പാർത്ഥവിലാപങ്ങൾ- Poem Malayalam

#പാർത്ഥവിലാപങ്ങൾ

ഉഗ്രാസ്ത്രങ്ങളൊഴിയാൻ 
പെരുവിരലാലെന്റെ രഥചക്രങ്ങളെ
മണ്ണിലാഴ്ത്തുവതെന്തിനോ.? 
വീരസ്വർഗ്ഗമന്യമാക്കാനോ..

ചവിട്ടിപ്പൂഴ്ത്തിയ രഥമിനി
വീണ്ടെടുപ്പുവതാര്.? 
ധർമ്മാധർമ്മങ്ങളെ, 
കാലം വേർതിരിക്കട്ടെ
ഉള്ളു പൊളളുന്ന പൊള്ളയായ 
ഉപദേശങ്ങൾ വേണ്ടെനിക്ക്..
എന്റെ മനസ്സാക്ഷി തിരിച്ചുതരുക..
കുതന്ത്രങ്ങളിലൂടെന്തുനേടുവാൻ .
അരക്കില്ലങ്ങൾ മാത്രമോ..

നൂറ്റൊന്ന് കബന്ധങ്ങളാകിലും,
സൂതശിരസ്സൊന്നുമാത്രമാകിലും
കേഴുവതമ്മമാനസംമാത്രം
താതതാപങ്ങളിലുലയുന്നു
സ്വാർത്ഥസിംഹാസനങ്ങൾ.

അരക്കില്ലങ്ങളിലെ
മരക്കറ വെന്ത മണം മറക്കാം
ഹസ്തിനത്തിൽ പ്രതിധ്വനികളെ 
ചെകിടുപൊത്തിയൊഴിയാം
എന്റെയാവനാഴിയൊഴിയട്ടെ
ഗാണ്ഡീവഞാണഴിയട്ടെ
തേർതിരിച്ചുവിടുക..

മണ്ണിനും പെണ്ണിനുമായെന്തിന് 
തേർചക്രങ്ങളെ രുധിരമൂട്ടണം
വാളുറയിലിടിനനുവദിക്കുക
വീരസ്വർഗ്ഗം പ്രാപ്തമാകട്ടെ.
                              #ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്