മൂവന്തിക്കനവ്
കവിതകൾ. com എന്ന സമാഹാരത്തിൽ പ്രസിദ്ധീകരിച്ചത്
അന്തിക്കുദൂരെയാമൺവീടു പൂകുന്ന
പെൺകൊടിതൻകവിൾകുങ്കമം വീണപോൽ,
ചെമ്മാനചെപ്പിലെ സിന്ദൂരമല്പമീ
മൺപാതയിൽ ചാഞ്ഞുവീണുകിടപ്പിതാ...
മോന്തിക്കു* മോന്തുവാൻ വാപൂട്ടിവച്ചൊരാ
അന്തിക്കടുപ്പൻ കുടംകള്ളു പോലുള്ള
വെൺനുരതള്ളിക്കളിക്കുന്നകാറ്റൊരു
വൻതിരയെ ഗാഢമാഞ്ഞുപുണരുന്നു.
സുന്ദരഗാത്രയെൻ കാമിനിചാരത്ത്
വെൺമണൽചിത്രം വരച്ചിരിക്കുമ്പൊഴു-
മെന്തിനോ ദാഹാർത്തയായാമിഴിമുന
യെൻമനതാരിലേക്കമ്പുകളെയ്യുന്നു.
കാതരമായൊരുകാറ്റെന്റെകാതിലേ-
ക്കീണവുമായോടിയെത്തുന്നു പിന്നെയും
കാറ്റൂതിമായ്ക്കുന്നുവാനിലെ റാന്തലും
കാഴ്ചമറയ്ക്കുന്നു രാവിന്റെ കമ്പളം.
നേർത്തൊരിരമ്പലായ് കടലലയകലുന്നു
നേർത്തയിരുളിലാവാർമുഖംമുത്തുവാ-
നാർത്തനായ് ഞാനങ്ങണയുന്നനേരമെൻ
ആർദ്രമാം പൊൻകിനാവെന്നെപ്പിരിയുന്നു..
ഇല്ലചെന്മാനമിന്നില്ലചെംസൂര്യനുമില്ല
തൃസന്ധ്യയുമില്ലതിരകളും
ഉച്ചവെയിൽകാറ്റുരയ്ക്കുന്നുമാനസം
ഉച്ചിതടവിയെരിയുന്നെൻ ജീവിതം.
#ശ്രീ
മോന്തിക്കു-മൂവന്തിക്ക്.
Comments