Posts

Showing posts from January, 2022

വൃക്ഷപ്രാപ്തി

Image
"കാഴ്ചക്കാരനായിരിക്കാൻ നല്ല സുഖമാണല്ലേ..... ?" പിന്നിൽ നിന്നാണ് ചോദ്യം ഒന്നുഞെട്ടിപ്പോയി ശിഖരത്തിലെ പിടിവിട്ട് മുക്കുകുത്തി താഴെവീണു.. ഒന്നും പറ്റിയില്ല ഭാഗ്യം...  "ഒന്നും പറ്റില്ല... ദേഹമില്ലാത്ത ദേഹിക്ക് പിന്നെന്തുപറ്റാൻ..." മനസ്സുവായിച്ചപോലെ പിന്നെയും ശബ്ദം.. ആരാണ്...? ചുറ്റുപാടും നോക്കി.. ആരുമില്ല... പതിയെ വീണ്ടും മരത്തിലേക്കുതന്നെ വലിഞ്ഞുകയറി...  "പതിയെ,.... അവിടുള്ള ചോനനുറുമ്പുകളെ ഞെരിക്കരുതേ.. അവരുടേതുകൂടിയാണിവിടം"  വീണ്ടുമാശബ്ദം..  ആരാണ്...?  "ഞാനാണിത്.. നീ കയറിയിരിക്കുന്ന വൃക്ഷം... എന്റെ തായ്ത്തടിയിലേക്ക് ചെവിചേർക്ക്... "  സംഭ്രമത്തോടെ അനുസരിച്ചു... ഒരിരമ്പലുണ്ട്... കടലിന്റെ ഇരമ്പൽ കാറ്റിന്റെ ഹുങ്കാരം.. പുഴയുടെ കളകളാരവം.. ജീവജാലങ്ങളുടെ ശബ്ദം.. തമോഗർത്തങ്ങളുടെ ചൂളംവിളികൾ.. പ്രപഞ്ചത്തിന്റെ ശബ്ദം... ഇന്നോളമറിയാത്ത ഏതൊക്കെയോ ശബ്ദങ്ങൾ....!!!.  "നീ കേൾക്കുന്നതെല്ലാം എന്റെ ശബ്ദമാണ് അവയുടെ ആദിയും അന്ത്യവും എന്നിലാണ്... " എല്ലാ ശബ്ദങ്ങൾക്കും മുകളിൽ മരത്തിന്റെ ശബ്ദം, വീണ്ടും മധുരമായി....  മരത്തിന്റെ ശബ്ദം...!!!. അതുഞാനിതുവരെ...? "

പിരിയുമ്പോൾ

Image
.. പിരിയേണ്ടവർ തന്നെയാണ് നാം   പുതുമ തീരുന്നദിനം വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷപോലുമില്ലാതെ പിരിഞ്ഞുപോകണം, ആരിൽനിന്നാകിലും.. വരാനിരിക്കുന്നത് വസന്തങ്ങളായിരിക്കാം എന്നിരുന്നാലും  പിരിയേണ്ടവരാണ് നാം  പരാതികൾ പകുത്തെടുത്ത് പരിഭവങ്ങളെ വകഞ്ഞുമാറ്റി  പടികടന്നുപോകണം പരസ്പരം... പിരിഞ്ഞകലുമ്പോൾ മേഘവാതിലിനപ്പുറം സൂര്യതേജസ്സുകളുണ്ടെങ്കിൽ, ഞാനൊരു ചോദ്യം കൊണ്ടുപോകുന്നുണ്ട്.. ഭൂമിയിലാദ്യവസാനം മനുഷ്യനായി മാത്രം, ജീവിതമവതരിപ്പിച്ചവരുണ്ടാകുമോ. ? ..ശ്രീ..

ദോശേമ്മായി

Image
(കഥകളദിസാദരത്തിൽ പ്രസിദ്ധീകരിച്ച രചന..) ദോശേമ്മായി ..        പ്രീമിയർ പത്മിനിയുടെ പിൻവാതിൽ തുറന്നു പുറത്തേക്കിറങ്ങിയപ്പോഴാണ് തെക്കൻകാറ്റ് മലക്കംമറിഞ്ഞെത്തിയത്... കാറ്റിന്റെ ചങ്കിലൊരുമണം..? തീക്കനൽചുട്ട ഇരുമ്പു പാളത്തിൽ നല്ലെണ്ണ വെന്ത, അരിമാവും ഉഴുന്നുമാവും, പച്ചവെള്ളവും വെന്തമണം... !. മുഖത്തുരസി കടന്നുപോകാൻശ്രമിച്ച തെക്കൻ കാറ്റിന്റെ വാലിൽപിടിച്ചു നിർത്തി വീണ്ടും മണപ്പിച്ചു.. അപ്പോൾ നിങ്ങളറിഞ്ഞില്ലേ...? കാറ്റ് മൂക്കത്ത് വിരൽ വച്ച് ചോദിച്ചു... "ദോശേമ്മായി മരിച്ചു... ദോശേമ്മായി മരിച്ചു..." കാറ്റിന്റെ ചിലമ്പൽ പ്രതിധ്വനികളോടെ നേർത്തുനേർത്തുപോയി... കേശ്വാ... പാറത്തൊടിയിലേക്ക് വിട്.. ദോശേമ്മായി മരിച്ചുപോയി... പറഞ്ഞുകൊണ്ട് വർക്കിമുതലാളി പ്രീമിയർപത്മിനിയിലേക്ക് വീണ്ടും കയറി..        തെക്കൻകാറ്റിന്റെ ചങ്കിലെമണം എന്നിട്ടും വറ്റിയില്ല.. പാടവരമ്പിനോരത്തെ കൊന്നത്തെങ്ങിലേറിയ ചെത്തുകാരൻ മരുതിന്റെ പുറകേയതു വലിഞ്ഞുകേറി... "മരുതേ... നിക്ക് നെനക്കറിയില്ലേ യീ മണം... " മരുതു മൂക്കുതുറന്നുമണത്തു കാറ്റിനെ,.. "കാറ്റിന്റെ ചങ്കിലൊരുമണം..? തീക്കനൽചുട്ട ഇരുമ്പു പാളത്തിൽ നല്ലെണ്ണ വെന്ത, അരി

മണിയറയിലെ മുല്ലപ്പൂക്കൾ

Image
. അവരുടെ സംഗമത്തിമിർപ്പിൽ ചതഞ്ഞരയുംമുമ്പേ അവ മരണപ്പെട്ടിരുന്നു... ഇരുവരും പറഞ്ഞ നുണകൾകേട്ടുചിരിച്ച് ശ്വാസംമുട്ടിയുള്ളമരണം.. അടിച്ചുതളിക്കാരിയുടെ പോസ്റ്റുമോർട്ടം സാക്ഷ്യം.

നിറവിന്റെ 100 കവിതകൾ എന്ന സമാഹാരത്തിലെ എന്റെ കവിത

Image
പിരിയുവാൻ വെമ്പുന്നവളൊടൊരു വാക്ക് ----------------------------- ഇനി നമുക്കങ്ങ് പിരിയേണമെന്നുള്ളിൽ അരുമ, പ്രണയിനി കവിത, മൊഴിയുന്നു. മതിമതി നിന്റെ ഭാവനാലോകത്ത് അതിവിശാലമെനിക്കായ് തുറന്നൊരു മണികവാടമടച്ചുകൊള്ളെന്നവൾ പ്രിയദമോടെ പറഞ്ഞകന്നീടുന്നു. ദുരിതപർവ്വങ്ങളേറിയനാളിലും കൊടിയ'കലി'യേറ്റ നളനായ് ഭവിക്കിലും ഞൊടിയിടെ വന്നുപോയസന്തോഷത്തിൻ ചെറുസ്ഫുരണങ്ങളിൽ പോലുമെന്നുമേ അരികിലുണ്ടായിരുന്നെന്റെ വാക്കിലും അരുമനോക്കിലും പൂത്തുലഞ്ഞന്നുനീ.. വലതുവിരലുമായ് തൂലികാഗ്രങ്ങളാൽ പലവുരുനമ്മൾ സംഭോഗമെത്രനാൾ, അതിലൊരായിരം സർഗ്ഗചേതനയുടെ മകുടമാമെത്രമക്കൾ പിറന്നതും ഒരുവരിക്കെത്രയാശിച്ച കാലങ്ങൾ അരികിൽ നീയോടിയെത്തിയണച്ചതും ഇടവമാസപ്പെരുമഴപോലെന്നിൽ അരുമവിത്തുകളെത്ര ജനിച്ചതും അറിയുമമലേനീയെന്തിത്രവേഗമായ് അകലുവാൻ വെമ്പിനില്പതു നിർണ്ണയം കവിതഭാവനാശൂന്യനായോ ഞാനും കപികുലത്തിലേക്കാണ്ടുപോയീടിലോ.. ചിലവരികൾ പിഴച്ചിടാമെന്നാലും ചിലതു ചാപിള്ളയായ് തന്നെയായിടാം ഇടയിലിടവേളയില്ലാതെ പൊഴിയുന്ന മകരമഞ്ഞാകുവാനാവതില്ലാതെ കുറുഞരക്കങ്ങൾ മാത്രമായ് തോന്നിടാം.. അറിയു വരദേ, നീയെൻ വിരൽവരുതിവിട്ടാലു- മൊഴിയുകില്ലയെൻ ഹൃദയതന്തുക്കളിൽ ചെറുനനവായ് പടർന