Poem MALAYALAM

മറന്നുപോയവ
```````````````````````
കണ്ടുവോ നിങ്ങൾ രാജമല്ലിപ്പൂക്കൾ
ചെണ്ടുലച്ചു വിരിച്ച പൂവീഥികൾ,
രണ്ടിണപ്പൂക്കൾ പോലെന്റെ ബാല്യവും
കൗതുകവും പദംവച്ച പാതകൾ.

കേട്ടുവോ നിങ്ങൾ ശാരികപൈതലിൻ
പാട്ടിനൊപ്പമെൻ കുഞ്ഞിളംചുണ്ടുകൾ,
പേർത്തുചൊല്ലിയ പാട്ടുകൾ പാടല,
ചേലുണർത്തിയ നാടിന്റെ ശീലുകൾ.

തൊട്ടുണർത്തിയോ നിങ്ങളെൻ മാനസം
ഞെട്ടടർത്തിയോരാ-
മ്പലാൽ ലോലമായ്
ചേർത്തൊരാകുലഭാവമെൻ കണ്ണിലെ
നെയ്ത്തിരിക്കതിർ കണ്ടതോർക്കുന്നുവോ.

ഓർക്കുമോ നിങ്ങളോർമ്മകൾ പൂക്കുന്ന
നാട്ടുമാമ്പൂമണവും ചെറുമഴച്ചാറ്റിൽ -
മണ്ണിൻ സുഗന്ധവും മേളമായ് ,
ചേർത്തുനൽകിയ പുത്തൻ നറുമണം.

ഓർമ്മകൾ കൂട്ടിവച്ചവരാണെങ്കിലോർ-
ത്തെടുക്കുവാനാവതുമുണ്ടെങ്കിൽ
ചൊല്ലുകെന്നോടെനിക്കെന്റെ ബാല്യവും
കുഞ്ഞുമോഹവും പോയതന്നെങ്ങിനെ..?
        ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്