Posts

Showing posts from December, 2021

മധുരനെല്ലിക്കകൾ

Image
നോക്കു വാചാലമായ പ്രായം.. വാക്കു വാസനിക്കുന്ന കാലം. നോക്കു വാക്കിനു പകരമായായിരം വാക്യമാല്യം പകർന്നജാലം. മൊട്ടുടൽ തൊട്ടുനോക്കാതെ നോക്കുകിൽ, പൊട്ടിയങ്ങുവിരിയുന്ന പ്രായം. ഒട്ടൊരാലസ്യഭാവം നിറയുന്ന മുഗ്ദലാവണ്യ ദാവണിക്കാലം. ഞെട്ടടർന്നങ്ങു വീണുപോം പ്രായം.... അറ്റമല്പം കടിച്ചോമനിക്കും നിൻ കൊച്ചുദാവണിയാകുവാൻ മോഹം.. കൂർത്തനിൻമിഴിത്തുമ്പുകളെയ്യുന്ന നേർത്ത തേനമ്പു കൊള്ളുവാൻ മോഹം. നാട്ടുമാൻചുനപ്പാടുമറയ്ക്കുവാൻ, പുസ്തകങ്ങളടക്കുമിടനെഞ്ചിൽ ചേർത്തുവച്ചിടാമെന്നയുമോർത്തു ഞാൻ, രാത്രിയേറെ പുളകിതനായതും, രാത്രിമഞ്ഞേറ്റുറങ്ങാതിരുന്നതും.. നാട്ടുമന്ദാര മൊട്ടുവിരിയുന്ന നേർത്തസന്ധ്യയിലീറനായ് നീയുമാ- നാട്ടിടവഴിയോരത്തുനിൽക്കുമീ  നിസ്വനായൊരു ദർശനം തന്നതും.. പാലൊളിതൂകി നിൽക്കുന്ന പൗർണ്ണമി പോലെനീനിന്നു മെല്ലെച്ചിരിച്ചതും... പാർവ്വണേന്ദുവോ നാണിച്ചുനിന്നതും... പാതിരാപ്പൂക്കളാകെ വിടർന്നതും... ആർദ്രമോമനേ നാം നട്ടരോർമ്മതൻ നേർത്തമുന്തിരിവള്ളികളിൽ വന്ന് ചേർക്കുമോർമ്മക്കുരുപ്പുനുണയവേ ആദ്യമല്പം വിഷാദം ചവർക്കിലും ഏറ്റവും സുഖം, മധുരം, സ്മരണകൾ..... കാട്ടുനെല്ലിക്കപോൽ കാത്തിടുന്നുഞാൻ. Sree. 19.9.21.

മൂന്നുഖണ്ഡികയിലെ കഥ

Image
ഖണ്ഡിക-1. (അതായത് കഥ) ഒരിടത്തൊരു കുഞ്ഞുപൂച്ചയുണ്ടായിരുന്നു.. ഏകാന്തത തീരെ മടുത്തപ്പോളത് ചിങ്ങേലിക്കാട്ടിലേക്ക് വണ്ടിയോടിച്ചുപോയി... അവിടെ വച്ചാണ് ഒരു സന്ധ്യയ്ക്ക്... പ്രശസ്തമായ ആ കടൽത്തീരത്തുവച്ചാണ് ഒരു സുന്ദരികാക്കയെ കണ്ടുമുട്ടുന്നത്.. സമാനചിന്താഗതിക്കാരുടെ സമാഗമം താമസിയാതെ വിവാഹത്തിലേക്കെത്തിച്ചു... കാലചക്രത്തിന്റെ ഒഴുക്കിനനുസരിച്ച് അവർക്ക് രണ്ടു കൺമണികൾ പിറന്നു... പൂച്ചമുഖവും വാലും കാക്കച്ചിറകുമായി പിറന്ന അവർ കാഴ്ചയ്ക്ക് സുന്ദരമായിരുന്നു. എന്നാൽ ആ സമൂഹം അവരെ കല്ലെറിഞ്ഞു. അവർ അവിടം വിട്ട് പലയിടത്തും പോയി പക്ഷെ ഏകസ്വത്വമില്ലാത്ത അവർക്ക് ഒരിടത്തും ജീവിക്കാനായില്ല. ഒടുവിൽ അവർ ഈ ഭൂമിയെ ശപിച്ച് ആത്മഹത്യചെയ്തു.... ശുഭം. ഖണ്ഡിക-2. (അഥവാ കമന്റുകൾ)  എന്തുവാടെ കഥ ഇങ്ങനെയാണോ കഥ നീയെന്താ കുട്ടികൾക്ക് കഥയെഴുതിയതാണോ... പിള്ളാരു കാണണ്ടാ നിന്റെ തലയടിച്ചു പൊളിക്കും...🥶🥶 ഇതെന്താ ഒരു ലോജിക്കുമില്ലാത്ത കഥ...🤣🤣 ഇങ്ങനാണോ കഥയെഴുതുന്നത്.... തുടരൂ മാഷേ.❤.  അനിതരസാധാരണമായ കുഞ്ഞുകഥ...🙂🙂 കഥയോട് ഇഷ്ടംകൂടി കഥാകാരനോടായിപ്പോകുന്നു....❤❤❤ ഇതാണ് കഥ ഇങ്ങനെവേണം കഥ....😢 "ഇതെന്തു ....... ഡാഷേ... വായനക്കാരനെ