poem Malayalam
#ഏകരാഗം
ഇളവെയിലകലാ-
നിടനേരമുളളപ്പോൾ
ചെറുജാലകം നീ
തുറന്നതെന്തേ..
തന്ത്രിതകർന്നങ്ങു-
പേക്ഷിച്ചൊരെൻ,
തേങ്ങലന്തപ്പുരങ്ങളി-
ലെത്തിയെന്നോ..?
നിറകതിരുണരാൻ
ദിനകരനണയാൻ
ഒരുകാതമകല-
മുണ്ടായനേരം
ചെറുകിളിയൊച്ചയിൽ
ചെവിയോർത്തു പകലിന്റെ,
വരവറിയാൻ മനം
കാത്തിരിക്കേ,..
ഇരുളുവെളുക്കെ
ചിരിച്ചു കിനാവിന്റെ
ചെറുമഞ്ചലേറിനീ
വന്നതെന്തേ..?
പകലിൽ പൊഴിയുന്ന
ചെറുസൂനമെൻവ്യഥ
കനവിൽ തഴുകി
യകറ്റിടാനോ..?
പകലുപോൽ പ്രിയമല്ല
യിരുളിന്റെ മകളാണ്
കരളിൽ കുരുത്തിടു-
മെൻ കിനാക്കൾ..
ഒരുരാവുമാത്ര
മായായുസ്സുതീരുന്ന
ചെറുജീവനാണവ
പാഴ്ക്കിനാക്കൾ..
ഏകരാഗത്തിൽ ഞാൻ
പാടുന്നപശ്രുതി
ഈണം മെരുങ്ങാത
രോചകമായ്..
അരികു നീ ചേരേണ്ട,
അരുമയായ് മാറേണ്ട,
വെറുതേ നിറയ്ക്കേണ്ട-
നിൻ മിഴികൾ..
....#sreekumarsree
Comments