ഒരു നദി ഉത്ഭവിക്കുന്നതു കണ്ടിട്ടില്ലേ... ഒരു മലഞ്ചെരുവിലെങ്ങാണ്ട് നിന്ന് തുള്ളികളായാരംഭിച്ച്... പതിയെപ്പതിയെ ഒഴുകി.. പരിസരങ്ങളിൽനിന്നും ജലാംശങ്ങളെ ആവാഹിച്ചുൾക്കൊണ്ട് പതിയെ ഗതിവേഗംപൂണ്ടങ്ങനെ ഒരരുവിയായി... പിന്നെ മറ്റരുവികളെച്ചേർത്തണച്ചൊരു പുഴയായി ഒടുവിൽ വളർച്ചയുടെ ഉത്തുംഗത്തിലെത്തി മഹാസമുദ്രമെന്ന നിത്യത പ്രാപിക്കുന്നു... അതുപോലെയാണ് മനുഷ്യനും. ജനനംമുതൽ ഒടുക്കം വരെ മനുഷ്യജീവിതം ഒരു നദിയുടെ ജീവക്രമവുമായി ഉപമിക്കാം. കുഞ്ഞുങ്ങൾ ജലത്തുള്ളികളാണ് അവയുടെ ഒത്തുചേരലും വികാസവും നദിയുടേതെന്നപോലെ പ്രകൃതിനിയമാനുസരണമാണ്. എന്നാൽ ഒരു നദിയുടെ ഗതിയെ തടയണകളാൽ നിയന്ത്രിക്കയോ പരിവർത്തനത്തിന് ശ്രമിക്കയോ ചെയ്യുമ്പോൾ അവ സ്വാഭാവിക സ്വാതന്ത്ര്യ വികാസത്തിലെത്തിലെത്തിച്ചേരുന്നില്ല. മാത്രമല്ല അവ ഒഴുക്ക് നിലച്ചൊരു മലിനജലാശയമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. അതുപോലെയാണ് നാം കുഞ്ഞുങ്ങളിലേൽപിക്കുന്ന നിയന്ത്രണങ്ങളും. അതുപാടില്ല, ഇതുപാടില്ല, അങ്ങനെ സംസാരിക്കരുത്, അവരോട് കൂടരുത്, ഇങ്ങനെ ഇങ്ങനെ നാം നമ്മുടെ കുട്ടികളോട് പ്രതിദിനം പത്തിരുപത് പ്രാവശ്യമെങ്കിലും നിയന്ത്രണത്തിന്റെ വാക്ശരങ്ങൾ തൊടുക്കുന്നു. കാരണം നമ്മൾ അറിഞ്ഞോ അറിയ