Posts

Showing posts from May, 2015

Short story - Vyayamam

വ്യായാമം °°°°°°°°°°°°°°°           മെഡിസിന്‍  സ്റ്റാർട്ട് ചെയ്യേണ്ടതില്ല.. വ്യായാമം  അതുതന്നെയാണുത്തമം രാവിലെ ഒരു മണിക്കൂര്‍ നേരം ഓടിനോക്കൂ.. ആഫ്റ്റര്‍  ടൂ വീക്ക്.. ദെൻ റിപ്പീറ്റ്  ടെസ്റ്റ്.. എന്നിട്ടാലോചിക്കാം മെഡിസിന്‍.. ഓക്കേ..           ആവശ്യത്തിനും അനാവശ്യത്തിനും മരുന്നു  കുറക്കാന്‍  മടിക്കുന്ന  കുടുംബ ഡോക്ടര്‍  പറഞ്ഞതുകൊണ്ട് മാത്രമല്ല  കുറച്ചു  കാലമായി  കരുതുന്നു  വ്യായാമം  ചെയ്യണമെന്ന്. സർക്കാർ ജോലിയുടെ പാർശ്വഫലങ്ങളാണീ കൊളസ്ട്രോളും ഷുഗറുമെന്നറിയാം. എന്നാലും  പുലർച്ചെ  മൂടിപ്പുതച്ചു  കിടക്കും. അവളെണീറ്റ് ചൂടുചായ ബെഡ്  റൂമിലെത്തിക്കുംവരെ.  പിന്നെ  പത്രപാരായണം കഴിയുമ്പോഴേക്കും മകളെ തട്ടിയിളക്കണം ഒൻപതുമണിക്ക് സ്കൂളില്‍  എത്തിക്കാൻ. അതിനിടയിൽ  ഗണപതിക്കല്ല്യാണം പോലായി രാവിലത്തെ  നടത്തം. ഇനി മാറ്റമില്ല ..  തുടരുക  തന്നെ ചെയ്യും  .. നാളെ അല്പം കൂടി  നേരത്തേ തന്നെ  ഇറങ്ങിയേക്കാം..          കിതപ്പ്  കൂടുതലുണ്ട്.. ഡോക്ടര്‍  പറഞ്ഞപോലെ കൊളസ്ട്രോൾ പ്രതികരിക്കുകയാവും... അവളെയും   നടക്കാന്‍ കൂട്ടണം.. നാളെ മുതൽ..  വാതിലിനു മുന്നില്‍ രാജപ്പന്‍ നായര്‍  യഥാവിധി  വാത്സല്യപൂർവ്വം നിക്ഷേപിച്ച പത്

Poem - mazhayormakal

മഴയോർമ്മകൾ. °°°°°°°°°°°°°°°°°°°°° ചേമ്പിലയിൽ മാനത്തുകണ്ണികൾ പരക്കം പായാനിടം തേടിയതാണെന്റെ മഴയോർമ്മ. സൈക്കിള്‍ ടയർകൊണ്ട് വയൽ വരമ്പുകളിലൂടെ മഴയ്ക്കൊപ്പമൊരു മാരത്തൺ, ചേട്ടനെപ്പറ്റിയതാണെന്റെയോർമ്മ. മഴതീർത്ത നിമിഷകുമിളകൾ പൊട്ടുന്നത് തന്നെയാണ് കുഞ്ഞനുജത്തിയുടെ കണ്ണിലെ മഴ. ജാലകത്തിനിപ്പുറം മഴയ്ക്കൊപ്പമൊരു മൂളിപ്പാട്ട്, ചേച്ചിയുടെ മഴക്കാഴ്ചകൾ. വലത് കാൽമുട്ടുകൾ തടവിത്തടവി കാജാബീഡിപ്പുകയിൽ അലസം ചിത്രരചന നടത്തുന്നു അച്ഛന്‍. കാക്കിട്രൗസ്സറിന്റെ ഈറൻ  നോക്കി ആകാശത്തിലെ  ഇനിയും പെയ്യാത്ത കരിമേഘങ്ങളെ നോക്കി അമ്മ, അമ്മ മാത്രം നെടുവീർപ്പിട്ടുകൊണ്ടിരിക്കുന്നുണ്ട് വടക്കിനിപ്പടിയിലിപ്പൊഴും. Sreekumarsree . 10/5/2015

Poem- Ekakinee

ഏകാകിനീ നീ °°°°°°°°°°°°°°°°°°° തിരയെത്ര തീരം പുണർന്നു കടന്നുപോയ് തിരയേണ്ട നീയിനിയോമലാളെ, കരളിന്റെ  പാതിയായ് കനവിലും കാത്തവൻ കഥപോലെ നിന്നേ പിരിഞ്ഞുപോയി. പൂക്കളില്ലാത്ത വനം പോലെ നിന്നുടൽ കാത്തുസൂക്ഷിച്ചൊരാ- യൗവ്വനം തീർന്നുപോയ്. കാമിനീ നീ കാത്തുവച്ച കിനാക്കളിൽ നീലിച്ച വർണ്ണം നിറച്ചതാരോ?. നീവരച്ചോമനിച്ചാശിച്ച ചിത്രങ്ങ- ളാരാണ് കീറിപ്പറിച്ചെറിഞ്ഞു. നീയേറ്റുപാടിയ പൂങ്കുയിലെങ്ങുപോയ് നീവച്ചൊരന്തിവിളക്കണഞ്ഞോ. നീല മിഴികളാൽ നീയോമനിച്ചൊരാ മാതള സൂനങ്ങളെങ്ങുപോയീ.. ഒരുവേള  നിന്നെപ്പിരിയില്ല ഞാനെന്ന് മൃദു മൊഴി പാടി കവർന്നു, നിന്നെ- പ്പിന്നെ കനവിൽ മറഞ്ഞവൻ- കൊണ്ടു പോയോ നിന്റെ കളിയും  ചിരിയുമെൻ കൂട്ടുകാരീ. ചൂടിമുഷിഞ്ഞ കുസുമങ്ങളാരിനി വാസനതൈലത്തിനായെടുക്കും. വാടിക്കരിഞ്ഞ നിൻ ജീവിത വാടിയി- ലേതു മധുപൻ വിരുന്നിനെത്തും..       SreekumarSree28/04/2015