Poem Malayalam
#മൽസഖിക്കൊരീണം
ഒരുദിനംപോലും പിരിയാതെ, നമ്മിലൂ-
ടൊരുപാട് വർഷം കടന്നുപോയീ..
ഋതുഭേദമെത്ര പരസ്പരം ഭൂമിയിൽ
ഇടവേള തെറ്റിച്ചണഞ്ഞെങ്കിലും,
പരിഭവം കോർത്തും പലനന്മ ചേർത്തുമീ
പകലുകളിരവുകൾ പോയിടുമ്പോൾ,
പ്രിയമേ നിനക്കായിമാത്രമിന്നേകുന്നെൻ അകമേ നിറയുന്ന പ്രിയജീവിതം..
പകലുകൾ ശാന്തമായെങ്കിലീയിരവുകൾ
നറുനിലാപ്പാലൊളി തൂകിയെങ്കിൽ, എന്ന്,
ദിനമെത്രനേരം നിനച്ചു നീയോർക്കുക,
ഇഹലോകജീവിതമിത്രയത്രേ..
നിമിഷാന്തരങ്ങളിലീശ്വരൻ ദു:ഖവും
സുഖവും പകരുന്നു രാപകൽപോൽ.
പതറേണ്ടതില്ലയീ ഗ്രീഷ്മം കഴിഞ്ഞങ്ങ്
സുഖദമാമൊരു സന്ധ്യ വന്നുചേരും.
ഒരുതുഴയേന്തിയ ദിനമോർക്ക മൽസഖീ..
'അരുമയെ' നീ തന്ന ദിനമോർക്കുക..
നറുനിലാപുഞ്ചിരി തൂകിയാ ചെറുസൂന-
മരുമയായ് മേവുന്ന രസമോർക്ക നീ..
ചെറുജീവവാടിയിൽ പ്രിയനവനീശ്വരൻ
പ്രിയമായി പകരുന്ന സുഖമേർക്ക നാം
ചെറുതാകുമെങ്കിലും അവയെന്നുമീശ്വരൻ
അരുമയായ് തന്നതാണെന്നോർക്കണം
നീർമണി തുടയ്ക്കുകക്കണ്ണിലെന്നുമൊ-
രരുമക്കിനാവു കൊളുത്തീടുക...
പുലരട്ടതിൻപ്രഭ എന്നെന്നുമീ വീട്ടിലുണരട്ടെ-
നന്മതൻ പൊൻപ്രഭാതം.
#ശ്രീ..
Comments