ട് ഫ്ലോറിലേക്കൊഴുകുന്ന ലിഫ്ടിലെ ഫാൻമുരൾച്ചയിലും നന്നായി വിയർത്തിരുന്നു...
അയാളന്ന് അറിയാതറിഞ്ഞതൊരു പുതിയ പെണ്ണിനെ... അവളുടെ ഉയർന്നുതാഴുന്ന മാറിടത്തിനുള്ളിലെ വിസ്മയിപ്പിക്കുന്ന ഹൃദയത്തെ ആദ്യമായറിയാതറിഞ്ഞു.. ഒരിക്കലും പൊട്ടിത്തെറിക്കാതെ സ്ഫോടകശേഷിയടക്കി തപംചെയ്യുന്ന അഗ്നിപർവ്വതംപോലൊരു ഹൃദയത്തെ... ശീതീകരണികൾ ഉച്ചത്തിലാക്കി കാർ ഡ്രൈവുചെയ്യുമ്പോഴും ചുട്ടുപൊള്ളുകയായിരുന്നയാൾ.
Sree
20th April 2021
Comments
സ്നേഹാശംസകൾ ജീ..